നിര്‍മാണ മേഖലയില്‍ ഇമാര്‍ കുതിക്കുന്നു

Posted on: August 2, 2016 10:29 pm | Last updated: August 3, 2016 at 7:52 pm
ദുബൈ ക്രീക്കില്‍ വരുന്ന 'ദി ടവര്‍' (ഏറ്റവും ഉയരത്തിലുള്ളത്)
ദുബൈ ക്രീക്കില്‍ വരുന്ന ‘ദി ടവര്‍’ (ഏറ്റവും ഉയരത്തിലുള്ളത്)

ആഗോള റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് നടപ്പുവര്‍ഷം ആദ്യ പകുതിയില്‍ മൊത്തലാഭം 247.5 കോടി ദിര്‍ഹമാക്കി ഉയര്‍ത്തി മേഖലയിലെ ഏറ്റവും ശക്തരായ പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാരില്‍ തങ്ങളുടെ സ്ഥാനം കരുത്തുറ്റതാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 220.5 കോടി ദിര്‍ഹമായിരുന്നു ലാഭം. ഇതാണ് 2016 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 12 ശതമാനമാക്കി ഉയര്‍ത്തി നിര്‍മാണ മേഖലയിലെ ഉന്നത സാന്നിധ്യം ഇമാര്‍ ഒന്നുകൂടി ഉറപ്പിച്ചത്. ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഇമാര്‍ കൈവരിച്ച വരുമാനം 725.7 കോടി ദിര്‍ഹമാണ്. 2015ലെ ഇതേ കാലയളവില്‍ ഇത് 651 കോടി ദിര്‍ഹമായിരുന്നു. വരുമാനത്തിലും 11 ശതമാനത്തിന്റെ വളര്‍ച്ച ഇമാര്‍ കൈവരിച്ചു.
വരുമാനത്തിലെ 40 ശതമാനവും ഇമാറിന്റെ കീഴിലുള്ള മാളുകള്‍, ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, ഹോസ്പിറ്റാലിറ്റി, ലെഷ്യര്‍ മേഖലകളില്‍ നിന്നാണ്. 291.6 കോടി ദിര്‍ഹമാണ് ആദ്യ ആറു മാസംകൊണ്ട് ഈ മേഖലയില്‍ നിന്നുള്ള വരുമാനം. 2015ലെ ആദ്യ ആറു മാസങ്ങളില്‍ ഇത് 290 കോടി ദിര്‍ഹമായിരുന്നു. ദുബൈ ഡൗണ്‍ടൗണില്‍ ഇമാറിന്റെ കീഴില്‍ ദ അഡ്രസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും വരുമാനത്തില്‍ നേട്ടമാണ് നേടിയിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കൂടുതല്‍ പണം ചെലവഴിക്കുമ്പോള്‍തന്നെ വരുമാനത്തെ അത് തെല്ലും ബാധിക്കുന്നില്ല.
ഈ വര്‍ഷം പകുതിയില്‍ 1,044 കോടി ദിര്‍ഹമിന്റെ റെക്കോഡ് വില്‍പനയും ഇമാര്‍ നടത്തി. അടുത്ത 3-4 വര്‍ഷം കൊണ്ട് ശക്തമായ വില്‍പന നടന്ന് വന്‍ ലാഭം നേടുമെന്നും കണക്കുകൂട്ടുന്നു.
ദുബൈയിലെ വിശ്വപ്രസിദ്ധമായ പദ്ധതികള്‍ ഏറ്റെടുത്ത് മികച്ച രീതിയില്‍ നടപ്പിലാക്കിയതിന്റെ ഫലമാണ് 2016ന്റെ ആദ്യ പകുതിയില്‍ തന്നെ കരുത്തുറ്റ ലാഭം തങ്ങള്‍ക്ക് ആര്‍ജിക്കാനായതെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ പറഞ്ഞു.
