ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍, ഇ റിംഗ് റോഡുകളില്‍ ഗതാഗത പരിഷ്‌കരണം

Posted on: July 29, 2016 10:40 pm | Last updated: July 29, 2016 at 10:40 pm
SHARE

ദോഹ: ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡില്‍ സ്ട്രീറ്റ് 23 (അല്‍ വത്വന്‍ പെട്രോള്‍ സ്റ്റേഷന് സമീപം) മുതല്‍ സ്ട്രീറ്റ് പത്ത് (വഖൂദ് പെട്രോള്‍ സ്റ്റേഷന് സമീപം) വെരയുള്ള 2.7 കിലോ മീറ്റര്‍ ദൂരത്തെ ഗതാഗതം താത്കാലികമായി തിരിച്ചുവിടുമെന്ന് അശ്ഗാല്‍ അറിയിച്ചു.
ഇന്ന് മുതല്‍ സെപ്തംബര്‍ അവസാനം വരെയാണ് ഗതാഗതം തിരിച്ചുവിടുന്നത്. ഇക്കാലയളവില്‍ ഈ ഭാഗത്തൂടെയുള്ള ഗതാഗതം സമീപത്തെ സര്‍വീസ് റോഡിലൂടെയായിരിക്കും. ഈ റോഡുകളില്‍ നാല് വരിയില്‍ നിന്ന് രണ്ട് വരിയാക്കി ഇക്കാലയളവില്‍ കുറക്കും. ഗതാഗത പരിഷ്‌കരണ സ്ഥലത്തെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ ആയിരിക്കും.
ഇ റിംഗ് റോഡിനൊപ്പമുള്ള അല്‍ മഅ്മൂറ അണ്ടര്‍പാസും ഖലീഫ ബിന്‍ അബ്ദുല്ല അല്‍ അത്വിയ്യ ഇന്റര്‍സെക്ഷനിലേക്കുള്ള ഡി റിംഗ് റോഡിലെ സര്‍വീസ് റോഡിന്റെ ഭാഗവും താത്കാലികമായി അടക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു. ഇന്ന് മുതല്‍ ആഗസ്റ്റ് 29 വരെയാണ് അടക്കുന്നത്. റോഡ് അടക്കുന്നതിന്റെ മുമ്പുള്ള എന്‍ട്രന്‍സില്‍ നിന്നുള്ള സര്‍വീസ് റോഡ് ഉപയോഗിക്കണം. സര്‍വീസ് റോഡുകളിലെ അറ്റകുറ്റപ്പണിക്കാണ് ഗതാഗത പരിഷ്‌കരണം.