Connect with us

Malappuram

മലിനജലം; ഹോട്ടലിന് കാരണം കാണിക്കല്‍ നോട്ടീസ്‌

Published

|

Last Updated

വളാഞ്ചേരി: മലിനജലം പുറത്തേക്കൊഴുക്കിയ ഹോട്ടലിന് വളാഞ്ചേരി നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചെയര്‍പേഴ്‌സണ്‍ എം ഷാഹിനയുടെ നേതൃത്വത്തില്‍ ഹോട്ടലിലെത്തി പരിശോധന നടത്തിയതിന് ശേഷമാണ് നോട്ടീസ് നല്‍കിയത്.
വളാഞ്ചേരി നഗരസഭയിലെ മുപ്പത്തൊന്നാം ഡിവിഷന്‍ കാവുംപുറത്ത് പ്രവര്‍ത്തിക്കുന്ന ഹരിത ഹോട്ടലിനാണ് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ഹോട്ടലിലെ മലിനജലം ശേഖരിക്കുന്ന ടാങ്കില്‍ നിന്നും വെള്ളം സമീപത്തെ തോട്ടിലേക്കും പറമ്പിലേക്കും ഒഴുക്കിവിടുന്നതായുള്ള പരാതി ഏറെക്കാലമായി നിലനിന്നിരുന്നു. കൂടാതെ ഇവിടെ നിന്നുള്ള മലിനജലം കൊണ്ടുപോയി തിരുവേഗപ്പുറയില്‍ പുഴയില്‍ ഒഴുക്കുന്നതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്.
മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായി അധികൃതര്‍ക്ക് ബോധ്യമായതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കുകയായിരുന്നു. നഗരസഭയിലെ മുഴുവന്‍ ഹോട്ടലുകളിലും പരിശോധന നടത്തുമെന്നും ഓടകളിലേക്ക് വെള്ളം ഒഴുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൂടാതെ മഴക്കാല ശുചീകരണവുമായി ഇന്ന് വിളിച്ചുചേര്‍ക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനമെടുക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ ര്‍മാന്‍ സി അബ്ദുല്‍ നാസര്‍, പ്രതിപക്ഷ നേതാവ് ടി പി അബ്ദുല്‍ ഗഫൂര്‍, കൗണ്‍സിലര്‍മാരായ ഹാജറ, മൂര്‍ക്കത്ത് മുസ്തഫ, വി പി ഹമീദ്, ഇ പി യഹ്യ, എ എം ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി ഹരിലാല്‍ എന്നിവരും ഹോട്ടല്‍ സന്ദര്‍ശിച്ചു.