അമിതാഭ് ബച്ചനെ അവതാരകനാക്കിയത് ശരിയായില്ലെന്ന് കോണ്‍ഗ്രസ്‌

Posted on: May 25, 2016 11:49 pm | Last updated: May 25, 2016 at 11:49 pm

ന്യൂഡല്‍ഹി: ബി ജെ പി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മെഗാ ചടങ്ങില്‍ അവതാരകനായി അമിതാഭ് ബച്ചനെ തിരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കള്ളപ്പണക്കേസില്‍ അന്വേഷണം നേരിടുന്ന അമിതാഭ് ബച്ചനെ തിരഞ്ഞെടുത്തത് ധാര്‍മികമായി ശരിയല്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മോദി ഭരണത്തിലേറുന്നതിനു മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു കളളപ്പണം തിരിച്ചു കൊണ്ടു വരികയെന്നത്.
അതേസമയം, ഇപ്പോള്‍ കളളപ്പണക്കേസില്‍ അന്വേഷണം നേരിടുന്ന അമിതാഭിനെ അവതാരകനാക്കുന്നതു വഴി എന്തു സന്ദേശമാണ് മോദി രാജ്യത്തിന് നല്‍കുകയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. എന്നാല്‍ അമിതാഭ് ബച്ചനെ ഒരു നടനെന്ന നിലയിലും മുതിര്‍ന്ന ഒരു പൗരന്‍ എന്ന നിലയിലും ജനങ്ങള്‍ സ്നേഹിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഇന്നാണ് നടക്കുന്നത്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള കളമൊരുക്കാന്‍ രണ്ട് വര്‍ഷത്തെ ഭരണം കൊണ്ടായെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. രണ്ട് വര്‍ഷത്തെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പ്രധാനമന്ത്രി നാല് റാലികളില്‍ സംസാരിക്കും.
ചലച്ചിത്രതാരം അമിതാബ് ബച്ചന്‍ അവതാരകനാകുന്ന പ്രത്യേക വാര്‍ഷികാഘോഷ പരിപാടി ശനിയാഴ്ച രാത്രി ദില്ലിയിലെ ഇന്ത്യാഗേറ്റില്‍ നടക്കും. സരാ മുസ്‌കുരാ ദോ’ എന്ന് പേരിട്ടിരിക്കുന്ന വാര്‍ഷികാഘോഷം എട്ട് മണിക്കൂറുകള്‍ നീണ്ട വമ്പിച്ച പരിപാടികള്‍ അടങ്ങിയതാണ്.
പരിപാടികള്‍ക്ക് കൊഴുപ്പു കൂട്ടാന്‍ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെ ക്ഷണിച്ചതായാണ് വാര്‍ത്തകള്‍. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പട്ടികയിലാണ് ബോളിവുഡിലെ മൂന്ന് ഖാന്‍മാരെയും അതിഥികളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് ഖാന്മാര്‍ക്ക് പുറമേ നടന്മാരായ അമിതാഭ് ബച്ചന്‍, അജയ് ദേവ്ഗണ്‍, സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍, കായിക താരം സൈന നെഹ്‌വാള്‍തുടങ്ങിയവരെയും ക്ഷണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.