ഈജിപ്ത് എയര്‍ വിമാനം തകരുന്നതിന് മുമ്പ് കോക്പിറ്റില്‍ നിന്ന് പുക ഉയര്‍ന്നിരുന്നതായി കണ്ടെത്തി

Posted on: July 1, 2016 5:49 am | Last updated: July 1, 2016 at 12:49 am
SHARE

കൈറോ: തകര്‍ന്ന് വീണ ഈജിപ്ത് എയര്‍ വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് വിമാനം തകരുന്നതിന് മുമ്പ് പുക ഉയര്‍ന്നിരുന്നതായി കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്‌ബോക്‌സില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് ഇത് വ്യക്തമായത്. മെയ് 19ന് പാരീസില്‍ നിന്ന് കൈറോവിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇലക്ട്രോണിക് സര്‍ക്യൂട്ട് മൂലമുണ്ടാകുന്ന പുക പടലങ്ങള്‍ ബ്ലാക്ക് ബോക്‌സില്‍ നിന്ന് കണ്ടെത്തിയതായി ഈജിപ്ഷ്യന്‍ അന്വേഷണ കമ്മിറ്റി പറഞ്ഞു.
വിമാനം തകരുന്നതിന് മുന്നോടിയായി വിമാനത്തിലെ ഓട്ടോമേറ്റഡ് എയര്‍ ക്രാഫ്റ്റ് കമ്മ്യൂണിക്കേഷന്‍ അഡ്രസിംഗ് ആന്‍ഡ് റിപ്പോര്‍ട്ടിംഗ് സംവിധാനത്തില്‍ നിന്ന് പുക ഉയരുന്നതിന്റെ അപായ സൂചനകള്‍ ഉണ്ടായിരുന്നതായി അന്വേഷണ കമ്മിറ്റി നേരത്തെ പറഞ്ഞിരുന്നു.
ഉയര്‍ന്ന സമ്മര്‍ദം മൂലം വിമാനത്തിന്റെ മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നതായി ബുധനാഴ്ച അന്വേഷണ കമ്മിറ്റി ഇറക്കിയ പ്രസ്താവനയിലുണ്ട്. വിമാനം തകരുന്ന സമയത്ത് തെളിഞ്ഞ ആകാശമായിരുന്നുവെന്ന് എയര്‍ ക്രാഫ്റ്റ് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
കോക്പിറ്റിലെ വോയ്‌സ് റെക്കോര്‍ഡറും ബ്ലാക്ക് ബോക്‌സിന്റെ അവശിഷ്ടങ്ങളും നേരത്തെ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ ഗുരുതര കേടുപാടുകളോടെ കണ്ടെത്തിയിരുന്നു. ഇനിയും കണ്ടെത്താത്ത യാത്രക്കാര്‍ക്ക് വേണ്ടിയും ജീവനക്കാര്‍ക്ക് വേണ്ടിയും തിരച്ചില്‍ തുടരുമെന്നും അന്വേഷണ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.