മാണിയുടെ സാഹസം

1969ല്‍ കെ കരുണാകരനും 1994-95 കാലത്ത് ഉമ്മന്‍ ചാണ്ടിയും അവരവരുടേതായ മുന്നണി കെട്ടിപ്പടുത്തു. ഇനിയിപ്പോള്‍ ഊഴം രമേശ് ചെന്നിത്തലയുടേതാണ്. ഇന്നത്തെ യു ഡി എഫ് ഏറെ ദുര്‍ബലമായിരിക്കുന്നു. കേരള കോണ്‍ഗ്രസ് വിട്ടുപോയതോടെ മധ്യകേരളത്തില്‍ യു ഡി എഫിന്റെ മേല്‍ക്കോയ്മയാണ് വെല്ലുവിളി നേരിടുന്നത്. യു ഡി എഫിലെ പ്രധാന കക്ഷികള്‍ കോണ്‍ഗ്രസും ലീഗും മാത്രമായിരിക്കുന്നു. നിയമസഭയില്‍ പ്രതിപക്ഷ നിരയും വളരെ ശോഷിക്കുകയാണ്. ഭരണപക്ഷത്ത് കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 91 പേരുടെ വന്‍ നിര. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ളത് വളരെ ശുഷ്‌കിച്ച പ്രതിപക്ഷം. നിയസഭയിലും പുറത്തും പ്രതിപക്ഷത്തിന് കടുത്ത പരീക്ഷണത്തിന്റെ നാളുകളാകും വരിക.
Posted on: August 9, 2016 6:00 am | Last updated: August 9, 2016 at 12:16 am
SHARE
ud  f
കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പി പി തങ്കച്ചന്‍, കെ എം മാണി

എല്ലാം പെെട്ടന്നായിരുന്നു. കന്റോണ്‍മെന്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത ഒരു യു ഡി എഫ് നേതൃയോഗത്തില്‍ നിന്ന് കെ എം മാണി വിട്ടുനിന്നപ്പോഴാണ് മുന്നണിയില്‍ ഒരു സംഘര്‍ഷം ഉരുണ്ടുകൂടുകയാണെന്ന് നേതാക്കള്‍ക്ക് സൂചന കിട്ടിയത്. ഉമ്മന്‍ ചാണ്ടിയും പി പി തങ്കച്ചനും മാണിയെ ഫോണില്‍ വിളിച്ചു. ഫോണ്‍ എടുക്കുന്നേയില്ല. പിന്നെ മറ്റു ഫോണുകളില്‍ വിളിച്ച് ഒരു വിധത്തില്‍ ബന്ധപ്പെട്ടു. അസൗകര്യമുണ്ട്, അതുകൊണ്ട് വരുന്നില്ല എന്നായിരുന്നു മറുപടി. കന്റോണ്‍മെന്റ് ഹൗസില്‍ തന്നെയല്ലേ യോഗം എന്ന് ഇടക്കൊരു ചോദ്യം. അതെ എന്നു മറുപടി. പിന്നീട് പല ദിവസങ്ങളിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ചു. രമേശിന്റെ ഫോണ്‍ മാണി എടുത്തതേയില്ല. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് വരുന്നില്ലെന്ന തീരുമാനം മാണി നേരത്തെ തന്നെ എടുത്തിരുന്നു.
പെട്ടെന്ന് മാണി മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി. എം എല്‍ എമാരുമായി ഒറ്റക്കൊറ്റക്ക് വിശദമായ സംസാരം. പിന്നെ ആരോടും ബന്ധപ്പെടാതെ മൂന്ന് ദിവസത്തെ ധ്യാനം. കോണ്‍ഗ്രസുകാര്‍ക്കൊന്നും പിടികൊടുക്കാതെ മാണി മാറിനിന്നു. പിന്നെ ആറ്, ഏഴ് തീയതികളില്‍ പത്തനംതിട്ടയിലെ ചരല്‍ക്കുന്നില്‍ സംസ്ഥാന ക്യാമ്പ്. യു ഡി എഫ് വിടാനും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും തീരുമാനിച്ച് കെ എം മാണി യു ഡി എഫ് വിട്ടിറങ്ങി. 34 വര്‍ഷത്തെ രാഷ്ട്രീയ ബാന്ധവം ഉപേക്ഷിക്കാന്‍ എടുത്തത് രണ്ട് ദിവസത്തെ ചര്‍ച്ചയും അഞ്ച് മിനുട്ട് നീളുന്ന പത്ര സമ്മേളനവും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേരിട്ട കനത്ത പരാജയത്തിന്റെ ബാക്കിപത്രങ്ങളിലൊന്നാണ് കെ എം മാണിയുടെ പെട്ടെന്നുള്ള യു ഡി എഫിന് പുറത്തേക്കുള്ള യാത്രയും. കോണ്‍ഗ്രസ് നേതൃത്വം അതിനു മുമ്പ് തന്നെ ശിഥിലമായിക്കഴിഞ്ഞിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി നേതൃസ്ഥാനങ്ങളില്‍ നിന്നെല്ലാം മാറിനിന്നു. പ്രതിപക്ഷ നേതൃസ്ഥാനമോ യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനമോ ഏറ്റെടുക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത അനുരഞ്ജന സമ്മേളനത്തിലും ഉമ്മന്‍ ചാണ്ടി സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു. കോണ്‍ഗ്രസില്‍ വി എം സുധീരനെ നിലനിര്‍ത്തിക്കൊണ്ട് പാര്‍ട്ടി പുനഃസംഘടിപ്പിക്കുക, ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുക എന്നീ രണ്ടിന നിര്‍ദേശം രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചെങ്കിലും അതംഗീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി കൂട്ടാക്കുന്നില്ല.
ഉമ്മന്‍ ചാണ്ടിയുടെ കര്‍ശനമായ നിലപാടും കെ എം മാണിയുടെ വിട്ടുപോകലും ഒരുമിച്ച് വായിക്കേണ്ട രാഷ്ട്രീയ സംഭവങ്ങളാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഐക്യവും യോജിപ്പുമില്ലാതായിട്ട് മാസങ്ങള്‍ ഏറെയായെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കടുത്ത നിലപാട് പാര്‍ട്ടിയെ ഒരു സ്തംഭനാവസ്ഥയിലെത്തിച്ചിരിക്കുന്നുവെന്നു വേണം പറയാന്‍. ഏറെക്കുറെ സമാന്തരമായിട്ടാണ് മാണിയെ കേന്ദ്രീകരിച്ച് പുതിയ സംഘര്‍ഷം രൂപം കൊണ്ടത്. മാണിയുമായി ഫലപ്രദമായി സംസാരിക്കാനോ അനുനയിപ്പിക്കാനോ കോണ്‍ഗ്രസ് നേതാക്കള്‍ക്കാര്‍ക്കും കഴിഞ്ഞില്ല.
1969ല്‍ കെ കരുണാകരന്‍ യു ഡി എഫ് രൂപപ്പെടുത്തിയെടുത്തത് ഒന്നുമില്ലായ്മയില്‍ നിന്നാണ്. 1967ല്‍ ഒമ്പത് എം എല്‍ എമാരുമായി നിയമസഭയിലെത്തിയ കോണ്‍ഗ്രസ് രണ്ട് വര്‍ഷം കൊണ്ട് പുതിയൊരു മുന്നണി സൃഷ്ടിച്ചെടുത്തു. മുന്നണിയെ ഒന്നിച്ചു നിര്‍ത്താനും ഘടകകക്ഷികളെയൊക്കെയും പ്രീണിപ്പിക്കാനും കരുണാകരന്‍ തന്ത്രങ്ങളേറെ പ്രയോഗിച്ചു. അപ്പോഴും കോണ്‍ഗ്രസിനുള്ളില്‍ ആന്റണി പക്ഷം കരുണാകരനെതിരെ നിന്നു. സാക്ഷാല്‍ എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും നേതൃത്വം കൊടുത്ത ആന്റണി പക്ഷമാകട്ടെ ഒരിക്കല്‍ പോലും കരുണാകരന് സ്വസ്ഥത കൊടുത്തില്ല. മുഖ്യമന്ത്രിയായ കരുണാകരനെ പല തലങ്ങളില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ മുള്‍മുനയില്‍ നിര്‍ത്തി. 1985-87 കാലഘട്ടത്തില്‍ സ്പീക്കറായിരുന്ന വി എം സുധീരന്‍ മുഖ്യമന്ത്രി കരുണാകരനെ നിയമസഭയില്‍ നിര്‍ത്തിപ്പൊരിച്ചു. 1991ല്‍ വീണ്ടും കരുണാകരന്‍ മുഖ്യമന്ത്രി. ആന്റണിയും ഉമ്മന്‍ ചാണ്ടിയും വേട്ടയാടല്‍ തുടര്‍ന്നു. പിന്നീട് ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കരുണാകരന്‍ രാജ്യദ്രോഹിയാണെന്ന് വരെ ചിത്രീകരിക്കപ്പെട്ടു. ഒരു കെ പി സി സി നേതൃയോഗത്തില്‍ സുധീരന്‍ ഒന്നര മണിക്കൂര്‍ നേരം പ്രസംഗിച്ചത് മുഴുവന്‍ കരുണാകരനെതിരെ. ഇതിനിടക്ക് ഉമ്മന്‍ ചാണ്ടി മുസ്‌ലിം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് യു ഡി എഫിനുള്ളിലെ സമനില തെറ്റിച്ചു. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ കരുണാകരനോടൊപ്പം നിന്ന ചില എം എല്‍ എമാരെയും ആന്റണി പക്ഷം അടര്‍ത്തിയെടുത്തതോടെ കരുണാകരന്റെ പതനം അനിവാര്യമായി. കരുണാകരന്‍ രാജി വെച്ചപ്പോള്‍ എ കെ ആന്റണി മുഖ്യമന്ത്രിയായി.
അന്ന് ഉമ്മന്‍ ചാണ്ടി പുനഃസംഘടിപ്പിച്ച യു ഡി എഫ് ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ നിലനിന്നത്. അതിന്റെ അടിസ്ഥാന ശിലയായിരുന്നു ഉമ്മന്‍ ചാണ്ടി, കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി എന്നീ മൂവര്‍ സംഘം ഉണ്ടാക്കിയ അച്ചുതണ്ട്. മുന്നണിയിലും സര്‍ക്കാറിലും ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. മുന്നണിയും ഗവണ്‍മെന്റും ഇവരുടെ നിയന്ത്രണത്തിലായിരുന്നു. പരാജയത്തോടെ ഉമ്മന്‍ ചാണ്ടി ഇതില്‍ നിന്ന് പുറത്ത് വന്നു. ഇപ്പോള്‍ കെ എം മാണിയും.
1969ല്‍ കെ കരുണാകരനും 1994-95 കാലത്ത് ഉമ്മന്‍ ചാണ്ടിയും അവരവരുടേതായ മുന്നണി കെട്ടിപ്പടുത്തു. ഇനിയിപ്പോള്‍ ഊഴം രമേശ് ചെന്നിത്തലയുടേതാണ്. ഇന്നത്തെ യു ഡി എഫ് ഏറെ ദുര്‍ബലമായിരിക്കുന്നു. കേരള കോണ്‍ഗ്രസ് വിട്ടുപോയതോടെ മധ്യകേരളത്തില്‍ യു ഡി എഫിന്റെ മേല്‍ക്കോയ്മയാണ് വെല്ലുവിളി നേരിടുന്നത്. യു ഡി എഫിലെ പ്രധാന കക്ഷികള്‍ കോണ്‍ഗ്രസും ലീഗും മാത്രമായിരിക്കുന്നു. നിയമസഭയില്‍ പ്രതിപക്ഷ നിരയും വളരെ ശോഷിക്കുകയാണ്. ഭരണപക്ഷത്ത് കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 91 പേരുടെ വന്‍ നിര. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ളത് വളരെ ശുഷ്‌കിച്ച പ്രതിപക്ഷം. നിയസഭയിലും പുറത്തും പ്രതിപക്ഷത്തിന് കടുത്ത പരീക്ഷണത്തിന്റെ നാളുകളാകും വരിക.

LEAVE A REPLY

Please enter your comment!
Please enter your name here