Connect with us

Kerala

വംശനാഷ ഭീഷണി; നാട്ടാനകള്‍ 'നാടുനീങ്ങുന്നു'

Published

|

Last Updated

തൃശൂര്‍: പൂരപ്പറമ്പുകളിലും സര്‍ക്കസുകളിലും ആനകള്‍ ഇല്ലാതാകുന്ന കാലം വരുന്നു. സംസ്ഥാനത്ത് നാട്ടാനകള്‍ വംശനാഷ ഭീഷണിയിലേക്ക് നീങ്ങുകയാണ്. 2035 ഓടുകൂടി കേരളത്തില്‍ നാട്ടാനകള്‍ പരിമിതമാകുമെന്നാണ് ആന ഉടമസ്ഥര്‍ പറയുന്നത്. ഗര്‍ഭധാരണം സങ്കീര്‍ണമായ പ്രക്രിയയിലൂടെയായതിനാല്‍ നാട്ടാനകള്‍ പ്രസവിക്കുന്നത് അത്യപൂര്‍വമാണ്. ഇതും നിലവിലുള്ള നാട്ടാനകള്‍ അസുഖം മൂലം ചരിയുന്നത് വര്‍ധിച്ചതുമാണ് ഇവയെ വംശനാശത്തിലേക്ക് നയിക്കുന്നത്.
2009ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 704 നാട്ടാനകളാണുള്ളത്. ഇതില്‍ 583 എണ്ണം കൊമ്പനാനകളും 121 എണ്ണം പിടിയാനകളുമാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 110 നാട്ടാനകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചരിഞ്ഞത്. ഈ കണക്ക് കൂടി പരിഗണിച്ചാല്‍ അവശേഷിക്കുന്ന നാട്ടാനകളുടെ എണ്ണം 600ല്‍ താഴെയാകും. വനം വകുപ്പിന്റെ കണക്കനുസരിച്ച് നിലവില്‍ 560 നാട്ടാനകളാണുള്ളത്. ആനകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് എഴുന്നള്ളിപ്പിനെ ബാധിക്കുന്നതിനാല്‍ സംസ്ഥാനത്തെ പ്രമുഖ ഉത്സവ സംഘാടകരും വിവിധ ക്ഷേത്ര ഭാരവാഹികളും ആശങ്കയിലാണ്. പൂരപ്പറമ്പുകളില്‍ ആനയെ കാണണമെന്ന് നിര്‍ബന്ധമുള്ള ആനപ്രേമികളെയും ഇത് ബാധിക്കും.—
പ്രതിവര്‍ഷം 25 മുതല്‍ 30 വരെ നാട്ടാനകള്‍ വിവിധ കാരണങ്ങളാല്‍ ചരിയുന്നുണ്ട്. അസുഖം മൂലവും വാര്‍ധക്യസഹജമായ കാരണങ്ങളാലും നടത്തിക്കൊണ്ടുപോകുമ്പോള്‍ വാഹനമിടിച്ചുമൊക്കെയാണ് നാട്ടാനകള്‍ ചരിയുന്നത്. പനി, ഹൃദയാഘാതം തുടങ്ങി മനുഷ്യരില്‍ കാണപ്പെടുന്ന എല്ലാ രോഗങ്ങളും നാട്ടാനകളിലും കാണപ്പെടുന്നതായി ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു.
മൃഗങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് കൃത്യമായ ശാസ്ത്രീയ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ അനുമാന ചികിത്സ മാത്രമെ നടക്കുന്നുള്ളൂ. ഇതിനാല്‍ അസുഖം ഭേദമാകാത്ത സ്ഥിതിയാണുള്ളത്.
സംസ്ഥാനത്ത് ആനകളെ ചികിത്സിക്കുന്ന അഞ്ചോ ആറോ വിദഗ്ധര്‍ മാത്രമേ നിലവിലുള്ളൂ. ചരിയുന്ന ആനകളുടെ എണ്ണം ഈ രീതിയില്‍ തുടര്‍ന്നാല്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ നാട്ടാനകള്‍ നാമാവശേഷമാകുമെന്നാണ് ആന ഉടമസ്ഥര്‍ പറയുന്നത്.
കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമത്തില്‍ സ്വകാര്യ വ്യക്തികള്‍ക്കും മറ്റും ഉടമസ്ഥാവകാശം നല്‍കാനുള്ള വകുപ്പുകള്‍ മാറ്റി കൈവശാവകാശം മാത്രമാക്കാന്‍ നിര്‍ദേശിച്ചതോടെ ആനകളെ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എലിഫന്റ് ടാസ്‌ക് ഫോഴ്‌സ് ഇന്ത്യയിലെ ആനകളെക്കുറിച്ച് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ നാട്ടാനകള്‍ അടക്കം ഇന്ത്യയിലെ എല്ലാ ആനകളും രാജ്യത്തിന്റെ പൈതൃക സ്വത്താണെന്നാണ് പറയുന്നത്. പുതുതായി ആനകളെ പിടിക്കുന്നതും മെരുക്കുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും ദാനം ചെയ്യുന്നതും നിര്‍ത്തി ക്രമേണ നാട്ടാനകള്‍ ഇല്ലാതെയാകണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള ഒട്ടുമിക്ക ആനകളെയും അന്യ സംസ്ഥാനങ്ങളിലെ കാട്ടില്‍ നിന്നും പിടിച്ച് നാട്ടാനയാക്കിയതാണ്. ആനകളെ നാട്ടാനയാകാന്‍ പരിശീലിപ്പിക്കുന്ന മെരുക്കല്‍ രീതി പ്രകാരം ആദ്യം കാട്ടാനയെ കൂട്ടിലോ മരങ്ങളിലോ ചേര്‍ത്ത് ഞെരുക്കി കെട്ടിയ ശേഷം ദിവസങ്ങളോളം പീഡിപ്പിക്കുകയാണ് ചെയ്യാറുള്ളത്. പിന്നീട് ആദ്യമായി ചട്ടം പഠിപ്പിക്കേണ്ട വ്യക്തി അടുത്തു ചെന്ന് ആനക്ക് വെള്ളം നല്‍കുകയും പീഡനമുറകളില്‍ നിന്ന് സ്വതന്ത്രമാക്കുകയും ചെയ്യും. ഇതോടെ മനുഷ്യന് അടിമപ്പെട്ടാലേ വേദനയില്ലാതെയും വിശപ്പില്ലാതെയും ജീവിക്കാനാകൂവെന്ന് ബോധ്യപ്പെടുന്ന ആന മനുഷ്യന് കീഴ്‌പ്പെടുകയാണ് പതിവ്.

Latest