പൊതുവിദ്യാലയങ്ങളും അധ്യാപകരും

Posted on: July 26, 2016 6:00 am | Last updated: July 26, 2016 at 12:24 am
SHARE

വിദ്യാലയങ്ങളെ ആദായകരം എന്നും അനാദായകരം എന്നും തരം തിരിക്കുന്ന പരിതാപകരമായ പ്രവണതയാണ് നിലവിലുള്ളത്. വിദ്യാര്‍ഥിളുടെ എണ്ണം നോക്കിയാണ് അതിനെ ആദായകരം, അനാദായകരം എന്നിങ്ങനെ തരം തിരിക്കുന്നത്. പതിനഞ്ച് കുട്ടികളെങ്കിലും ഒരു ക്ലാസിലില്ലെങ്കില്‍ ആ സ്‌കൂള്‍ അനാദായക പട്ടികയിലാണ്; അതായത് അടച്ചു പൂട്ടാനുള്ളവയാണ്. എന്തു കൊണ്ട് കുട്ടികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ചേരാന്‍ മടിക്കുന്നു എന്നത് പഠനവിധേയമാക്കേണ്ടതും പരിഹരിച്ച് കുട്ടികളെ ആകര്‍ഷിക്കാനുള്ള നടപടിയുണ്ടാകേണ്ടതുമാണ്. കുട്ടികളെ ആകര്‍ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറല്ലാത്ത മേനേജ്‌മെന്റുകള്‍ക്ക് ന്യായമായ തുക നല്‍കി സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
എന്നാല്‍, ആദായകരമല്ലാത്ത എല്ലാ സ്‌കൂളുകളും സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ആശാസ്യമാകണമെന്നില്ല. അത് വിദ്യാഭ്യാസ മേഖലയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. കേരളത്തില്‍ പൊതുവിദ്യാഭ്യാസ രംഗം അസന്തുലിതമാണ്; ചില സ്ഥലങ്ങളില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടുത്തടുത്ത് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളിള്‍ ഇവ മൂന്നും തന്നെയില്ല. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അതിന് ഒരു പഠന സമിതിയെ നിയോഗിച്ച് ഒരു സ്‌കൂള്‍ മാപ്പിംഗ് നടത്തണം. ആദായകരമല്ലാത്തതിന്റെ പേരില്‍ പൂട്ടുന്ന എല്ലാ സ്‌കൂളുകളും വലിയ തുക മുടക്കി ഏറ്റെടുക്കുന്നതിന് പകരം ആ സ്ഥലത്ത് സ്‌കൂളിന്റെ ആവശ്യം എത്രത്തോളമുണ്ട് എന്നത് വിലയിരുത്തണം. സ്‌കൂളിന്റെ ആവശ്യമില്ലാത്ത സ്ഥലമാണങ്കില്‍ പൂട്ടിയ സ്‌കൂളില്‍ ശേഷിക്കുന്ന കുട്ടികളെ സമീപത്തെ സ്‌കൂളുകളില്‍ അവര്‍ക്ക് അതേ രീതിയില്‍ പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയത് കൊടുക്കുക. എന്നിട്ട് അത്തരം സ്‌കൂളുകള്‍ തീരെ സ്‌കൂളുള്‍ ഇല്ലാത്ത മറ്റ് സ്ഥലങ്ങളില്‍ പുനഃസ്ഥാപിക്കുകയാണ് ഉചിതം. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ദരിദ്രരും സമൂഹത്തിലെ താഴെക്കിടയിലുള്ളവരുമായ ധാരാളം കുട്ടികള്‍ പഠനം നിര്‍ത്താനിടവരുത്തും.
കേരളത്തിലെ വിദ്യാഭ്യാസനയം രൂപവത്കരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത് അധ്യാപക സംഘടനകളാണ്. വിദ്യാഭ്യാസ നയം മാത്രമല്ല പരീക്ഷകളും സിലബസും ചോദ്യ പേപ്പറും മൂല്യനിര്‍ണയവും യുവജനോത്സവവും സ്ഥലംമാറ്റവും എന്ന് വേണ്ട വിദ്യാഭ്യാസ രംഗത്തെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത് അധ്യാപക സംഘടനകളാണ്. ചിലപ്പോഴൊക്കെ മന്ത്രിയെയും മന്ത്രി ആഫീസിനെയും വരെ നിയന്ത്രിച്ചിരുന്നതും ഇവര്‍ തന്നെ എന്ന് പറയേണ്ടി വരും
ഒരു വിധം നിവൃത്തിയുള്ള മലയാളി രക്ഷിതാക്കളെല്ലാം മക്കളെ സര്‍ക്കാര്‍ സംവിധാനത്തിലുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നതിന് യഥാര്‍ഥ കാരണക്കാര്‍ എല്ലാവരെയും നിയന്ത്രിക്കുന്ന ഇവരാണെന്ന് പറയേണ്ടിവരും. സംഘടനാ പ്രവര്‍ത്തനത്തിന്റെയും മറ്റ് ചുറ്റുപാടുകളുടെയും ഇടയില്‍ പഠിപ്പിക്കാന്‍ നേരമില്ലാത്ത അധ്യാപകര്‍ അവരുടെ സംഘടനാ നേതാക്കളെ കൊണ്ട് സര്‍ക്കാറില്‍ സ്വാധീനിച്ച് കൊണ്ടുവന്നതാണോ ആള്‍ പ്രമോഷന്‍ സമ്പ്രദായം എന്നു പോലും സംശയിക്കണം. ഒന്നാം ക്ലാസ് മുതല്‍ എല്ലാവരെയും ജയിപ്പിച്ചു. ഇന്നത്തെ പൊതു പരീക്ഷാ സമ്പ്രദായത്തില്‍ വിജയം ആര്‍ക്കും സാധ്യമാണ്. എന്നാല്‍ തോല്‍ക്കാനാണ് ബുദ്ധിയും മിടുക്കുമൊക്ക പ്രയോഗിക്കേണ്ടത്.
പത്ത് വര്‍ഷം മുമ്പ് വരെ 58 ശതമാനവും മറ്റുമായിരുന്നു വിജയശതമാനമെങ്കില്‍ പിന്നീട് മാര്‍ക്ക് കൊട്ടക്കണക്കിന് വാരി നല്‍കി. വികലമാക്കിയ മൂല്യനിര്‍ണയ സമ്പ്രദായമാണ് ആത്യന്തികമായി വിദ്യാര്‍ഥികളെ സര്‍വനാശത്തിലേക്ക് തള്ളിവിടാനുള്ള ഈ ശതമാന വര്‍ധനവിലേക്ക് എത്തിച്ചത്. തുടര്‍പഠനത്തിന് പോകുന്ന അവസരത്തില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സീറ്റ് തരപ്പെടുത്തിയെടുക്കാമെങ്കിലും തുടര്‍ പരീക്ഷയില്‍ ഇത്തരം വിദ്യാര്‍ഥികളുടെ അവസ്ഥ പരിതാപകരമായിത്തീരും. സി ബി എസ് ഇ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളോടൊപ്പം ഓടിയെത്താന്‍ ഇവര്‍ ഒരു പാട് കിതക്കേണ്ടി വരും.
അത്തരം സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും കുട്ടികള്‍ പഠിച്ച് തന്നെ വളരണമെന്ന നിര്‍ബന്ധബുദ്ധിയുണ്ടാകുകയും ചെയ്യുന്ന രക്ഷിതാക്കള്‍ അവരെ കേന്ദ്ര സിലബസ് പ്രകാരം പഠിപ്പിക്കുന്ന സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറ്റി ചേര്‍ക്കുന്നത് സ്വാഭാവികം മാത്രം. അങ്ങനെ കോടിക്കണക്കിന് രൂപ മുടക്കി നമ്മുടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സാര്‍വത്രിക വിദ്യാഭ്യാസം ആര്‍ക്കും വേണ്ടെന്ന സ്ഥിതിയായി. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ആരൊക്കെയാണ് ഇതിന് ഉത്തരവാദികള്‍ ഏത് തരത്തില്‍ പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലനിര്‍ത്താം എന്നതിനെയൊക്കെ കുറിച്ച് ഒരു ഗൗരവപൂര്‍ണമായ സമീപനം ആണ് പുതിയ സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
വിദ്യാര്‍ഥിക്ഷാമം കാരണം പൂട്ടലിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന മൂവായിരത്തിലധികം വിദ്യാലയങ്ങളാണ് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിലുള്ളത്. അതില്‍ തന്നെ നല്ലൊരു ശതമാനം സ്‌കൂളുകള്‍ പൂട്ടാനുള്ള അനുവാദത്തിന് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. കെ ഇ ആറിലെ 7 (6) വകുപ്പനുസരിച്ച് നോട്ടീസ് കൊടുത്ത് സ്‌കൂള്‍ പൂട്ടാനുളള അനുമതി വാങ്ങാന്‍ മാനേജ്‌മെന്റിന് കഴിയും. കെ ഇ ആറിലെ വ്യവസ്ഥകള്‍ നിയമ ഭേദഗതിയിലൂടെ മറികടക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഇത് മാത്രമല്ല ഈ ദുരവസ്ഥ മറികടക്കാനുളള പോംവഴി. ആദ്യം വേണ്ടത് വിദ്യാലയങ്ങള്‍ ഹൈടെക് ആക്കുക എന്നതാണ്. സിലബസും പരീക്ഷയും മൂല്യനിര്‍ണയവും ആള്‍ പ്രമോഷനും ഒക്കെ പുനഃപരിശോധിക്കണം. അത് പോലെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങളും കാലാനുസൃതമായി ഉയര്‍ത്തണം. അതോടൊപ്പം വിദ്യാഭ്യാസ നയത്തിലുള്ള സമൂല പരിഷ്‌കാരവും. ഭൗതിക സാഹചര്യമാറ്റത്തിന് കോഴിക്കോട് നടക്കാവ് സ്‌കൂള്‍ മാതൃകയാക്കാം. ഇന്ന് ഒരു എം എല്‍ എക്ക് 30 കോടി രൂപ ആസ്തി വികസന ഫണ്ട് ഉണ്ട് എന്നതും നാം ഓര്‍ക്കണം
കേരളത്തില്‍ ആദ്യമായി കുട്ടികളില്ല എന്ന കാരണത്താല്‍ സ്‌കൂള്‍ പൂട്ടിയത് മലയാളത്തിന്റെ മഹാകവിത്രയങ്ങളില്‍പ്പെട്ട ഉള്ളൂരിന്റെ ജന്മനാട്ടിലാണ്. ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് യു ഡി എഫ് ഭരണകാലത്തായിരുന്നു അത്. ടി എം ജേക്കബ് ആയിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രി. ആദായകരം, അനാദായകരം എന്ന് വിദ്യാലയങ്ങളെ തരംതിരിക്കുന്നതിന് മുമ്പ് നടന്നതാണ്. എങ്കിലും ഉള്ളൂര്‍ യു പി സ്‌കൂള്‍ പൂട്ടാനുള്ള കാരണവും അത് തന്നെയായിരുന്നു എന്ന് കാണാം.
