ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ്:  ഷീലാ ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കും

Posted on: June 17, 2016 6:02 am | Last updated: June 17, 2016 at 12:25 am

sheela dikshithന്യൂഡല്‍ഹി: ഒരു കാലത്ത് ശക്തി കേന്ദ്രമായിരുന്ന ഉത്തര്‍ പ്രദേശില്‍ നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ മുന്നില്‍ നിര്‍ത്തിയേക്കും. ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്ന് തവണ മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിന് പാര്‍ട്ടിയെ യു പിയില്‍ ശക്തമായ നിലയില്‍ നയിക്കാന്‍ സാധിക്കുമെന്നും അവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ കണക്കു കൂട്ടുന്നത്. ബ്രാഹ്മണ സമുദായാംഗമെന്ന നിലയില്‍ മുന്നാക്ക സമുദായക്കാരുടെ വോട്ട് അനുകൂലമാക്കി മാറ്റാനാകുമെന്ന കണക്കുകൂട്ടലും പാര്‍ട്ടിക്കുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഷീലാ ദീക്ഷിത് പങ്കെടുത്തു. ഇതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള അഭ്യൂഹത്തിന് ശക്തി കൂടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ വിദഗ്ധനായ പ്രശാന്ത് കിശോറാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ ഷീലാ ദീക്ഷിത് നയിക്കട്ടെയെന്ന് നിര്‍ദേശിച്ചതെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന അഭിപ്രായമാണ് കിശോര്‍ നേരത്തേ മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ ഇവര്‍ വിസമ്മതം രേഖപ്പെടുത്തിയതോടെയാണ് ഷീലയുടെ പേര് എടുത്തിട്ടത്. സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന് ഉടന്‍ പ്രഖ്യാപിക്കണമെന്നും വോട്ടര്‍മാരുമായി അടുത്തിടപഴകാന്‍ അവസരമൊരുക്കണമെന്നും യു പിയുടെ ചുമതലയുള്ള എ ഐ സി സി അംഗം ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടികള്‍ പുതു തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങിയിട്ടുണ്ട്. ബി എസ് പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ബി എസ് പി ഇതിന് സമ്മതം മൂളിയിട്ടില്ല.
ബ്രാഹ്മണ സമുദായ വോട്ടുകള്‍ ബി ജെ പിയിലേക്ക് മറിയാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ടാണ് പ്രശാന്ത് കിഷോര്‍, ഷീലാ ദീക്ഷിതിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് അറിയുന്നത്. 1999 മുതല്‍ 2014 വരെ തുടര്‍ച്ചയായ മൂന്ന് വട്ടം ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് വേണ്ടി അധികാരം പിടിച്ച ഷീല ദീക്ഷിത് ആം ആദ്മിക്ക് അടിയറവ് പറയുകയായിരുന്നു.