Connect with us

Ongoing News

മലബാര്‍ സിമന്റ്‌സ് അഴിമതി: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

പാലക്കാട്:മലബാര്‍ സിമന്റ്‌സിലേക്ക് ബാഗുകള്‍ ഇറക്കുമതി ചെയ്തുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. 2003-2007 കാലത്ത് മലബാര്‍ സിമന്റ്‌സിലേക്ക് ലാമിനേറ്റഡ് ബാഗ് ഇറക്കുമതി ചെയ്തതില്‍ 4,59 കോടി രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായി എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. കേസില്‍ വ്യവസായി വി എം രാധാകൃഷ്ണന്‍, മകന്‍ നിധിന്‍, മുന്‍ എം ഡി മോനി എന്നിവരുള്‍പ്പെടെ 11 പേര്‍ പ്രതികളാണ്.
മുംബൈ ആസ്ഥാനമായി റശീദ് പാക്കേജ് എന്ന സ്ഥാപനം വഴി മലബാര്‍ സിമന്റ്‌സിലേക്ക് ലാമിനേറ്റഡ് ബാഗുകള്‍ ഇറക്കുമതി ചെയ്ത്‌പ്പോള്‍ ഇടനിലക്കാരനായി നിന്ന വി എം രാധാകൃഷ്ണന് ബാഗ് ഒന്നിന് 2.25 രൂപ കമ്മീഷന്‍ ഇനത്തില്‍ നല്‍കി. ബാഗിന് പത്ത് രൂപ നിരക്കില്‍ മലബാര്‍ സിമന്റ്‌സിന് നല്‍കിയപ്പോള്‍ എ സി സി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് എട്ട് രൂപക്കാണ് മുംബൈ കമ്പനി ഇതേ കാലയളവില്‍ തന്നെ ബാഗുകള്‍ നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

വി എം രാധാകൃഷ്ണന്‍ ഉള്‍പ്പെടുന്ന മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശം ഉന്നയിച്ചിരുന്നു. രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും കോടതി ചോദിച്ചിരുന്നു. കേസില്‍ ആരോപണവിധേയനായ വ്യവസായി രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോയെന്നും കോടതി ചോദിച്ചു. രാധാകൃഷ്ണനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയെല്ലാം ഇടക്കിടെ സ്ഥലം മാറ്റി കേസ് അട്ടിമറിക്കാനുള്ള ശ്രമം സജീവമായിരുന്നു.

അതേസമയം, മലബാര്‍ സിമന്റ്‌സിലെ എം ഡി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് പഠിച്ച് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചതായി മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് കമ്പനിയെ തകര്‍ക്കാന്‍ അനുവദിക്കില്ല. കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കുകയുമില്ല. അഴിമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു ഒത്തുതീര്‍പ്പിനുമില്ല. സ്ഥാപനത്തിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഉദ്യോഗസ്ഥരും യൂനിയനും ഉള്‍പ്പെട്ട എല്ലാവരും പിന്തുണ അറിയിച്ചതായും മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. സ്ഥാപനത്തിലെ മാനേജ്‌മെന്റ് പ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, ജീവനക്കാര്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി.

Latest