പൊതു വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആളുകളുടെ വിശ്വാസം നശിച്ച് തുടങ്ങിയത് ഡി പി ഇ പി കാലം മുതലാണ് എന്നൊരു നിരീക്ഷണമുണ്ട്. എന്നാല്‍ ഡി പി ഇ പി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും തുടര്‍ന്ന് പൊതുവിദ്യാഭ്യാസ രംഗത്ത് വീണ്ടും ഉണര്‍വ് ഉണ്ടാകുകയും ചെയ്തു. ഇതിനു ശേഷം പൊതുവിദ്യാഭ്യാസ മേഖലയെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അതിനുള്ള പ്രധാന കാരണം മാര്‍ക്ക് വാരിക്കോരി കൊടുത്തുള്ള പരീക്ഷാ സമ്പ്രദായം തന്നെയാണ്. ഈയവസരം പരമാവധി മുതലെടുക്കാന്‍ മറു വശത്ത് കേന്ദ്ര സിലബസില്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ ഉണ്ട് എന്നുള്ളത് ഇവര്‍ കാണുന്നില്ല. അഥവാ കണ്ടില്ലെന്ന് നടിക്കുന്നു. കാലിനടിയിലെ മണ്ണ് തീര്‍ത്തും ഒലിച്ച് പോകുന്നതിന് മുമ്പെങ്കിലും അധ്യാപക സംഘടനകളും മറ്റും ഇക്കാര്യത്തില്‍ ഗൗരവമായി ചിന്തിച്ചേ മതിയാകൂ.
സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 5437 സ്‌കൂളുകളാണ് ലാഭകരമല്ലാത്തവയുടെ പട്ടികയില്‍ ഇടം പിടിച്ചത്. അതില്‍ 25 എണ്ണം നിലവില്‍ പൂട്ടാന്‍ തയ്യാറായി കാത്തിരിക്കുന്നു. മുന്‍ കാലങ്ങളില്‍ മത സാമുദായിക സംഘടനകളും ജനകീയ സമിതികളും നാട്ടിനോട് പ്രതിപദ്ധതയുള്ള നല്ല വ്യക്തികളും ലാഭേഛയില്ലാതെ തുടങ്ങിയ മഹത് സംരഭമായിരുന്നു എയ്ഡഡ് സ്‌കൂളുകള്‍.
ഇന്നത്തെ പല കൈകര്‍ത്താക്കളും സ്‌കൂള്‍ എന്ന മഹത്തായ ആശയത്തെ വെറും കച്ചവടക്കണ്ണോടു കൂടി നോക്കിക്കാണുമ്പോള്‍ അത് പ്രവര്‍ത്തിപ്പിക്കുന്നതിനേക്കാളും അത് നില്‍ക്കുന്ന ഭൂമിയുടെ വിലയാണ് അവരെ ആകര്‍ഷിക്കുന്നത്. അത് കൊണ്ട് തന്നെ ബോധപൂര്‍വമായി കുട്ടികളെ കുറച്ച് സ്‌കൂള്‍ പൂട്ടാനുളള ശ്രമം നടത്തുകയും പിന്നീട് ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വിട്ടുനല്‍കുന്നതുമാണ്. അത് കൊണ്ടാണ് ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ ജനകീയ ചെറുത്തു നില്‍പുകളെ അഭിമുഖീകരിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളെല്ലാം പരിഗണിച്ച് സമൂല പരിഷ്‌കാരത്തിനാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത്. പുതിയ വിദ്യാഭ്യാസ മന്ത്രിയില്‍ വലിയ വിശ്വാസമര്‍പ്പിക്കാമെന്ന് കരുതാം.