അന്യായ സ്ഥലംമാറ്റം: നിലപാട് മയപ്പെടുത്തി സി പി ഐ

Posted on: July 29, 2016 5:08 am | Last updated: July 29, 2016 at 12:09 am
SHARE

തിരുവനന്തപുരം: അന്യായമായ സ്ഥലം മാറ്റിയ തദ്ദേശ ഭരണ വകുപ്പിന്റെ നടപടിക്കെതിരെ ഇടഞ്ഞുനിന്ന സി പി ഐ തത്ക്കാലം പ്രതിഷേധം മയപ്പെടുത്തി. തങ്ങള്‍ക്ക് അനുകൂലമായ ഉത്തരവ് വെള്ളിയാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സി പി ഐ നേതാക്കള്‍ അറിയിച്ചു. ജോയന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നഗരകാര്യ ഡയറക്ടറേറ്റിന് മുന്നില്‍ ഇന്ന് നടത്താനിരുന്ന ജീവനക്കാരുടെ ധര്‍ണ താത്ക്കാലികമായി മാറ്റി. അതേമയം, സി പി ഐ ജീവനക്കാരുടേതിന് സമാനമായി തങ്ങളുടെ സംസ്ഥാന ഭാരവാഹികളെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗിന് കീഴിലെ കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.സി പി ഐ അനുഭാവികളായ ജീവനക്കാരുടെ സംഘടനയായ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്ററാഫ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ 19 പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥലം മാറ്റിയത്. ഇവരില്‍ 12 പേരും തിരുവനന്തപുരം കോര്‍പറേഷന്‍, നെടുമങ്ങാട് മുനിസിപാലിറ്റി എന്നിവിടങ്ങളില്‍ ജോലി നോക്കിയിരുന്നവരാണ്. സ്ഥലമാറ്റത്തിന് മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ള മൂന്ന് വര്‍ഷ കാലാവധി തികക്കാത്തവരാണ് ഭൂരിഭാഗം പേരും. തങ്ങളോട് ആലോചിക്കാതെ ഡെപ്യൂട്ടി മേയറുടെ ഡ്രൈവറെ വരെ മാറ്റിയതാണ് സി പി ഐയെ ചൊടിപ്പിച്ചത്.