ജോലി വാഗ്ദാനം നല്‍കി വഞ്ചിച്ചതായി പരാതി

Posted on: July 5, 2016 9:56 am | Last updated: July 5, 2016 at 9:56 am
SHARE

കോഴിക്കോട്: യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 22 യുവാക്കളില്‍ നിന്ന് 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. കൊല്ലം നോര്‍ത്ത് പറവൂര്‍ പൂതക്കുളം സ്വദേശി ജീനസ് പ്രസാദിനെതിരെയാണ് തട്ടിപ്പിനിരയായാവര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവാക്കളെ ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് റഷ്യയിലെത്തിച്ച് പണം വാങ്ങി പ്രസാദ് കബളിപ്പിക്കുകയായിരുന്നു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ യുവാക്കളാണ് തട്ടിപ്പിന് ഇരയായത്. ജീനസ് പ്രസാദിന്റെ സുഹൃത്തായ മനോജ് ലോറന്‍സ് എന്ന റൂണിയാണ് വിദേശത്ത് പോവാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുന്ന കണ്ണിയായി പ്രവര്‍ത്തിച്ചതെന്ന് തട്ടിപ്പിനിരയായ യുവാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റഷ്യ വഴിയാണ് യാത്രയെന്ന് പറഞ്ഞ് ജനുവരി മുതല്‍ മാര്‍ച്ച് വരെ പല ദിവസങ്ങളിലായി പ്രസാദ് യുവാക്കളെ കൊച്ചിയില്‍ നിന്നും റഷ്യയിലെത്തിച്ചു. വിസിറ്റിംഗ് വിസയിലാണ് ഇവരെ റഷ്യയിലെത്തിച്ചത്. ഓരോരുത്തരില്‍ നിന്നും മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ ഇയാള്‍ കൈപ്പറ്റി. റഷ്യക്കാരനായ ആര്‍ത്തൂര്‍ എന്നയാളുടെ വീട്ടിലും ഫഌറ്റിലുമായാണ് യുവാക്കളെ താമസിപ്പിച്ചത്. ഭക്ഷണച്ചെലവിലേക്കായി 300 ഡോളര്‍ വീതം വാങ്ങുകയും വിസ അടിക്കാനെന്ന വ്യാജേന എല്ലാവരുടെയും പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തുകയും ചെയ്തു. വിസ നഷ്ടപ്പെട്ടതിനാല്‍ അഞ്ച് മാസത്തോളം യുവാക്കള്‍ക്ക് റഷ്യയില്‍ തങ്ങേണ്ടിവന്നു. വിസിറ്റിംഗ് വിസയുടെ കാലാവധി തീരാറായിട്ടും ജോലിക്കുള്ള നടപടികളൊന്നും ഇല്ലാതായപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ വാണ്ടഡ് ക്രിമിനല്‍ ആയി രേഖപ്പെടുത്തിയ വ്യക്തിയാണ് ജീനസ് എന്നും നൂറിലേറെ പേര്‍ അയാളുടെ ചതിയില്‍പെട്ട് എംബസി വഴി ഇന്ത്യയിലേക്ക് തിരികെ പോന്നിട്ടുണ്ടെന്നുമാണ് അറിഞ്ഞത്. എംബസി അനുവദിച്ച ബദല്‍ പാസ്‌പോര്‍ട്ടുമായി കഴിഞ്ഞ് മാസമാണ് നാട്ടിലെത്തിയതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
കേസ് നല്‍കരുതെന്ന് പറഞ്ഞ് ജീനസ് വധഭീഷണി മുഴക്കിയെന്നും യുവാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി, ഡി ജി പി, മനുഷ്യാവകാശ കമ്മീഷന്‍, ഫറോക്ക് പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും രാമനാട്ടുകര സ്വദേശികളായ പി ഉമേഷ്, കെ ജയറാം, സന്തോഷ്‌കുമാര്‍, തേഞ്ഞിപ്പാലം സ്വദേശി പി വിനീഷ്, എം അനീഷ് എം വി രതീഷ് എന്നിവര്‍ പറഞ്ഞു.