ചില്ലറ വില്‍പ്പന മേഖലയില്‍ ബ്രാന്‍ഡുകളുടെ ഇഷ്ട കേന്ദ്രമായി ഖത്വര്‍

Posted on: May 25, 2016 7:21 pm | Last updated: June 6, 2016 at 6:25 pm

main-qimg-ea90f1a5180be749ac7e96845dcc22b7ദോഹ: വിവിധ ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പന ശാലകളുടെ പ്രധാന കേന്ദ്രമായി ഖത്വര്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 29 ബ്രാന്‍ഡുകളാണ് രാജ്യത്ത് പുതിയ ചില്ലറ വില്‍പ്പനശാലകള്‍ തുറന്നത്. 39 ബ്രാന്‍ഡുകളുമായി യു എ ഇയാണ് തൊട്ടുമുന്നില്‍. മുന്‍നിര റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ സി ബി ആര്‍ ഇയുടെ സര്‍വേ പ്രകാരമാണിത്.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ദോഹയില്‍ നിരവധി വന്‍കിട മാളുകള്‍ ആരംഭിച്ചത് മുന്‍നിര ബ്രാന്‍ഡുകളുടെ സാന്നിധ്യം രാജ്യത്ത് ഉണ്ടാകാന്‍ പ്രധാന കാരണമായതായി സര്‍വേയില്‍ എടുത്തുപറയുന്നു.
യൂറോപ്യന്‍ ചില്ലറ വില്‍പ്പന ശാലകളുടെ സാന്നിധ്യം ഈ വര്‍ഷം ഖത്വറില്‍ വര്‍ധിച്ചിട്ടുണ്ട്. 2015ല്‍ 36.9 ശതമാനം ആയിരുന്നത് ഈ വര്‍ഷം ഇതുവരെ 38.5 ശതമാനം ആയിട്ടുണ്ട്. അതേസമയം, ഏഷ്യന്‍ ചില്ലറ വില്‍പ്പനശാലകളുടെത് മാറ്റമില്ലാതെ 9.8 ശതമാനം ആയി തുടരുകയാണ്. ആഗോളാടിസ്ഥാനത്തില്‍ ചില്ലറ വില്‍പ്പന ശാലകളുടെ സാന്നിധ്യത്തില്‍ ഖത്വറിന് 31 ാം സ്ഥാനമാണ്. ഈ വിഭാഗത്തില്‍ 2015ല്‍ 30.8 ശതമാനം ആയിരുന്നത് ഈ വര്‍ഷം 32.0 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
ഗര്‍റാഫയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തുറന്ന ഗള്‍ഫ് മാള്‍ ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പന ശാലകള്‍ക്ക് വലിയ ഊര്‍ജം നല്‍കിയിട്ടുണ്ട്. ഇഹോപ്, ഓള്‍ഡ് നാവി, റിസര്‍വ്ഡ്, പുണ്ട് റോമ, കോസിബാസി, മിലെന്‍സേന്‍ അടക്കമുള്ള ബ്രാന്‍ഡുകളുടെ ഷോപ്പുകള്‍ തുറന്നു. ഗള്‍ഫ് മാളില്‍ 200 ചില്ലറ വില്‍പ്പന ശാലകള്‍ക്കുള്ള സ്ഥലവും തൊണ്ണൂറായിരം ചതുരശ്ര മീറ്റര്‍ സ്ഥലം വാടകക്ക് കൊടുക്കാനും ഉണ്ട്. ഏറെ സന്ദര്‍ശകര്‍ എത്തുന്ന ലഗൂണ മാളില്‍ മള്‍ബറി, എം മിസ്സോനി, ഐ ഡബ്ല്യു സി ഷഫോസന്‍, കാള്‍ ലഗേര്‍ഫെല്‍ഡ്, ടോറി ബര്‍ച് തുടങ്ങി നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഷോപ്പുകള്‍ ഉണ്ട്.
വിവിധ മാളുകള്‍ ഉടന്‍ ആരംഭിക്കുമെന്നതിനാല്‍ ബ്രാന്‍ഡുകള്‍ ഇനിയും ധാരാളം ഖത്വറില്‍ എത്തുമെന്ന് റിപ്പോര്‍ട്ടില്‍ പ്രതീക്ഷ കല്പിക്കുന്നു. ദോഹയുടെ ചില്ലറ വില്‍പ്പന മേഖല ഇനിയും വികസിക്കുകയും വിപണി വലുപ്പം വര്‍ധിക്കുകയും വാണിജ്യസാധ്യതകളുടെ ആഴവും ഗുണമേന്മയും മെച്ചപ്പെടുകയും ചെയ്യും. ദോഹ ഫെസ്റ്റിവല്‍ സിറ്റി, മാള്‍ ഓഫ് ഖത്വര്‍ തുടങ്ങിയവയടക്കം തുറക്കുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനിടെ 17 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലം വാടകക്ക് ലഭിക്കും.
യുവ ജനസംഖ്യാ വര്‍ധന, ലോകത്തെ ഉയര്‍ന്ന ആളോഹരി വരുമാനം, പ്രവാസികളുടെ മിശ്ര സമൂഹം, വിനോദസഞ്ചാര മേഖലയുടെ വികസനം തുടങ്ങി ഖത്വറിന്റെ നാനാവിധ സവിശേഷതകളുടെ പിന്‍ബലത്തില്‍ ചില്ലറ വില്‍പ്പന മേഖല ഇനിയും പുഷ്ടിപ്പെടും. ഇത് മുന്നില്‍ക്കണ്ട് ആഡംബര ബിസിനസ്, ഫാഷന്‍ ചില്ലറ വില്‍പ്പനക്കാര്‍ ലക്ഷ്യംവെക്കുന്ന വന്‍കിട നഗരങ്ങളില്‍ ദോഹയുമുണ്ട്. ലണ്ടന്‍, മോസ്‌കോ, മാഡ്രിഡ് തുടങ്ങവയുടെ കൂട്ടത്തിലാണ് ദോഹയും ഇടം പിടിച്ചത്. ഈ ഗണത്തില്‍ ദോഹക്ക് വലിയ സാധ്യതയാണ് സര്‍വേ നല്‍കുന്നത്.