ദുബൈ നഗരത്തിന്റെ ‘ഐകണ്‍’ ആയി മാറാന്‍ പോവുന്ന ‘ദി ടവര്‍’ ദുബൈ ക്രീക്കില്‍ വരുന്നതോടെ ഇമാറിന്റെ നിര്‍മാണ ചരിത്രത്തില്‍ പുതുചരിതം തീര്‍ക്കും. ദുബൈ ഡൗണ്‍ ടൗണില്‍ ഉദ്ഘാടനത്തിന് സജ്ജമാകുന്ന ഒപേറ ഹൗസും കാഴ്ചക്കാര്‍ക്ക് ദൃശ്യ വിസ്മയം പകരും. മാളുകളിലൂടെയുള്ള വാണിജ്യം വര്‍ധിപ്പിക്കുന്നിനായി ദുബൈ ക്രീക്ക് ഹാര്‍ബറില്‍ ഒരു റീട്ടെയില്‍ ഡിസ്ട്രിക്ട് അവതരിപ്പിക്കാനും ദുബൈ മാള്‍ വികസിപ്പിക്കാനുമുള്ള ശ്രമത്തിലാണ്. ഹോസ്പിറ്റാലിറ്റി മേഖലയിലെ ഇമാറിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ആഗോളതലത്തിലും യു എ ഇയിലും 35 പുതിയ ഹോട്ടലുകള്‍ തുറക്കുമെന്നു മുഹമ്മദ് അല്‍ അബ്ബാര്‍ വ്യക്തമാക്കി.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ദുബൈ പ്ലാന്‍ 2021ന്റെ ഭാഗമായി എമിറേറ്റില്‍ പുതിയ അവസരങ്ങളുടെ ജാലകങ്ങള്‍ തുറക്കുന്ന പദ്ധതികള്‍ വികസിപ്പിക്കും. യു എ ഇ കാത്തിരിക്കുന്ന വേള്‍ഡ് എക്‌സ്‌പോ 2020ക്കായുള്ള മുന്നൊരുക്കങ്ങളും ഇമാര്‍ നടത്തുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
2016ന്റെ ആദ്യ പകുതിയിലെ ഒന്നാം പാദത്തിനേക്കാള്‍ രണ്ടാം പാദത്തിലാണ് വരുമാനത്തിലും ലാഭത്തിലും കുതിപ്പ് നടത്താന്‍ ഇമാറിനായത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസംകൊണ്ട് 127 കോടി ദിര്‍ഹമിന്റെ ലാഭമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ ലാഭം എട്ട് ശതമാനം വര്‍ധിച്ചു. 2015 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 117.9 കോടി ദിര്‍ഹമായിരുന്നു ലാഭം.
നടപ്പുവര്‍ഷം ആദ്യ പകുതിയിലെ രണ്ടാം പാദത്തില്‍ 372.8 കോടി ദിര്‍ഹമാണ് വരുമാനം. കഴിഞ്ഞ ഇതേ സമയത്തേക്കാള്‍ ഏഴ് ശതമാനമാണ് വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. 349.6 കോടി ദിര്‍ഹമായിരുന്നു അന്നത്തെ വരുമാനം. നിര്‍മാണ മേഖലയില്‍ ഇമാര്‍ കൈവരിച്ച വികസന പ്രവര്‍ത്തനങ്ങളിലെ പ്രധാന നാഴികക്കല്ലാണ് ചെറിയ കാലയളവില്‍തന്നെ വരുമാനം ഇത്രയധികം വളര്‍ച്ച നേടിയത്.
ഷോപ്പിംഗ് മാളുകള്‍, ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, ഹോസ്പിറ്റാലിറ്റി, ലെയ്ഷര്‍ മേഖലയില്‍ നിന്നു മാത്രമായി രണ്ടാം പാദത്തില്‍ 136.10 കോടി ദിര്‍ഹമിന്റെ വരുമാനമുണ്ടായി. അന്താരാഷ്ട്ര തലത്തിലുള്ള മറ്റു വരുമാനവും 2016 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ശക്തി പ്രാപിച്ചു. 53.3 കോടി ദിര്‍ഹമാണ് അന്താരാഷ്ട്രതലത്തിലുള്ള മറ്റു വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 49.9 കോടി ദിര്‍ഹമായിരുന്നു.