ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണം: യുഎസ് കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി

Posted on: June 9, 2016 5:23 am | Last updated: June 9, 2016 at 9:35 am
SHARE

Modi-US-Congress-AP-380വാഷിംഗ്ടണ്‍: ഏഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തീവ്രവാദമാണെന്നും ഇതിനെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമേരിക്കയുടെ ജനാധിപത്യം ലോകരാജ്യങ്ങള്‍ക്കെല്ലാം പ്രചോദനമാണെന്നും ഇന്ത്യക്ക് അമേരിക്ക നല്‍കിയിട്ടുള്ള സഹായം ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണെന്നും നിറഞ്ഞ കരഘോഷത്തനിടെ പ്രധാനമന്ത്രി പറഞ്ഞു.

ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണി. ഞങ്ങളുടെ അയല്‍ക്കാര്‍ തന്നെയാണ് ഈ ദുരവസ്ഥക്ക് കാരണം. ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണം. അതിന് അമേരിക്കയുടെ പിന്തുണ അനിവാര്യമാണ്. മുംബൈ ഭീകരാക്രമണ സമയത്ത് അമേരിക്ക നല്‍കിയ കൈത്താങ്ങ് അവിസ്മരണീയമണ്. ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ദൃഢവും വിശാലവുമായ ബന്ധം സാധ്യമാകുമെന്നും നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് പത്താം തവണയാണ് ഒരു വിദേശ പാര്‍ലിമെന്റിനെ മോദി അഭിസംബോധന ചെയ്യുന്നത്.
യു എസ് കോണ്‍ഗ്രസിന്റെയും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെയും പ്രത്യേക ക്ഷണപ്രകാരമാണ് സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. ആസ്‌ത്രേലിയ, ബ്രിട്ടന്‍, കാനഡ, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ പാര്‍ലിമെന്റുകളില്‍ പ്രധാനമന്ത്രി നേരത്തെ പ്രസംഗിച്ചിരുന്നു.
അഭിസംബോധനക്ക് ശേഷം, യു എസ് സെന്ററിന്റെ വിദേശകാര്യ സമിതിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. അമേരിക്കന്‍ പ്രതിനിധിസഭാ സ്പീക്കര്‍ പോള്‍ റയാന്‍ സംഘടിപ്പിച്ച പ്രത്യേക വിരുന്നിലും നരേന്ദ്ര മോദി പങ്കെടുത്തു.

സന്ദരര്‍ശനത്തിനിടെ യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ഒബാമയുമായി നടത്തുന്ന ഏഴാമത് കൂടിക്കാഴ്ചയാണിത്. വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൈനികേതര ആണവ സഹകരണം, സുരക്ഷ, സൈബര്‍ സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി.

LEAVE A REPLY

Please enter your comment!
Please enter your name here