ഇരു മുന്നണികളോടും സമദൂരമെന്ന് കെഎം മാണി

Posted on: August 6, 2016 6:22 pm | Last updated: August 7, 2016 at 11:40 am

MANIചരല്‍ക്കുന്ന്: യുഡിഎഫ് വിടുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കിയാക്കി കെഎം മാണിയുടെ ചരല്‍ക്കുന്ന് പ്രസംഗം. കേരള കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പില്‍ തന്റെ പ്രസംഗത്തിലാണ് മാണി യുഡിഎഫ് വിടുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയത്. നിര്‍ണായക തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം നാളെ പ്രഖ്യാപിക്കുമെന്നും മാണി പറഞ്ഞു.

മുന്നണി നിലപാടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു പുനഃപരിശോധന ആവശ്യമായി വന്നിരിക്കുകയാണ്. യുഡിഎഫില്‍ നിന്ന് ഏറെ വേദന അനുഭവിക്കേണ്ടി വന്നു. ആവശ്യമുള്ളപ്പോള്‍ സ്‌നേഹവും പിന്തുണയും ലഭിച്ചില്ല. പീഡനങ്ങളുടേയും പരീക്ഷണങ്ങളുടേയും തിന്‍മയുടേയും കാലമായിരുന്നു ഇത്രയും കാലം. തങ്ങളെ പറ്റി അപവാദങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിച്ചതിന് കണക്കില്ലെന്നും മാണി പറഞ്ഞു.

ശരിയുടെ വഴിയിലാണ് കേരള കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ ഇരു മുന്നണികളോടും സമദൂര നിലപാടാണുള്ളത്. മുന്നണി വിട്ടാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് കേട്ടു. അങ്ങനെയാണെങ്കില്‍ കേരള കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച കോണ്‍ഗ്രസ് മന്ത്രിമാരും രാജിവെക്കേണ്ടിവരുമെന്ന് മാണി പറഞ്ഞു.