റേഷന്‍ കാര്‍ഡിലെ തിരിമറി: ഖജനാവില്‍ നിന്ന് ചോരുന്നത് കോടികള്‍

>>എട്ട് ലക്ഷം അനര്‍ഹ കുടുംബങ്ങള്‍ സൗജന്യ അരി വാങ്ങുന്നു
Posted on: July 22, 2016 8:35 am | Last updated: July 22, 2016 at 3:33 pm
SHARE

rationcard-keralaതൊടുപുഴ: വൈദ്യൂതീകരിച്ചിട്ടില്ലെന്ന് തെറ്റായി രേഖപ്പെടുത്തിയ റേഷന്‍ കാര്‍ഡിലൂടെ കരിഞ്ചന്തയിലേക്ക് പ്രതിമാസം ഒഴുകുന്നത് 10 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ. അന്നപൂര്‍ണ്ണ, ബി പി എല്‍ പദ്ധതിപ്രകാരം സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ നല്‍കുന്ന സൗജന്യ അരി വാങ്ങുന്നവരില്‍ ഭൂരിപക്ഷവും അനര്‍ഹര്‍. 15 വര്‍ഷമായി പുതുക്കാത്ത ആനുകൂല്യ പട്ടികയുടെയും റേഷന്‍ കാര്‍ഡിന്റെയും മറവിലാണ് ഈ വെട്ടിപ്പ്.
ബി പി എല്‍ പട്ടികയില്‍ സൗജന്യ അരി വാങ്ങുന്ന 20,80,042 കുടുംബങ്ങളില്‍ എട്ടു ലക്ഷം കുടുംബങ്ങളും അനര്‍ഹരാണ്. അര്‍ഹരായ 12 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അരി ലഭിക്കുന്നില്ല. വീട് വൈദ്യൂതീകരിച്ചതല്ല എന്ന രേഖയുണ്ടാക്കി എന്‍ ഇ കാര്‍ഡുകള്‍ കരസ്ഥമാക്കി മാസം നാല് ലിറ്റര്‍ മണ്ണെണ്ണ വാങ്ങുന്ന 4,81,023 എന്‍ ഇ കാര്‍ഡുകളില്‍ 2.5 ലക്ഷം കാര്‍ഡുകളും വ്യാജമാണ്. മണ്ണെണ്ണ സബ്‌സിഡിയുടെ പേരില്‍ നാലര കോടി രൂപയാണ് സര്‍ക്കാരിനു പ്രതിമാസം നഷ്ടമാകുന്നത്.
മാസം 10 കിലോ അരി സൗജന്യമായി നല്‍കുന്ന അന്നപൂര്‍ണ്ണ പദ്ധതിയില്‍ പെട്ട 27145 വ്യക്തികളില്‍ പകുതിയിലധികം പേരും മരിച്ചുപോയി. മരിച്ചുപോയവരുടെ പേരിലുള്ള അരി ഇപ്പോഴും അനര്‍ഹര്‍ വാങ്ങുന്നു. 15 വര്‍ഷങ്ങള്‍ക്കു ശേഷവും പട്ടിക പുതുക്കിയിട്ടില്ല.
18 വര്‍ഷങ്ങള്‍ക്കു മുമ്പു തയ്യാറാക്കിയ ബി.പി.എല്‍ പട്ടിക അനുസരിച്ചാണ് 25 കിലോഗ്രാം അരി 14,76,841 കുടുംബങ്ങള്‍ക്കും, 35 കി.ഗ്രാം അരി 5,76,056 കുടുംബങ്ങള്‍ക്കും സൗജന്യമായി നല്‍കുന്നത്. അധ്യാപകരെ ഉപയോഗിച്ചു സര്‍വേ നടത്തിയ പുതുക്കിയ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉണ്ടെങ്കിലും അവരില്‍പെട്ട 12 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്കു സൗജന്യ റേഷന്‍ ലഭിക്കുന്നില്ല.
വ്യാജ ഗുണഭോക്താക്കളും ഇരട്ടിപ്പുള്ളവയുമായ 1.6 കോടി റേഷന്‍ കാര്‍ഡുകള്‍ വിവിധ സംസ്ഥാനങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാനോ, വ്യാജകാര്‍ഡുകള്‍ പിടിച്ചെടുക്കാനോ മാറി മാറി വന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ഇന്ത്യയില്‍ 11 കോടി കുടുംബങ്ങള്‍ക്കാണ് റേഷന്‍ കാര്‍ഡുകള്‍ ഉള്ളത്. എല്‍.പി.ജി. സബ്‌സിഡി നേരിട്ടു നല്‍കിയതിലൂടെ 3.5 കോടി വ്യാജ ഉപഭോക്താക്കളെ ഒഴിവാക്കിയതു വഴി 14.872 കോടി രൂപ കേന്ദ്ര സര്‍ക്കാരിനു ലാഭമുണ്ടാക്കി. ഹരിയാനയില്‍ വ്യാജ കാര്‍ഡിലൂടെ മണ്ണെണ്ണ വാങ്ങിയ ആറു ലക്ഷം പേരെ ഒഴിവാക്കി. കേരളത്തില്‍ വ്യാജ റേഷന്‍ കാര്‍ഡുകള്‍ നിര്‍ഭയം ഖജനാവ് ചോര്‍ത്തുന്നു.
ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതീകരിക്കാത്ത വീടുകളും, എന്‍ ഇ കാര്‍ഡുകളും ഉള്ളതെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണ്ടെത്തല്‍. 71241 എന്‍.ഇ കാര്‍ഡുകള്‍. ഇതിലധികവും വ്യാജകാര്‍ഡുകളാണ്. രണ്ടാം സ്ഥാനം കൊല്ലത്തിന് 59395 ഉം ഏറ്റവും കുറവ് തൃശൂരും-3729 മാത്രം, മലപ്പുറത്ത് 51790 ഉം, പത്തനംതിട്ടയില്‍ 19089 ഉം, എന്‍.ഇ.കാര്‍ഡുകള്‍ ഉണ്ട്. ഇതില്‍ പല ജില്ലകളും സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലകളാണെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൗജന്യ റേഷന് അര്‍ഹരായവരുടെ പുതുക്കിയ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു.