Connect with us

National

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പതിമൂന്ന് നഗരങ്ങള്‍ കൂടി

Published

|

Last Updated

ന്യൂഡല്‍ഹി: ലക്‌നോ, വാറങ്കല്‍, പനാജി ഉള്‍പ്പെടെ പതിമൂന്ന് നഗരങ്ങളെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് തലസ്ഥാന നഗരങ്ങളെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിനും തിരഞ്ഞെടുത്തു. ധര്‍മശാല, ഛണ്ഡീഗഢ്, റായ്പൂര്‍, ന്യൂ ടൗണ്‍ കൊല്‍ക്കത്ത, ഭഗല്‍പൂര്‍, പോര്‍ട്ട്ബ്‌ളെയര്‍, ഇംഫാല്‍, റാഞ്ചി, അഗര്‍ത്തല, ഫരീദാബാദ് എന്നീ നഗരങ്ങളാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ടത്. കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്തിന് പുറമെ പാറ്റ്‌ന (ബീഹാര്‍), ഷിംല (ഹിമാചല്‍ പ്രദേശ്), നയാ റായ്പൂര്‍ (ഛത്തീസ്ഗഢ്), ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്), അമരാവതി (ആന്ധ്രാപ്രദേശ്), ബെംഗളൂരു (കര്‍ണാടക) നഗരങ്ങളാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് മത്സരിക്കാന്‍ യോഗ്യത നേടിയത്. പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനായി ജനുവരിയില്‍ നടന്ന ആദ്യ ഘട്ട മത്സരത്തില്‍ യോഗ്യത നേടാതിരുന്ന 23 നഗരങ്ങളില്‍ നിന്നാണ് അതിവേഗ മത്സരത്തിലൂടെ പതിമൂന്ന് നഗരങ്ങളെ തിരഞ്ഞെടുത്തത്.
നഗര മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചതായും വെങ്കയ്യ നായിഡു അറിയിച്ചു. 1.13ലക്ഷം കോടിയായാണ് തുക വര്‍ധിപ്പിച്ചത്.

Latest