‘ട്രംപ് അപകടകാരി, രാജ്യ സുരക്ഷ അപകടത്തിലാക്കും’ എതിര്‍പ്പുമായി റിപ്പബ്ലിക്കന്‍ ദേശീയ സുരക്ഷാ വിദഗ്ധരും

Posted on: August 10, 2016 6:00 am | Last updated: August 10, 2016 at 12:28 am

nbc-fires-donald-trump-after-he-calls-mexicans-rapists-and-drug-runnersവാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ എതിര്‍ത്ത് റിപ്പബ്ലിക്കന്‍ ദേശീയ സുരക്ഷാ വിദഗ്ധര്‍ രംഗത്തെത്തി. വിമര്‍ശവുമായി രംഗത്തെത്തിയവരില്‍ മുന്‍ ചാര മേധാവിയും നയതന്ത്ര പ്രതിനിധികളും ഉള്‍പ്പെടുന്നു. അപകടകാരിയായ പ്രസിഡന്റായിരിക്കും ഇദ്ദേഹമെന്നും രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ സംഘത്തില്‍പ്പെട്ട ആരും ട്രംപിന് അനുകൂലമായി വോട്ടുചെയ്യുകയില്ലെന്നും അമ്പതംഗ വിദഗ്ധ സംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റിച്ചാര്‍ഡ് നിക്‌സണിന്റെ ഭരണകാലം മുതല്‍ ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ കാലം വരെയുള്ള റിപ്പബ്ലിക്കന്‍ ഭരണ കാലത്ത് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരായും നയതന്ത്ര പ്രതിനിധികളായും സേവനം അനുഷ്ഠിച്ചവരാണ് ഈ അമ്പത് പേര്‍.
വിദേശ നയ നിലപാടുകളോട് ചേര്‍ത്തുനോക്കുമ്പോള്‍ ട്രംപ് പ്രസിഡന്റാകാന്‍ യോഗ്യനല്ല. അതുപോലെ രാജ്യത്തെ നയിക്കാനും അദ്ദഹത്തിനാകില്ല. രാജ്യത്തിന്റെ നന്മയും സുരക്ഷയും അദ്ദേഹം പ്രസിഡന്റായാല്‍ അപകടത്തിലാകും. പ്രസിഡന്റിനുണ്ടായിരിക്കേണ്ട നല്ല സ്വഭാവം, മൂല്യങ്ങള്‍, അനുഭവങ്ങള്‍ എന്നിവ അദ്ദേഹത്തിനില്ല. അമേരിക്കയുടെ ധാര്‍മികപക്ഷത്തെ അദ്ദേഹം ക്ഷയിപ്പിച്ചിരിക്കുന്നു. അമേരിക്കന്‍ ഭരണഘടന, നിയമങ്ങള്‍, വ്യവസ്ഥിതികള്‍ എന്നിവ സംബന്ധിച്ച് പ്രാഥമികജ്ഞാനം പോലും ട്രംപിനില്ല. അതുപോലെ മതസഹിഷ്ണുതയും സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയും സംബന്ധിച്ച് അദ്ദേം അജ്ഞനാണ്. വ്യക്തിവിമര്‍ശങ്ങള്‍ അസഹിഷ്ണുതയോടെ കാണുകയും രാജ്യത്തിന്റെ അടുത്ത സഖ്യരാജ്യങ്ങളോട് വരെ പ്രകോപനപരമായ രീതിയില്‍ സംസാരിക്കുകയും ചെയ്യുന്നു- പ്രസ്താവനയില്‍ വിദഗ്ധ സംഘം ചൂണ്ടിക്കാട്ടി.