ഓട്ടുപാറ കൂളിമാട് റോഡ് നിര്‍മാണം; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

Posted on: June 18, 2016 11:10 am | Last updated: June 18, 2016 at 11:10 am
SHARE

എടവണ്ണപ്പാറ: ഓട്ടുപാറ കൂളിമാട് റോഡ് നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടെന്ന് കാണിച്ച് വിജിലന്‍സിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അന്വേഷണമാരംഭിച്ചു. നബാര്‍ഡിന് കീഴില്‍ രണ്ടേകാല്‍ കോടി രുപാ ചിലവില്‍ നിര്‍മ്മാണമാരംഭിച്ച റോഡ് നിര്‍മ്മാണം അശാസ്ത്രീയവും ടാറിംഗ് കുണ്ടും കുഴികള്‍ നിറഞ്ഞതും പ്രധാന ഭാഗങ്ങളില്‍ െ്രെടയിനേജ് ഇല്ലാത്തതും ചൂണ്ടി കാട്ടിയാണ് പൊതുജന താല്‍പ്പര്യ പ്രകാരം ചിലര്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്. വ്യാഴയാഴ്ച പതിനൊന്ന് മണിക്ക് വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി അന്വേഷണമാരംഭിച്ചു. പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനിയര്‍ സൂപ്പര്‍വൈസര്‍ എന്നിവരും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു. എടവണ്ണപ്പാറ മുതല്‍ ഓട്ടുപാറ കൂളിമാട് റോഡ് അവസാനിക്കുന്ന മപ്രം ജുമുഅത്ത് പള്ളിയുടെ അടുത്ത് വരെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. ഓട്ടുപാറ കുളിമാട് റോഡ് ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം തുടങ്ങിയിരുന്നുവെങ്കിലും ഇതുവരെയായി ടാറിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മപ്രം തടായിയിലെ ഗ്യാസ് ഗോഡൗണ്‍ വരെയാണ് ടാറിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ളത്’. റോഡ് നിര്‍മ്മാണത്തിനിടെ കൊന്നാര് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ വാട്ടര്‍ അതോററ്റിയുടെ അനുമതി കൂടാതെ പൊട്ടിച്ചത് റോഡ് നിര്‍മ്മാണത്തെ സാരമായി ബാധിച്ചു. അഴുക്കുചാല്‍ ഇല്ലാത്തതിനാല്‍ മഴവെള്ളം റോഡില്‍ നിന്ന് നേരെ സ്വകാര്യ പറമ്പുകളിലേക്ക് വരുന്നതിനാല്‍ സ്ഥലമുടമകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാട്ടുകാരില്‍ ചിലര്‍ വിജിലന്‍സിന് പരാതി നല്‍കിയത്.