മണ്ണാര്‍ക്കാട്ടെ വോട്ട് ചോര്‍ച്ച: ബിജെപി – ബിഡിജെഎസ് ബന്ധം ഉലയുന്നു

Posted on: May 23, 2016 9:14 pm | Last updated: May 24, 2016 at 11:21 am

bjds-bjp-480പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വോട്ട് ചോര്‍ച്ചയെ ചൊല്ലി എന്‍ഡിഎയില്‍ തര്‍ക്കം. ബിഡിജെഎസ് സ്ഥാനാര്‍ഥി കേശവ ദേവ് പുതുമനയ്ക്ക് പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് വോട്ട് പോലും ലഭിച്ചില്ലെന്നത് ബിഡിജെഎസ് – ബിജെപി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. മണ്ഡലത്തില്‍ എന്‍ഡിഎക്ക് ഏറ്റവും ചുരുങ്ങിയത് 30,000 വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ 10,170 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇരുപതിനായിരത്തോളം വോട്ടുകള്‍ എവിടെപ്പോയെന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അഡ്വ. ഷംസുദ്ദീന് ബിജെപി, വോട്ടുകള്‍ മറിച്ചുവെന്ന ആരോപണത്തിന് ശക്തിപകരുകയാണ് എന്‍ഡിഎ നല്‍കുന്ന കണക്കുകള്‍.

മണ്ണാര്‍ക്കാട്ട് ബിജെപിക്ക് മാത്രം പതിനായിരം ഉറച്ച വോട്ടുകളുണ്ടെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. ഇതിന് പുറമെ ബിഡിജെഎസിന് മണ്ഡലത്തില്‍ 5150 മെമ്പര്‍മാരുണ്ട്. എസ്എന്‍ഡിപിക്കും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമാണുള്ളത്. എസ്എന്‍ഡിപി യൂണിയനില്‍ പന്ത്രണ്ടായിരത്തോളം അംഗങ്ങളുണ്ട്. ഇതനുസരിച്ച് 30,000ല്‍ അധികം വോട്ടുകള്‍ എന്‍ഡിഎക്ക് ലഭിക്കണം. എന്നാല്‍ ലഭിച്ചത് വെറും 10170 വോട്ടുകള്‍ മാത്രമാണ്. പെട്ടിയിലായ വോട്ടുകള്‍ തങ്ങളുടെതാണെന്നാണ് ബിജെപിയും എസ്എന്‍ഡിപിയും ഒരു പോലെ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ പരസ്പരം വോട്ട് മറിക്കല്‍ ആരോപിക്കുകയാണ് ഇരുകൂട്ടരും. ഒരു കാര്യം ഉറപ്പാണ്. ചോര്‍ന്ന ഇരുപതിനായിരത്തോളം വോട്ടുകള്‍ കൃത്യമായി അഡ്വ. ഷംസുദ്ദീന്റെ പെട്ടിയില്‍ വീണിട്ടുണ്ട്. പരാജയം ഉറപ്പായ ഘട്ടത്തില്‍ മണ്ണാര്‍ക്കാട്ട് കൊലീബി സഖ്യം രൂപപ്പെട്ടുവെന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുകയാണ് എന്‍ഡിഎയിലെ തര്‍ക്കം.