തോക്ക് നിയന്ത്രണത്തിനുള്ള നീക്കത്തിന് യു എസ് സെനറ്റില്‍ തിരിച്ചടി

Posted on: June 22, 2016 5:16 am | Last updated: June 22, 2016 at 12:18 am

downloadന്യൂയോര്‍ക്ക്: ഓര്‍ലാന്‍ഡോ നിശാക്ലബ്ബ് വെടിവെപ്പ് ആക്രമണ പശ്ചാത്തലത്തില്‍ തോക്കുകള്‍ക്ക് നിയന്ത്രണം വേണമെന്നുള്ള ആവശ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള യു എസ് സെനറ്റ് തള്ളിക്കളഞ്ഞു. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും അവരുടെ സ്ഥാനാര്‍ഥികളെ അവസാനമായി പ്രഖ്യാപിക്കുന്നതിന് ഇനി ഒരു മാസം മാത്രം അവശേഷിക്കവെയാണ് സെനറ്റിന്റെ ഈ തീരുമാനം. അമേരിക്ക നേരിടുന്ന വലിയൊരു ഭീഷണിയായിട്ട് പോലും ഈ വിഷയത്തില്‍ സംയുക്തമായ മുന്നേറ്റം നടത്താന്‍ ഇരു പാര്‍ട്ടികള്‍ക്കുമായില്ല.
തോക്ക് നിയന്ത്രണം ലക്ഷ്യംവെച്ച് മുന്നോട്ടുവെച്ച നാല് ഭേദഗതികളും ഇരുപാര്‍ട്ടികളും തള്ളിക്കളയുകയായിരുന്നു. ഓരോ പാര്‍ട്ടിയും രണ്ട് ഭേദഗതികളാണ് മുന്നോട്ടുവെച്ചിരുന്നത്.
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരാള്‍ നടത്തിയ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെടുന്നത് ഓര്‍ലാന്‍ഡോ ആക്രമണത്തിലായിരുന്നു. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
അതേസമയം, യു എസ് സെനറ്റിന്റെ ഈ നീക്കത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഓര്‍ലാന്‍ഡോ പോലുള്ള ആക്രമണങ്ങള്‍ അമേരിക്കയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്നതാണെങ്കിലും കോണ്‍ഗ്രസിലെ അംഗങ്ങള്‍ അവരുടെ വ്യക്തി താത്പര്യങ്ങള്‍ മാത്രം ലക്ഷ്യമാക്കി ഇത്തരം നിയന്ത്രണങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഹിരാം കോളജിലെ പോളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ജാസണ്‍ ജോണ്‍സണ്‍ പറഞ്ഞു. നാഷനല്‍ റൈഫിള്‍ അസോസിയേഷനി(എന്‍ ആര്‍ എ)ല്‍ നിന്നുള്ള പണമാണ് അവര്‍ക്ക് വേണ്ടത്. അവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടതിന് ആവശ്യമായ പണം കണ്ടെത്താനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഫ് ബി ഐയുടെ സംശയനിഴലിലുള്ളവര്‍ക്ക് തോക്ക് വില്‍പ്പന നടത്താതിരിക്കുക, തോക്ക് ഷോകളിലും മറ്റും ആയുധങ്ങള്‍ വാങ്ങുന്നവരുടെ ക്രിമിനല്‍, മാനസിക പശ്ചാത്തലം ശക്തമായി പരിശോധിക്കുക എന്നീ ആവശ്യങ്ങളുള്‍ക്കൊള്ളുന്ന ഭേദഗതിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ നിര്‍ദേശങ്ങളെ ഡെമോക്രാറ്റിക് അംഗങ്ങള്‍ തള്ളിക്കളഞ്ഞു. തോക്കിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന ഏതൊരു നീക്കത്തിനും എതിരാണെന്നാണ് അവരുടെ പക്ഷം.
എന്നാല്‍ എഫ് ബി ഐയുടെ സംശയ നിഴലിലുള്ളവര്‍ തോക്ക് വാങ്ങാന്‍ താത്പര്യപ്പെടുമ്പോള്‍ 72 മണിക്കൂര്‍ വെയ്റ്റിംഗ് പിരീഡ് അനുവദിക്കുകയും ആവശ്യമെങ്കില്‍ കോടതിക്ക് ഇടപെട്ട് തടയാവുന്ന സംവിധാനം സൃഷ്ടിക്കുകയും ചെയ്യുക എന്ന ഭേദഗതിയാണ് റിപ്പബ്ലിക്കന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ ഭേദഗതിയെ ഡെമോക്രാറ്റുകളും തള്ളിക്കളഞ്ഞു. നൂറില്‍ 60 വോട്ടെങ്കിലും ഉണ്ടെങ്കിലേ സെനറ്റില്‍ ബില്‍ പാസ്സാക്കാനാകൂ. 2012 ഡിസംബറില്‍ ഇതിന് സമാനമായ മറ്റൊരു നിയന്ത്രണ നീക്കത്തിന് സെനറ്റില്‍ ശ്രമം നടന്നിരുന്നെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.