നവജാത ശിശുക്കളിലെ തൈറോയ്ഡ് പരിശോധനയിലൂടെ ബുദ്ധിമാന്ദ്യം തടയാം: ആരോഗ്യവിദഗ്ധര്‍

Posted on: July 5, 2016 5:04 am | Last updated: July 5, 2016 at 1:05 am
SHARE

കൊച്ചി: തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവ് മൂലം ഉണ്ടാകുന്ന ബുദ്ധിമാന്ദ്യം ജനിച്ച ഉടനെ തൈറോയ്ഡ് ടെസ്റ്റ് നടത്തി ചികിത്സ നല്‍കുന്നതിലൂടെ പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍. നവജാത ശിശുക്കളുടെ രക്തസാമ്പിള്‍ ശേഖരിച്ച് തൈറോയ്ഡ് ഹോര്‍മോണ്‍ വ്യതിയാനം കണ്ടെത്തുന്നതിനുള്ള ടി 4, ടി എസ് എച്ച് എന്നീ ടെസ്റ്റുകള്‍ നടത്തുകയും തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് മുടങ്ങാതെ മരുന്നു നല്‍കുകയും ചെയ്താല്‍ ബുദ്ധിമാന്ദ്യം സംഭവിക്കാനുള്ള സാധ്യത പൂര്‍ണമായും തടയാന്‍ കഴിയുമെന്ന് എറണാകുളം അമൃത ആശുപത്രിയിലെ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. നിഷ ഭവാനി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും തൈറോയ്ഡ് ടെസ്റ്റ് നടത്താനുള്ള കേന്ദ്രീകൃത സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അവര്‍ നിര്‍ദേശിച്ചു.
ജനിക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് തൈറോയ്ഡ് ഹോര്‍മോണ്‍ കുറവുള്ളതാണ് കണ്‍ജെനിറ്റല്‍ ഹൈപ്പോ തൈറോയിഡിസം. ജന്‍മനാ തൈറോയിഡ് ഹോര്‍മോണിന്റെ കുറവുള്ള കുട്ടികള്‍ വളര്‍ച്ചയുടെ ഓരോ ഘട്ടവും കഴിയുന്നതോടെ ക്രമാനുഗതമായി അവരുടെ ബുദ്ധിവികാസം നിലക്കുകയും പിന്നീട് ജീവിതത്തിലൊരിക്കലും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത വിധത്തില്‍ ബുദ്ധിമാന്ദ്യം സംഭവിക്കുകയും ചെയ്യും. എന്നാല്‍, ജനിച്ച ഉടനെ ഹൈപ്പോതൈറോയ്ഡിസം പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരത്തില്‍ ബുദ്ധിമാന്ദ്യം സംഭവിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും. കണ്‍ജെനിറ്റല്‍ ഹൈപ്പോ തൈറോയിഡിസം കണ്ടെത്തിയാല്‍ ലീവോതൈറോക്‌സില്‍ എന്ന ഒരു രൂപ മാത്രം വിലയുള്ള ഗുളിക ഉപയോഗിച്ച് അതു ചികില്‍സിച്ചു ബുദ്ധിമാന്ദ്യം എന്ന പ്രശ്‌നത്തെ മറി കടക്കാം. എന്നാല്‍ ഈ പ്രശ്‌നമുള്ള കുട്ടികളെ തിരിച്ചറിയുക ഏറെ ബുദ്ധിമുട്ടാണ്.
കണ്‍ജെനിറ്റല്‍ ഹൈപ്പോതൈറോയിഡിസം കണ്ടത്താനായി എല്ലാ കുട്ടികള്‍ക്കും സ്‌ക്രീനിംഗ് നടത്തുകയെന്നതാണ് ഇവിടെയുള്ള മാര്‍ഗ്ഗം. ഹൈപ്പോതൈറോയിഡിസം ബാധിച്ച കുട്ടികളില്‍ ബുദ്ധിമാന്ദ്യത്തിന് പുറമേ പ്രായത്തില്‍ കുറഞ്ഞ ശരീര വളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങളും കണ്ടുവരുന്നു. ഡോ. നിഷ ചൂണ്ടിക്കാട്ടി.