പ്രതിസന്ധി രാജ്യങ്ങളില്‍ തണലേകി ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്വര്‍ ഒന്നാമത്

Posted on: June 11, 2016 8:20 pm | Last updated: June 11, 2016 at 8:20 pm

ദോഹ: പ്രതിസന്ധികള്‍ നേരിടുന്ന രാജ്യങ്ങളില്‍ ഇടപെടുകയും ദിരിതം പേറുന്ന ജനതക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന മാനുഷിക പ്രവര്‍ത്തനങ്ങളിലൂടെ മികച്ച പ്രവര്‍ത്തനം നടത്തുന്ന രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ ഖത്വര്‍ ഏറെ മുന്നിലെത്തി. ഗള്‍ഫില്‍ ഖത്വറാണ് ഒന്നാമത്. ദ ഗുഡ് കണ്‍ട്രി ഇന്‍ഡക്‌സ് എന്ന പേരിലുള്ള പട്ടികയില്‍ ലോകാടിസ്ഥാനത്തില്‍ 58ാം സ്ഥാനത്താണ് രാജ്യം.
വിവിധ മേഖലകലില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന രാജ്യങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. 163 രാജ്യങ്ങളുള്‍പ്പെട്ടതാണ് പട്ടിക. പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലെ ഇടപെടലുകളാണ് ഖത്വറിന്റെ മുന്നേറ്റത്തിനു സഹായിച്ചത്. ശാസ്ത്ര സാങ്കേതിക രംഗം, ആരോഗ്യം, ക്ഷേമ സമത്വം എന്നിവയും പരിഗണനാഘടകങ്ങളായിരുന്നു. യമന്‍, നേപ്പാള്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ സമീപകാലത്തു നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഖത്വറിനെ പട്ടികയില്‍ മുന്നേറാന്‍ സഹായിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ഖത്വര്‍ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വന്നത്.
ഗള്‍ഫില്‍ രണ്ടാംസ്ഥാനത്ത് യു എ ഇയാണ് (64), തുടര്‍ന്ന് ഒമാന്‍ (80), സഊദി അറേബ്യ (90), കുവൈത്ത് (98), ബഹ്‌റൈന്‍ (101) എന്നീ രാജ്യങ്ങളും വരുന്നു. 2014ലെ പട്ടികയുമായുള്ള താരതമ്യത്തില്‍ നിര്‍ണായകമായ വളര്‍ച്ചയാണ് ഖത്വര്‍ കൈവരിച്ചത്. 2014ല്‍ എല്ലാ ഗള്‍ഫ് നാടുകള്‍ക്കും പിറകിലായിരുന്നു ഖത്വര്‍. കഴിഞ്ഞ വര്‍ഷവും പട്ടിക മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ ഈ വര്‍ഷം ആകെ മാറ്റം വരികയായിരുന്നു. സ്വീഡന്‍, ഡന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് പട്ടികിലെ ആദ്യ മൂന്നു സ്ഥാനങ്ങളില്‍. മുന്‍ വര്‍ഷത്തേക്കാള്‍ 38 രാജ്യങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയാണ് പുതിയ പട്ടിക തയാറാക്കിയിരിക്കുന്നത്. ലോക ഓര്‍ഡറില്‍ 118ാം സ്ഥാനത്തു നിന്ന് 65ലേക്കും ഹെല്‍ത്ത് വിഭാഗത്തില്‍ 78ല്‍ നിന്ന് 33ലേക്കും ഖത്വര്‍ പട്ടികയില്‍ ഉയര്‍ന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ലോക ഓര്‍ഡര്‍ പരിഗണിക്കുന്നത്. ജനസംഖ്യാ വര്‍ധനയും യു എന്‍ ഉടമ്പടികളും പരിഗണിക്കുന്നു. ആരോഗ്യവിഭാഗത്തില്‍ ഭക്ഷ്യസഹായം, മറ്റു മാനുഷിക പ്രവര്‍ത്തനങ്ങള്‍, സന്നദ്ധ സേവനം തുടങ്ങി ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖയനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കുന്നു. ഖത്വര്‍ കൂടുതല്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നില്ലെങ്കിലും ഭക്ഷണം എത്തിക്കുന്നതില്‍ ഖത്വര്‍ കാണിക്കുന്ന ജാഗ്രത ഈ വിഭാഗത്തിലും മുന്നിലെത്താന്‍ സഹായിച്ചു. പുതിയ കണക്കുകള്‍ അനുസരിച്ച് യമന്‍, ഏതോപ്യ, നേപ്പാള്‍, സിറിയ രാജ്യങ്ങളില്‍ ഭക്ഷണമെത്തിക്കുന്നതിന് ഖത്വര്‍ ചെലവിട്ടത് 84 ദശലക്ഷം ഡോളറാണ്. സിറിയന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കും ഇറാഖ്, തുര്‍ക്കി എന്നിവിടങ്ങളിലെ അഭയാര്‍ഥികള്‍ക്കും ഖത്വര്‍ സഹായമെത്തിച്ചു. ഖത്വര്‍ റെഡ് ക്രസന്റ് വഴിയായിയിരുന്നു വിതരണം.
അതേസയമം ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ ചില വിഭാഗങ്ങളില്‍ ഖത്വര്‍ പിറകോട്ടു പോയി. സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ 41 സ്ഥാനങ്ങളാണ് രാജ്യത്തിന് നഷ്ടമായത്. നിരവധി വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുകയും നിരവധി അക്കാദമിക് ജേണലുകള്‍ പ്രസിദ്ധീകരിക്കുകയും പേറ്റന്റിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലം ഈ വിഭാഗത്തില്‍ ഖത്വറിന് നില മെച്ചപ്പെടുത്താനായിട്ടില്ല. ഗ്ലോബല്‍ കോണ്‍ട്രിബ്യൂഷന്‍ വിഭാഗത്തിലും ഖത്വര്‍ റാങ്ക് പിറകോട്ടു പോയി. മാധ്യമ സ്വാതന്ത്ര്യത്തിലും സഞ്ചാര സ്വാതന്ത്ര്യത്തിലുമാണ് ഖത്വര്‍ പിറകിലായത്.