പത്തുവര്‍ഷം പഴക്കമുള്ള 2000 സിസിക്കുമേല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം

Posted on: May 23, 2016 3:25 pm | Last updated: May 23, 2016 at 3:25 pm

കൊച്ചി: പത്തുവര്‍ഷം പഴക്കമുള്ള 2000 സിസിക്കു മേല്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളുടെ കേരളത്തിലെ ഉപയോഗവും രജിസ്‌ട്രേഷനും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. കൊച്ചിയിലെ ബെഞ്ചിന്റേതാണ് താല്‍ക്കാലിക ഉത്തരവ്. ഒരുമാസത്തിനുള്ളില്‍ ഡീസല്‍ എഞ്ചിന്‍ മാറ്റിയില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുകയും 10,000 രൂപ പിഴ ചുമത്തുമെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍, ചരക്കു ലോറികള്‍ എന്നിവയ്ക്കു വിധി തിരിച്ചടിയാകുമെന്നാണു സൂചന.
ട്രൈബ്യൂണലിന്റെ എറണാകുളം സ്‌പെഷല്‍ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉദ്ഘാടന ദിവസമാണ് വാഹനനിര്‍മാതാക്കള്‍ക്കും ഉടമകള്‍ക്കും കനത്ത തിരിച്ചടിയാകുന്ന ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു മാസത്തെ സമയവും ബെഞ്ച് അനുവദിച്ചിട്ടുണ്ട്. കൊച്ചിയിലെ ലായേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയെര്‍നെസ് ഫോറം നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഡല്‍ഹിയില്‍ ഇത്തരം കാറുകളുടെ വില്‍പന സുപ്രീംകോടതി നിരോധിച്ചിരിക്കുകയാണ്. ഇതിന്റെ ചുവടു പിടിച്ചാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടി.