Connect with us

Editorial

ആരോഗ്യ രംഗത്തെ പേടികള്‍

Published

|

Last Updated

വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിന് ശേഷം നിര്‍മാര്‍ജനം ചെയ്യപ്പെട്ടുവെന്ന് വിശ്വസിക്കുന്ന മലേറിയ, കോളറ തുടങ്ങിയവ അടുത്തിടെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കയാണ്. മലപ്പുറത്തും പാലക്കാട്ടും കോളറയും മലേറിയയും ബാധിച്ചു നിരവധി പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയുണ്ടായി. കുഷ്ഠരോഗ ലക്ഷണമുള്ള ഏതാനും പേരെ ഈയിടെ തൃശൂര്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, ജപ്പാന്‍ ജ്വരം തുടങ്ങി സാംക്രമിക രോഗങ്ങളും സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലക്ക് ഭീഷണി ഉയര്‍ത്തുന്നു.
ആരോഗ്യ രംഗത്ത് മികച്ച നേട്ടമാണ് കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനം കൈവരിച്ചത്. ആരോഗ്യമുളള സമൂഹത്തിന്റെ അംഗീകൃത സൂചകങ്ങളായ പൊതുമരണ നിരക്ക്, ശിശുമരണ നിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളം. പകര്‍ച്ച വ്യാധികളെയും സാംക്രമിക രോഗങ്ങളെയും നിയന്ത്രിക്കുന്നതിലും ഏറെ മുന്നേറിയിരുന്നു. ഈ നേട്ടം നിലനിര്‍ത്താന്‍ സംസ്ഥാനത്തിനായില്ലെന്നാണ് കാലവര്‍ഷത്തോടൊപ്പം കടന്നുവരുന്ന പകര്‍ച്ച വ്യാധികളുടെ വ്യാപനം ബോധ്യപ്പെടുത്തുന്നത്. മഴക്കാലത്ത് സംസ്ഥാനത്തെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞു കവിയുകയാണിപ്പോള്‍. പകര്‍ച്ചവ്യാധി മൂലമുള്ള മരണങ്ങളും ധാരാളമായി റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യ ഡയറക്ടറേറ്റിലെ പൊതുജനാരോഗ്യ സംഘം തയാറാക്കിയ പ്രവര്‍ത്തന മാര്‍ഗരേഖയിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 2012ല്‍ പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവ ബാധിച്ചവരുടെ കണക്ക് യഥാക്രമം 23 ലക്ഷം, 4056, 62 എന്നിങ്ങനെയാണെങ്കില്‍ 2015ല്‍ അത് 26.6 ലക്ഷം,4113,152 എന്നിങ്ങനെയാണ്. എലിപ്പനി ബാധിച്ചവരുടെ എണ്ണം 736ല്‍ നിന്ന് 1009ലേക്കും വയറിളക്കം 35.7ലക്ഷത്തില്‍ നിന്ന് 46.6ലക്ഷത്തിലേക്കും ഉയര്‍ന്നു.
സംസ്ഥാനത്ത് മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. ഈ വര്‍ഷം മെയ് മാസത്തില്‍ നടന്ന തിരഞ്ഞെടുപ്പ് ശുചീകരണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയുണ്ടായി. ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന വാര്‍ഡ് തല സാനിറ്റേഷന്‍ സമിതിയാണ് ശുചീകരണ, മലിനീകരണ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്താറ്. ഇത്തവണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലായതിനാല്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ ശ്രദ്ധിക്കാനായില്ല. മലപ്പുറത്ത് ബഹുഭൂരിപക്ഷം പഞ്ചായത്തുകളും നഗരസഭകളും ശുചിത്വത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന പരാതി നേരത്തെയുണ്ട്. മിക്ക വാര്‍ഡുകളിലും ശുചിത്വ സമിതികള്‍ നിര്‍ജീവമാണ്. മാലിന്യ സംസ്‌കരണം നടക്കുന്നില്ല. കഴിഞ്ഞ വര്‍ഷം മഴക്കാല ശുചീകരണത്തിനായി ശുചിത്വമിഷന്‍ നല്‍കുന്ന ഫണ്ട് ഉപയോഗിച്ചത് ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ 17 എണ്ണവും 12 നഗരസഭകളില്‍ അഞ്ചെണ്ണവും മാത്രമാണ്. 25,000 രൂപയാണ് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിനും അനുവദിക്കുന്നത്. ഇത് മെയ്മാസത്തോടെ വിനിയോഗിക്കണമെന്നാണ് ചട്ടം. രോഗങ്ങളോടുള്ള തെറ്റായ സമീപനവും സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. പല പകര്‍ച്ച വ്യാധികള്‍ക്കും മരുന്നിനേക്കാളേറെ വിശ്രമമാണ് ആവശ്യം. എന്നാല്‍ വിശ്രമത്തിന് മിക്ക പേരും തയാറല്ല. ഇത് രോഗം മൂര്‍ച്ഛിക്കാനും മറ്റുള്ളവരിലേക്ക് പകരാനും ഇടയാക്കുന്നു.
പ്രതിരോധ കുത്തിവെപ്പിനോടുള്ള ആളുകളുടെ വൈമസ്യമാണ് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമെന്നാണ് അധികൃതരുടെ പക്ഷം. ഇത് പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണ്. പകര്‍ച്ചവ്യാധികള്‍ ഒരാഗോള പ്രതിഭാസമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലോകത്ത് 1100 തരം പുതിയ പകര്‍ച്ച വ്യാധികള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്തിലെവിടെ കണ്ടെത്തുന്ന പുതിയ വൈറസുകളും ചുരുങ്ങിയ കായളവിനുള്ളില്‍ കേരളത്തിലെത്തുന്നുണ്ട്. ഇത്തരം പുതിയ വൈറസുകളുടെ കടന്നു കയറ്റമാണ് മിക്കപ്പോഴും സാംക്രമിക രോഗങ്ങള്‍ക്ക് കാരണമാകുന്നത്. പുതിയ വൈറസുകള്‍ പരത്തുന്ന പനിയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇതുവരെയും പ്രതിരോധ മരുന്നുകള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തെറ്റായ ജീവിത രീതികളാണ് പുതിയ വൈറസുകളുടെ ഉത്ഭവത്തിന് കാരണം.
സമൂഹത്തിലെ വാക്‌സിനേഷന്‍ വിരുദ്ധ മനോഭാവം ദുരീകരിച്ചു എല്ലാവരും പ്രതിരോധ കുത്തിവെപ്പ് എടുത്തുവെന്ന് ഉറപ്പാക്കുകയും വാക്‌സിന്‍ അവബോധ ക്യാമ്പയില്‍ ശക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതോടൊപ്പം പരിസര ശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുകയും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ടവര്‍ കൂടുതല്‍ ശ്രദ്ധിക്കുകയും തെറ്റായ ജീവിത രീതി കൈവെടിയുകയും ചെയ്‌തെങ്കില്‍ മാത്രമേ പതിറ്റാണ്ടുകളുടെ പ്രയത്‌നത്തിലൂടെ കൈവരിച്ച നേട്ടങ്ങള്‍ നമുക്ക് നിലനിര്‍ത്താനാവുകയുള്ളു.