അവശ്യസാധന വില കുതിക്കുന്നു

Posted on: June 7, 2016 6:00 am | Last updated: June 7, 2016 at 12:48 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് നിനച്ചിരിക്കാതെ വില കയറിയതോടെ സാധാരണക്കാര്‍ ആശങ്കയിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അരിയുടെ വില അഞ്ച് രൂപ വരെ കൂടി. റമസാന്‍ കാലം കൂടി ആയതോടെ സാധനങ്ങളുടെ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഒരാഴ്ചക്കിടെ കുറുവ, പൊന്നി, മട്ട അരി ഇനങ്ങളുടെ വില രണ്ട് മുതല്‍ അഞ്ച് രൂപ വരെയാണ് കൂടിയിരിക്കുന്നത്. റമസാന്‍ ആരംഭിച്ചതോടെ ബിരിയാണി അരിയുടെ വിലയാണ് ഏറ്റവും അധികം കൂടിയിരിക്കുന്നത്. വില അഞ്ച് മുതല്‍ പത്ത് വരെ കൂടി കിലോക്ക് 75 രൂപയായി.
വെളുത്തുള്ളിയുടെ വിലയാണ് ഞെട്ടിക്കുന്നത്. 90ല്‍ നിന്ന് 120 രൂപയാണ് ഒരു കിലോ വെളുത്തുള്ളിക്ക് കൂടിയത്. ഉണക്കമുളകിന് കിലോക്ക് 145 മുതല്‍ 155 രൂപ വരെയാണ് വില. 47 രൂപക്ക് ഒരുകിലോ ശര്‍ക്കര കിട്ടിയിടത്ത് ഒറ്റമാസം കൊണ്ട് എട്ട് രൂപയാണ് കൂടിയിരിക്കുന്നത്.
പച്ചക്കറി വിലയിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 20 മുതല്‍ 30 ശതമാനം വരെ വിലക്കൂടുതലാണ് രണ്ട് മാസത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത്. കൊടും വരള്‍ച്ചയില്‍ ഉണ്ടായ വിളനാശമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. ആഭ്യന്തരവിപണിയില്‍ നിന്നുള്ള ജൈവ പച്ചക്കറികളുടെ വരവു നിലച്ചിരിക്കുകയാണ്.
മലയാളിയുടെ ഭക്ഷണശീലത്തിലെ അവിഭാജ്യ ഇനങ്ങളായ നേന്ത്രപ്പഴം, തക്കാളി, നാടന്‍ പയര്‍, വെണ്ടക്ക എന്നിവയുടെ വിലയാണ് കുത്തനെ ഉയരുന്നത്. രണ്ട് മാസം മുമ്പ് കിലോക്ക് 21 രൂപ വിറ്റ തക്കാളിക്ക് മൊത്തവ്യാപാരവിപണിയിലെ ഇന്നലത്തെ വില 49 രൂപ. കിലോക്ക് 41 രൂപയുണ്ടായിരുന്ന നേന്ത്രപഴത്തിന് ഇപ്പോള്‍ 55 രൂപയാണ്. ഏപ്രില്‍ മാസത്തില്‍ 24 രൂപക്ക് ലഭിച്ച വെണ്ടക്കയുടെ ഇപ്പോഴത്തെ വില 43 രൂപയാണ്. ബീന്‍സിന്റെ വില 95 രൂപയിലെത്തിയിരിക്കുന്നു.
ചൂടാണ് ഇക്കുറി പ്രധാന വില്ലനായത്. കൊടുംചൂടില്‍ വിളവ് കുറഞ്ഞെന്ന് മാത്രമല്ല പല ഇനങ്ങളുടെയും വലുപ്പത്തില്‍ വരെയുണ്ട് വ്യത്യാസം. കൊടും ചൂടിനൊപ്പം തോട്ടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ കഴിയാത്തത് വിളനശിക്കാനും വിളവെടുപ്പ് കുറയാനും കാരണമായിരുന്നു.
കാരറ്റ്, വഴുതന എന്നിവയുടെ കൂടിയ വില ഇപ്പോള്‍ ചെറുതായി കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. മഴ തുടങ്ങിയ സാഹചര്യത്തില്‍ വില താഴേക്കു വരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പക്ഷേ കാലവര്‍ഷം കനത്താല്‍ വീണ്ടും വില കൂടുമെന്ന ആശങ്കയുമുണ്ട്. ആഭ്യന്തരവിപണിയില്‍ നിന്നുള്ള നാടന്‍ ഉത്പന്നങ്ങളുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വെള്ളരി, നാടന്‍ പയര്‍, ഏത്തക്കായ, നാടന്‍ ചേന എന്നിവയുടെ വില കൂടുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here