മരിച്ചെന്ന് കരുതിയ സൈനികന്‍ ഏഴ് വര്‍ഷത്തിന് ശേഷം തിരിച്ചെത്തി

Posted on: June 16, 2016 1:10 pm | Last updated: June 16, 2016 at 1:10 pm
SHARE

dharam veerഡെറാഡൂണ്‍: മരിച്ചതായി സൈന്യവും വീട്ടുകാരും വിധിയെഴുതിയ സൈനികന്‍ ഏഴ് വര്‍ഷത്തിനു ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. ഡെറാഡൂണ്‍ സ്വദേശിയായ ധരംവീര്‍ സിംഗ് ആണ് സിനിമയെ വെല്ലുന്ന കഥയുമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ഏഴ് വര്‍ഷം മുമ്പ് 2009ല്‍ ഡെറാഡൂണിലുണ്ടായ ഒരു അപകടത്തില്‍പെട്ട ധരംവീറിന് ഓര്‍മ്മ നഷ്ടപ്പെടുകയായിരുന്നു. ഈ സമയം ഡെറാഡൂണിലെ 66 സായുധ റെജിമെന്റിലെ ജവാനായിരുന്നു ധരംവീര്‍. ഇദ്ദേഹം ഓടിച്ചിരുന്ന സൈനിക വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ധരംവീര്‍ സിംഗിനൊപ്പമുണ്ടായിരുന്ന സൈനികരെ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ധരംസിംഗിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

ധരംവീറിനായി സൈന്യം ഏറെ തിരച്ചില്‍ നടത്തി. കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മൂന്നു വര്‍ഷത്തിനു ശേഷം ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കി. കുടുംബത്തിന് പെന്‍ഷനും അനുവദിച്ചു. എന്നാല്‍ ഈ സമയത്ത് ഓര്‍മ്മയില്ലാതെ ഹരിദ്വാരിലെ തെരുവുകളില്‍ ഭിക്ഷയാചിച്ച് അലഞ്ഞ ധരംവീര്‍ സിംഗ് അടുത്തകാലത്ത് വീണ്ടും ഒരു ബൈക്കപകടത്തില്‍പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ധരംവീറിന് ഓര്‍മ്മ തിരിച്ചുകിട്ടുകയുമായിരുന്നു. ഇതോടെ ധരംവീര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിവന്നു.

ആശുപത്രിയില്‍ എത്തിച്ച ബൈക്ക് യാത്രികന്‍ നല്‍കിയ 500 രൂപ ഉപയോഗിച്ച് ഡല്‍ഹിക്കുള്ള ടിക്കറ്റ് എടുത്തു. തുടര്‍ന്ന് ഭട്ടേദയിലെ വീട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ധരംവീര്‍ വീട്ടില്‍ മടങ്ങിയെത്തിയത്. ഭര്‍ത്താവ് മരിച്ചുവെന്ന് അദ്ദേഹത്തിനുവേണ്ടി ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന ഭാര്യ മനോജ് ദേവി്കക്ക് ഇരട്ടി മധുരം കൂടിയാണ് ധരംവീര്‍ സിംഗിന്റെ മടങ്ങിവരവ്.

ഭാര്യയെയും രണ്ട് പെണ്‍മക്കളെയും സഹോദരനെയും തിരിച്ചറിയാന്‍ ധരംവീറിന് കഴിഞ്ഞു. ‘മക്കള്‍ ഏറെ വളര്‍ന്നുപോയെന്നും അവര്‍ പത്താം ക്ലാസിലൂം പന്ത്രണ്ടാം ക്ലാസിലും പഠിക്കുന്ന മുതിര്‍ന്ന പെണ്‍കുട്ടികളായെന്നും’ ധരംവീര്‍ പറഞ്ഞു. ധരംവീറിനെ വിദഗ്ധ ചികിത്സക്കായി കുടുംബം ജയ്പൂരിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോള്‍.