ആതുര സേവന മേഖലയില്‍ പുതിയ കണ്ടുപിടിത്തവുമായി ഋഷികേശ്

Posted on: August 7, 2016 12:36 am | Last updated: August 7, 2016 at 12:36 am
SHARE

RISHIKESH-     -A.I.Dമണ്ണഞ്ചേരി: ആതുരസേവന മേഖലയില്‍ ഉപകാരപ്രദമാകുന്ന നുതന ഉപകരണം അഡ്വാന്‍സ്ഡ് ് ഇന്‍ഫര്‍മേഷന്‍ ഡിവൈസ് മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇന്ന് സ്ഥാപിക്കും. ഗ്രാമീണ കണ്ടുപിടിത്തങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച മുഹമ്മ ചിറയില്‍ വീട്ടില്‍ സി എസ് ഋഷികേശ് വികസിപ്പിച്ചെടുത്ത ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനം മന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
ഹൃദയ സ്തംഭനമോ ഗുരുതരമായ അപകടങ്ങളോ ഉണ്ടായാല്‍ സാധാരണ മൊബൈല്‍ ഫോണിലോ ലാന്‍ഡ് ഫോണിലോ നിന്ന് പോകാന്‍ ഉദ്ദേശിക്കുന്ന ആശുപത്രിയിലെ പ്രത്യേക മൊബൈല്‍ നമ്പരിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ രണ്ട് ബെല്ലിന് ശേഷം ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ അടങ്ങിയ ഹാര്‍ഡ് വെയര്‍ സിസ്റ്റം ഓട്ടോമാറ്റിക്കായി ഓണ്‍ ആകുകയും ബെല്ല് നിലക്കുകയും ചെയ്യും. ഈ ശബ്ദം നിലച്ചശേഷം നമ്മുടെ ഫോണിലെ എട്ടോ നാലോ എന്ന അക്കം ഓരോ സെക്കന്റ് വീതം രണ്ട് തവണ അമര്‍ത്തുമ്പോള്‍ പ്രസ്തുത നമ്പറിന് ആനുപാതികമായിട്ടുള്ള വിവരം ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്ന റിസീവര്‍ യൂനിറ്റിലെത്തുകയും ഉച്ചത്തിലുള്ള സൈറണ്‍ മുഴങ്ങുകയും ചെയ്യും.
നാല് ഹൃദ്രോഗത്തേയും എട്ട് അപകടങ്ങള്‍പോലുള്ള ഗുരുതരാവസ്ഥകളെയും സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നു. പ്രസ്തുത നമ്പറുകള്‍ക്ക് ആനുപാതികമായിട്ടുള്ള വിവരങ്ങള്‍ ലൈറ്റ് പ്രകാശിക്കുന്നതിലൂടെ ആശുപത്രി അധികൃതര്‍ക്ക് ഉടനെ മനസിലാക്കാനാകും. അത്യാഹിതം ഉണ്ടാകുന്ന സമയത്തുതന്നെ ബന്ധപ്പെട്ട ആശുപത്രി അധികൃതര്‍ക്ക് ഏതുതരത്തിലുള്ള അപകടമാണ് ഉണ്ടായതെന്നും അതിനനുസരിച്ചുള്ള ഡോക്ടര്‍മാരേയും മരുന്നും ആശുപത്രിയില്‍ സജ്ജീകരിക്കാനും സാധിക്കും. പ്രൈമറി ഹെല്‍ത്ത് സെന്ററിലോ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലോ രാത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ലെങ്കില്‍ ആശുപത്രി ജീവനക്കാര്‍ക്ക് റിസീവറില്‍ വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ച് മറ്റ് ആശുപത്രിയിലേക്ക് രോഗിയെ ഉടനെ എത്തിക്കാന്‍ നിര്‍ദ്ദേശം കൊടുക്കാനും സാധിക്കും.സ്മാര്‍ട്ട് ഫോണ്‍ സംവിധാനം പ്രത്യേകം ആവശ്യമില്ലാത്ത ഈ ഉപകരണത്തിലേക്ക് ലാന്റ് ഫോണുള്‍പ്പെടെ എവിടെ നിന്നും ഈ സേവനം ഉപയോഗപ്പെടുത്താം. ആശുപത്രിയിലേക്ക് വിവരം അയച്ചാല്‍ ഉടന്‍തന്നെ ഫോണ്‍കട്ടു ചെയ്യാനും കഴിയും. സിസ്റ്റത്തോടൊപ്പമുള്ള മൊബൈല്‍ ഫോണിലേക്കാണ് കോള്‍ വരുന്നതെന്നതിനാല്‍ വ്യാജ സന്ദേശം കണ്ടെത്താനാകും.
മൊബൈല്‍ ഫോണിലേക്ക് ഉപയോക്താവിന്റെ കോള്‍ വന്നതിനുശേഷം ഡിജിറ്റല്‍ ഡീകോഡിംഗ് ഹാര്‍ഡ് വെയര്‍ സിസ്റ്റത്തിലേക്ക് സന്ദേശം കൈമാറ്റും. ഈ ഹാര്‍ഡ് വെയര്‍ യൂണിറ്റില്‍ വെച്ചാണ് ഹൃദ്രോഗ സംബന്ധമായ അസുഖമാണോ അപകടമാണോ എന്ന് വേര്‍തിരിക്കുന്നതും തുടര്‍ന്ന് എല്‍ ഇ ഡി യും അലാറവും ഉപയോഗിച്ച് പ്രസ്തുത സന്ദേശം ആശുപത്രി അധികൃതര്‍ക്ക് കൈമാറും.
വൈദ്യുതി ഇല്ലെങ്കില്‍പോലും അഞ്ച് ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാം. ബാറ്ററി ചാര്‍ജിംഗ് സംവിധാനം പൂര്‍ണമായും ഓട്ടോമാറ്റിക്ക് ആണ്. ഇതിനോടൊപ്പമുള്ള മൊബൈല്‍ ഫോണ്‍മാത്രം ചാര്‍ജ് ചെയ്താല്‍ മതി. ഈ പുതിയ സംവിധാനം ആംബുലന്‍സ് ജീവനക്കാര്‍ക്കും ഉപയോഗപ്പെടുത്താം. ബാറ്ററിയും മൊബൈല്‍ ഫോണുമുള്‍പ്പെടെ 23,000 രൂപയോളം ചെലവാകുമെന്ന് ഋഷികേശ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here