കാലിക്കറ്റില്‍ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധന പിന്‍വലിക്കും

Posted on: June 14, 2016 6:13 am | Last updated: June 14, 2016 at 1:14 am
SHARE

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് വര്‍ധന സിന്‍ഡിക്കേറ്റ് പിന്‍വലിച്ചു. സര്‍വകലാശാല എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസിലടക്കം വരുത്തിയ വര്‍ധനയും പിന്‍വലിച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റംഗം അഡ്വ. പി എം നിയാസ് കണ്‍വീനറും സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി പി അഹ്മദ്, ഡോ. ഫാത്തിമത്ത് സുഹ്‌റ, ഡോ. സലാഹുദ്ദീന്‍ അംഗങ്ങളുമായ ഉപസമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായും മറ്റും കൂടിയാലോചന നടത്തി ഉപസമിതി തയ്യാറാക്കി വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പത്ത് ശതമാനം ഫീസ് വര്‍ധന പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. വരും വര്‍ഷങ്ങളിലും പത്ത് ശതമാനം ഫീസ് വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.
സര്‍വകലാശാല പഠനവകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നതിന് ഉപസമിതി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു. സര്‍വകലാശാല പഠനവകുപ്പുകളിലും സ്വകാര്യ എയ്ഡഡ് കോളജുകളിലും അധ്യാപക നിയമനത്തിന് ബി എഡ് യോഗ്യതക്ക് വെയിറ്റേജ് നല്‍കേണ്ടെന്നും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഒരു സ്വാശ്രയ കോളജില്‍ നിന്ന് മറ്റൊരു സ്വാശ്രയ കോളജിലേക്ക് വിദ്യാര്‍ഥികള്‍ക്ക് മാറ്റം നല്‍കുന്നതിന് സ്റ്റാറ്റിയൂട്ടില്‍ നിയമഭേഭഗതി വരുത്താനും തീരുമാനം. ഇത്തരത്തില്‍ ഒരു വിദ്യാര്‍ഥിക്ക് കോളജ് മാറ്റം അനുവദിച്ചതിനെ തുടര്‍ന്നാണിത്.
വിവിധ കോഴ്‌സുകള്‍ക്ക് നല്‍കാവുന്ന പരിധിക്കപ്പുറം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കരുതെന്ന് തൃശൂര്‍ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. വിദൂര പഠനവിഭാഗത്തിന് കീഴിലെ എം എസ് സി കൗണ്‍സിലിംഗ് വിദ്യാര്‍ഥികള്‍ക്ക് 100 രൂപ ഫീസ് ഈടാക്കി സര്‍വകലാശാല പഠനവകുപ്പില്‍ പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. സര്‍വകലാശാല അസിസ്റ്റന്റുമാരുടെ പ്രൊബേഷന്‍ കാലയളവ് ഒരു വര്‍ഷമായി നിശ്ചയിച്ചു.
കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ ദേശീയ യൂത്ത് കായിക മേള സംഘടിപ്പിക്കുന്നതിന് സഹായ സഹകരണങ്ങള്‍ നല്‍കിയ സര്‍വകലാശാല കായിക പഠനവിഭാഗം വിദ്യാര്‍ഥികള്‍ക്ക് മൂന്ന് ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
ഇതിന് പുറമേ പുതിയ കോളജുകള്‍ക്കും കോഴ്‌സുകള്‍ക്കും അനുമതി നല്‍കി. എന്നാല്‍ സമാന വിഷയത്തില്‍ ബിരുദ കോഴ്‌സുള്ള കോളജുകളില്‍ മാത്രം അതേ വിഷയത്തില്‍ ബിരുദാനന്തര കോഴ്‌സ് നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു. ക്യാമ്പസിലെ തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് കോഴിക്കോട് കോര്‍പ്പറേഷന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹായം തേടും.
30 സ്വീപ്പര്‍ കം സ്‌കാവഞ്ചര്‍ തസ്തിക 60 പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയാക്കി മാറ്റിയ നടപടിയില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പ് ഉന്നയിച്ച തടസവാദങ്ങള്‍ വിശദപഠനത്തിനായി മാറ്റിവച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ബി എ ഇംഗ്ലീഷ്, എം എ ഹിസ്റ്ററി സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചില്ല. സര്‍വകലാശാലയുടെ തൃശൂര്‍ അരണാട്ടുകരയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഈ അധ്യയന വര്‍ഷം മുതല്‍ അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്‍സിയുടെ സഹകരണത്തോടെ 40 സീറ്റില്‍ എം ബി എ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് തുടങ്ങുന്നതിന് സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. ബയോടെക്‌നോളജിയില്‍ എന്‍ നിത്യക്ക് ഡോക്ടറേറ്റ് നല്‍കി.