Connect with us

Malappuram

ന്യൂനപക്ഷ സംവരണ തസ്തികകളില്‍ വ്യാപക അട്ടിമറി

Published

|

Last Updated

തിരൂര്‍: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സര്‍ക്കാര്‍, പൊതുമേഖലാ തസ്തികകളില്‍ വ്യാപകമായി അട്ടിമറി നടന്നത് കണ്ടെത്തിയിരുന്നതായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം അഡ്വ. കെ പി മറിയുമ്മ. സ്ഥാനമൊഴിഞ്ഞ ശേഷം തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആരോഗ്യവകുപ്പിലാണ് ഇത് ഏറ്റവും കൂടുതല്‍ കണ്ടത്തെിയതെന്നും മറിയുമ്മ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട തസ്തികകള്‍ ജനറല്‍ വിഭാഗങ്ങള്‍ തട്ടിയെടുക്കുകയായിരുന്നെന്നും ഇതില്‍ മിക്ക കേസുകളും തീര്‍പ്പു കല്‍പ്പിക്കാന്‍ സാധിച്ചുവെന്നും മറിയുമ്മ പറഞ്ഞു.

സെക്രട്ടറി തലത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചാണ് വ്യാപകമായി അനധികൃത നിയമനം നടന്നത്. യൂനിവേഴ്‌സിറ്റി, എല്‍.ബി.എസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനം, കരാര്‍ നിയമനം എന്നിവയിലും സംവരണ തത്വം പാലിക്കപ്പെടുന്നില്ലെന്നും കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പല മേഖലകളിലും ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ തസ്തിക നേടിക്കൊടുക്കാനായെന്നും മറിയുമ്മ വ്യക്തമാക്കി. ആരോഗ്യ വകുപ്പിലെ 118 സ്റ്റാഫ് നഴ്‌സുമാരാണ് ഇത്തരം നടപടിക്കെതിരെ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ട കേസുകളില്‍ ഇടപെടുകയും ന്യൂനപക്ഷ വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടരെ ഘട്ടംഘട്ടമായി നിയമിക്കുകയുമായണ് ചെയ്തത്.

സംവരണ വിഭാഗത്തില്‍പ്പെട്ട ആളെ ലഭിച്ചില്ലങ്കിലും മറ്റുള്ള വിഭാഗങ്ങളില്‍ നിന്ന് അത് നികത്താന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ പ്രത്യേക പരീക്ഷ നടത്തി ആളുകളെ തെരഞ്ഞെടുത്ത് നിയമന ഉത്തരവ് നല്‍കിയിട്ടും ഒഴിവില്ലാത്തതിനാല്‍ പലര്‍ക്കും ജോലിയില്‍ പ്രവേശിക്കാനാകാത്ത അവസ്ഥയുണ്ടായി.
പള്ളി, ചര്‍ച്ച്, ഖബര്‍സ്ഥാന്‍, സെമിത്തേരി എന്നിവ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനസ്ഥാപിക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി അവര്‍ അറിയിച്ചു. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് പള്ളിക്കും ചര്‍ച്ചിനുമെല്ലാം ജില്ലാ ഭരണ കൂടത്തെ സമീപിക്കേണ്ട അവസ്ഥയുള്ളതെന്ന് മറിയുമ്മ ചൂണ്ടിക്കാട്ടി. 2010-11 കാലഘട്ടത്തിലാണ് ഈ നിയമം നടപ്പാക്കിയത്. അപേക്ഷകളില്‍ ജില്ലാ ഭരണ കൂടങ്ങള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ ക്രമസമാധാന പ്രശ്‌നമുണ്ടെന്ന റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കുന്നത്. ഇതു മൂലം ഒട്ടേറെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. റിട്ട. ഹൈക്കോടതി ജഡ്ജിയെ അധ്യക്ഷനാക്കി കമ്മീഷന്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് കമ്മിഷനില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മറിയുമ്മ പറഞ്ഞു.