സ്വകാര്യ സ്‌കൂളുകള്‍ക്ക് സമയബന്ധിത മൂല്യനിര്‍ണയം

Posted on: May 25, 2016 8:17 pm | Last updated: May 25, 2016 at 8:17 pm

ദോഹ: 2017- 18 അക്കാദമിക് വര്‍ഷം മുതല്‍ സമയബന്ധിതമായി സ്വകാര്യ സ്‌കൂളുകളെ മൂല്യനിര്‍ണയത്തിന് വിധേയമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. നാഷനല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് മൂല്യനിര്‍ണയം നടത്തുകയെന്ന് മന്ത്രാലയത്തിലെ സ്‌കൂള്‍ മൂല്യനിര്‍ണയ ഓഫീസ് ഡയറക്ടര്‍ ഉമര്‍ അല്‍ നഈമ പറഞ്ഞു.
കഴിഞ്ഞ പ്രാവശ്യം 32 സ്വകാര്യ സ്‌കൂളുകള്‍ക്ക് നാഷനല്‍ അക്രഡിറ്റേഷനും 11 സ്‌കൂളുകള്‍ക്ക് ഇന്റര്‍നാഷനല്‍ അക്രഡിറ്റേഷനും ലഭിച്ചു. 14 സ്‌കൂളുകള്‍ നടപടിക്രമങ്ങളിലാണ്. പ്രതിവര്‍ഷം മൂല്യനിര്‍ണയത്തിന് വിധേയമാകുന്ന സ്‌കൂളുകളുടെ എണ്ണം 25ല്‍ നിന്ന് 50 ആക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എജുക്കേഷനല്‍ വൗച്ചര്‍ സിസ്റ്റം ലഭിക്കുന്നതിന് നാഷനല്‍ അക്രഡിറ്റേഷന്‍ നേടിയിരിക്കണം. മൂല്യനിര്‍ണയത്തില്‍ മോശം പ്രകടനം നടത്തുന്ന സ്‌കൂളുകളെ എല്ലാ വര്‍ഷവും മൂല്യനിര്‍ണയത്തിന് വിധേയമാക്കും. മറ്റ് സ്‌കൂളുകളെ മൂന്ന് വര്‍ഷം കൂടുമ്പോഴാണ് മൂല്യനിര്‍ണയം നടത്തുന്നത്. ഇന്‍ഡിപെന്‍ഡന്റ്, പ്രൈവറ്റ് സ്‌കൂളുകളെ മൂല്യനിര്‍ണയം നടത്തുന്നതിന് 560 വിദഗ്ധരെ ഓഫീസില്‍ നിയോഗിച്ചിട്ടുണ്ട്. സമയബന്ധിത മൂല്യനിര്‍ണയം അധ്യാപകന രീതികളും വിദ്യാര്‍ഥികളുടെ പ്രകടനവും മെച്ചപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. സ്‌കൂള്‍ സൗകര്യങ്ങള്‍, അധ്യാപകരുടെ പ്രൊഫഷനല്‍ വളര്‍ച്ച, സ്‌കൂളുകളുടെ ഭരണ നിര്‍വഹണം എന്നിവയും ഇതിലൂടെ മെച്ചപ്പെട്ടു. അടുത്ത ഒക്‌ടോബറില്‍ 36 സ്വകാര്യ, ഇന്‍ഡിപെന്‍ഡന്റ് കിന്‍ഡര്‍ഗാര്‍ട്ടനുകളുടെ മൂല്യനിര്‍ണയം നടത്തും. കുട്ടികളുടെ ഭാഷാ വികാസം, ആശയവിനിമയ കഴിവ്, അടിസ്ഥാന ഗണിതശാസ്ത്ര കഴിവുകള്‍, വ്യക്തിഗത- സാമൂഹിക വികസനം, പഠന കഴിവ്, ശാരീരിക വളര്‍ച്ച തുടങ്ങിയ അടിസ്ഥാനമാക്കിയാണ് മൂല്യനിര്‍ണയം നടത്തുക.