വിദേശ സഹായത്തോടെയുള്ള പള്ളി നിര്‍മാണം വിലക്കാന്‍ ഫ്രാന്‍സ് നീക്കം

Posted on: July 30, 2016 5:52 am | Last updated: July 29, 2016 at 11:52 pm
SHARE

പാരീസ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്ന പള്ളികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്താന്‍ ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇസില്‍ അടക്കമുള്ള തീവ്രവാദികളുടെ ആക്രമണം വ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഫ്രാന്‍സില്‍ തുടര്‍ച്ചയായി തീവ്രവാദി ആക്രമണം റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍ മുഖം രക്ഷിക്കാനാണ് വിവാദ നടപടിയുമായി മുന്നോട്ടെത്തിയത്. മുസ്‌ലിം പള്ളികള്‍ക്ക് നേരെ നിരവധി വിലക്കുകള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പുത്തന്‍ മാതൃകയാണെന്നും ഫ്രാന്‍സും ഇസ്‌ലാമുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് പുതിയ നടപടിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായീകരിക്കുന്നു. രാജ്യത്തെ പള്ളികളിലുള്ള പണ്ഡിതന്മാര്‍ ഫ്രാന്‍സിന് പുറത്ത് നിന്ന് മതവിദ്യാഭ്യാസം സ്വീകരിക്കരുതെന്നും നിര്‍ദേശമുണ്ട്. ലി മോണ്‍ഡെ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനന്ത്രി മാനുവല്‍ വാല്‍സാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.
ചൊവ്വാഴ്ച ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ വ്യാപക പ്രതിഷേധത്തിനിടവരുത്തിയിരുന്നു. പ്രധാനമന്ത്രി മാനുവല്‍ വാല്‍സ്, ആഭ്യന്തരമന്ത്രി ബെര്‍നാര്‍ഡ് കാസ്‌നോവെ എന്നിവരുടെ രാജിക്ക് വേണ്ടിയുള്ള ആവശ്യവും ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനാണ് പള്ളികളെയും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. രാജ്യത്തെ സുരക്ഷാ സംവിധാനം കാര്യക്ഷമമല്ലെന്ന ആരോപണം വ്യാപകമാണ്.
അതിനിടെ, തീവ്രവാദ ബന്ധമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് വിധേയനായ 19കാരന്‍ ആദില്‍ കെര്‍മിച്ചെ ജയില്‍ മോചിതനായതും സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന് കാരണമായി. രണ്ടാം തവണയും സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ആദില്‍ പിടിക്കപ്പെടുന്നത്. ആദിലിന് തീവ്രവാദി സംഘടനകളുമായി ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.