അടുത്ത റമസാനിലെ സമ്മാനമായി ഫ്രഞ്ച് മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക് സെന്റര്‍

Posted on: June 17, 2016 8:11 pm | Last updated: June 17, 2016 at 8:11 pm
SHARE

french islamic centreദോഹ: അടുത്ത വര്‍ഷം ഫ്രാന്‍സില്‍ ഖത്വറിന്റെ ഇസ്‌ലാമിക് സെന്റര്‍ ആരംഭിക്കും. 110 മില്യന്‍ ഖത്വര്‍ റിയാല്‍ ചെലവില്‍ ഖത്വര്‍ ചാരിറ്റിയാണ് യൂറോപ്പിലെ ഏറ്റവും വലി ഇസ്‌ലാമിക് സെന്റര്‍ ഫ്രാന്‍സില്‍ ആരംഭിക്കുന്നത്. ഫ്രാന്‍സിന്റെ വടക്കുകിഴക്കന്‍ മേഖലയായ മിലോസ് സിറ്റിയിലാണ് അല്‍ നൂര്‍ എന്ന പേരുള്ള സെന്റര്‍ നിര്‍മിക്കുന്നത്. അടുത്ത റമസാനില്‍ ഇത് തുറക്കാനാകും.
ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാഷ്ട്രങ്ങളുടെ അതിര്‍ത്തിപ്രദേശത്താണ് കേന്ദ്രം സ്ഥിതി ചെയ്യുക. നഗരത്തിലെ മൊത്തം ജനസംഖ്യയുടെ 20 ശതമാനം മുസ്‌ലിംകളാണ്. മൂന്ന് രാഷ്ട്രങ്ങളിലെയും ഒന്നര ലക്ഷം പേര്‍ക്ക് ഇത് പ്രയോജനം ചെയ്യും.
കഴിഞ്ഞ ദിവസം ഖത്വര്‍ ചാരിറ്റി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. കേന്ദ്രത്തിന്റെ പുരോഗതിയെ സംബന്ധിച്ച് വിശദീകരിക്കാനും ഫണ്ട് സ്വരൂപിക്കാനും സെന്ററിന്റെ ഗവേണിംഗ് കൗണ്‍സില്‍ പ്രതിനിധികള്‍ ഖത്വറിലുണ്ട്. ഇവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കേന്ദ്രത്തിന്റെ 55 ശതമാനം നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. പ്രാദേശിക ഭരണകൂടം സെന്റര്‍ നിര്‍മാണത്തിന് സഹായങ്ങളും പൂര്‍ണ പിന്തുണയും അറിയിച്ചിട്ടുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രതിനിധി സംഘത്തിലെ ഹിന്ദ് അല്‍ മുഹാഫിദ് പറഞ്ഞു. മിലോസ് സിറ്റിയിലെ മുസ്‌ലിം സമൂഹത്തിന്റെ സ്വപ്‌ന പദ്ധതിയാണ് കേന്ദ്രം. പ്രവര്‍ത്തന ചെലവ് മറികടക്കുന്നതിന് വാണിജ്യ സൗകര്യങ്ങളും സെന്ററില്‍ ഉണ്ട്. ഇസ്‌ലാമോഫോബിയ, വംശീയത, വിദ്വേഷ പ്രസംഗം തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ അധികൃതരോടൊപ്പം പോരാടാന്‍ കേന്ദ്രം സഹായിക്കും. മസ്ജിദ്, സ്‌കൂള്‍, ദഅ്‌വ സെന്റര്‍, അറബി ഭാഷ സ്ഥാപനം, ഖുര്‍ആന്‍ കേന്ദ്രം, സാംസ്‌കാരിക കേന്ദ്രം, ഇസ്‌ലാമിക് സ്റ്റഡീസ് സ്ഥാപനം തുടങ്ങിയവ സെന്ററില്‍ ഉണ്ടാകും. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിയിലൂടെ 1100ലേറെ വിദ്യാര്‍ഥികള്‍ക്ക് മത-ഭൗതിക സമന്വയ വിദ്യാഭ്യാസം ലഭിക്കും.
ഇസ്‌ലാമിനെയും അധ്യാപനങ്ങളെയും പരിചയപ്പെടുത്തുന്നതിന് ലോകമെമ്പാടും ഇത്തരം സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന ഗൈത് ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമാണ് ഫ്രാന്‍സിലെ ഇസ്‌ലാമിക് കേന്ദ്രവും. അല്‍ നൂര്‍ സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് എട്ട് മില്യന്‍ ഖത്വര്‍ റിയാല്‍ ആവശ്യമാണ്. ഇതിനുള്ള പ്രചാരണം ഖത്വര്‍ ചാരിറ്റി ആരംഭിച്ചിട്ടുണ്ട്.