കേരള മുസ്‌ലിം ജമാഅത്ത് വിദ്യാഭ്യാസ നിധി സമാഹരിക്കുന്നു

Posted on: May 26, 2016 5:40 am | Last updated: May 25, 2016 at 11:42 pm

കോഴിക്കോട്: പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ സമൂഹത്തിലെ മുഴുവനാളുകള്‍ക്കും വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ലക്ഷ്യവുമായി കേരള മുസ്‌ലിം ജമാഅത്ത് വിദ്യാഭ്യാസ നിധി സമാഹരിക്കുന്നു. മതപരമായും സാംസ്‌കാരികമായും നേരിടുന്ന അപചയമാണ് സമൂഹം നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയെന്ന് വിലയിരുത്തിയ മുസ്‌ലിം ജമാഅത്ത് അതിന്റെ പ്രവര്‍ത്തന ഗോദയില്‍ പ്രഥമവും സുപ്രധാനവുമായ പദ്ധതിയായിട്ടാണ് മത, ധാര്‍മിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന് സമയബന്ധിതമായ കര്‍മപദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത.്
ഇതിന്റെ ഭാഗമായി മത വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ഒന്നാം ഘട്ട സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയാകുകയാണ്. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ പുതിയ വിദ്യാഭ്യാസ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും നിലവിലെ മദ്‌റസാ കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന ഭൗതിക സംവിധാനം വിപുലപ്പെടുത്തുന്നതിനും ഈ ക്യാമ്പയിന്‍ വഴി സമാഹരിക്കുന്ന നിധിയില്‍ നിന്ന് ഫണ്ട് അനുവദിക്കും.
ക്യാമ്പയിനിന്റെ ഭാഗമായി മുഴുവന്‍ ജില്ലകളിലും സംഘടനാ കുടുംബത്തിലെ മുഴുവന്‍ ജില്ലാ ഭാരവാഹികളുടെയും സംയുക്ത കണ്‍വെന്‍ഷനുകള്‍ തുടങ്ങി. എമിനന്‍സ് മീറ്റുകളും എക്‌സലന്‍സി ക്ലബ്ബുകളും ഇതിന്റെ ഭാഗമായി ജില്ലാതലങ്ങളില്‍ റമസാനിന് മുമ്പേ പൂര്‍ത്തിയാകും. സയ്യിദ് അലിബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹബീബ് കോയതങ്ങള്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, ഡോ. അബ്ദുല്‍ഹകീം അസ്ഹരി തുടങ്ങിയവര്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഇതു സംബന്ധമായി ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റില്‍ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.