Connect with us

National

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 24 പേര്‍ കുറ്റക്കാര്‍; 36 പേരെ വെറുതെ വിട്ടു

Published

|

Last Updated

അഹമദാബാദ്: ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കുറ്റാരോപിതരില്‍ 36 പേരെ വെറുതെ വിട്ടു. അഹ്മദാബാദിലെ പ്രത്യേക എസ്‌ഐടി കോടതി ജഡ്ജി പിബി ദേശായിയാണ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി പറയുന്നത്. ശിക്ഷ ജൂണ്‍ ആറിന് പ്രഖ്യാപിക്കും.

കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്കെതിരെ കൊലപാതക്കുറ്റവും 13 പേര്‍ക്കെതിരെ മറ്റു കുറ്റങ്ങളുമാണ് കോടതി ചുമത്തിയിട്ടുള്ളത്. ബിജെപി കോര്‍പറേഷന്‍ കൗണ്‍സിലറായ ബിപിന്‍ പേട്ടല്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ കെജി എര്‍ദ എന്നിവര്‍ വെറുതെ വിട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഒന്‍പത് പേര്‍ 14 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. 5 പേര്‍ വിചാരണക്കിടെ മരിച്ചു. മറ്റുള്ളവര്‍ ജാമ്യത്തിലാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 4 ജഡ്ജിമാരുടെ മുമ്പാകെയാണ് വിചാരണ നടന്നത്. കേസില്‍ 338 പേരെ കോടതി വിസ്തരിച്ചു.

മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫരി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ടത്. 2002ലെ ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് ഗുല്‍ബര്‍ഗയില്‍ നടന്നത്. ജാഫരിയുടെ ഭാര്യ സകിയ ജാഫരിയാണ് 14 വര്‍ഷങ്ങളായി നിയമയുദ്ധം നടത്തുന്നത്.

---- facebook comment plugin here -----

Latest