വനിതാ അഭയകേന്ദ്രത്തിലെ സഹോദരിമാര്‍ക്ക് റമദാന്‍ കിറ്റുമായി നവയുഗം വനിതാവേദി

Posted on: June 29, 2016 9:01 pm | Last updated: June 29, 2016 at 9:01 pm

ദമ്മാം: പുണ്യമാസത്തില്‍ കാരുണ്യത്തിന്റെ തൂവല്‍സ്പര്‍ശവുമായി നവയുഗം സാംസ്‌കാരികവേദിയുടെ വനിതാവേദി, ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹായത്തോടെ, വനിതാ അഭയകേന്ദ്രത്തിലെ (തര്‍ഹീല്‍) അശരണരായ സഹോദരിമാര്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു.

സ്വപ്നങ്ങള്‍ വിറ്റു പെറുക്കി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനായി വിമാനം കയറി സൗദി അറേബ്യയില്‍ വന്നു ചേരുകയും, എന്നാല്‍ ദുര്‍വിധിയും പ്രതികൂലസാഹചര്യങ്ങളും കാരണം അനുഭവിയ്‌ക്കേണ്ടി വന്ന കയ്‌പ്പേറിയ അനുഭവങ്ങളുടെ ബാക്കിപത്രവുമായി തര്‍ഹീലിലെത്തപ്പെടുകയും നാട്ടിലേയ്ക്ക് തിരികെ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയുമായി ജീവിയ്ക്കുന്ന ഇരുപതോളം ഇന്ത്യാക്കാരികള്‍ ദമ്മാം വനിതാ തര്‍ഹീലില്‍ കഴിയുന്നുണ്ട്. ഇവരുടെ സഹായത്തിനായി അശ്രാന്തപരിശ്രമം ചെയ്യുന്ന നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്റെ നേതൃത്വത്തിലാണ് നവയുഗം വനിതാവേദി പ്രവര്‍ത്തകര്‍ തര്‍ഹീലില്‍ എത്തിയത്.

അന്തരിച്ച നവയുഗം വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവര്‍ത്തകയുമായ സഫിയ അജിത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന ചടങ്ങില്‍ വെച്ച്, നവയുഗം വനിതാവേദി നേതാക്കളായ സുമി ശ്രീലാല്‍, പ്രതിഭ പ്രിജി, ലീന ഉണ്ണികൃഷ്ണന്‍, ശരണ്യ ഷിബു, മിനി ഷാജി, ഷീബ ദാസ്, ആര്‍ദ്ര ഉണ്ണി, എന്നിവര്‍ ചേര്‍ന്ന് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, നൂറിലധികം വനിതകളാണ് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാം വനിതാ തര്‍ഹീലില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയത്.