ബംഗ്ലാദേശില്‍ ‘പീസ്’ മൊബൈലുകള്‍ക്കും നിരോധനം; സ്‌കൂളുകള്‍ സംശയ നിഴലില്‍

Posted on: July 15, 2016 12:11 am | Last updated: July 15, 2016 at 12:11 am
SHARE

ധാക്ക: ബംഗ്ലാദേശില്‍ പീസ് മൊബൈലുകള്‍ക്ക് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. സാകിര്‍ നായികിന് പ്രചാരം കിട്ടുന്ന എല്ലാ പ്രവര്‍ത്തികളും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ടെലികോം വകുപ്പ് അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ നായികിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്ന സംവിധാനമുള്ള ഇസ്‌ലാമിക് ഫോണ്‍ എന്ന പേരിലാണ് ഇതിന്റെ വിപണനം നടന്നിരുന്നത്.
അതിനിടെ പീസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെ കുറിച്ചും സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി പീസ് ടീവിയുടെ പ്രവര്‍ത്തനം ബംഗ്ലാദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ബംഗ്ലാദേശില്‍ വിവിധയിടങ്ങളിലായി പീസ് എന്ന പേരില്‍ 28 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഈ സ്‌കൂളുകളെ കുറിച്ചെല്ലാം അന്വേഷണം ആരംഭിച്ചതായി ബംഗ്ലാദേശ് ന്യൂസ് 24ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.