പുതുക്കാടിന്റെ പ്രതിനിധി ഇനി സംസ്ഥാനത്തിന്റെ തേരാളി

Posted on: May 23, 2016 1:01 pm | Last updated: May 23, 2016 at 1:01 pm

c raveendranathതൃശൂര്‍: അടിയുറച്ച ജനപക്ഷ നിലപാടുകള്‍ക്കും ജനകീയ കൂട്ടായ്മയില്‍ പ്രാവര്‍ത്തികമാക്കിയ വികസന മാതൃകകള്‍ക്കും അഭിവാദനങ്ങളര്‍പ്പിച്ച് വീണ്ടും നെഞ്ചേറ്റുമ്പോള്‍ പുതുക്കാടിന് ഉറപ്പുണ്ടായിരുന്നു നാടിന്റെ പ്രിയ സഖാവ് കേരള ജനതയുടെയാകെ നായകനായിത്തീരുമെന്ന്. വാഗ്ദാനങ്ങളുടെ പെരുമഴയോ വീരവാദങ്ങളോ അല്ല, ജീവിത ദുരിതങ്ങളെ അതിജീവിക്കാന്‍ തങ്ങളെ പ്രാപ്തരാക്കുന്ന ഇച്ഛാശക്തിയുള്ള നേതാവിനെയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ഹൃദയം കൊണ്ട് പ്രഖ്യാപിക്കുകയായിരുന്നു അവര്‍. പോള്‍ ചെയ്ത വോട്ടുകളുടെ പകുതിയിലധികം രവീന്ദ്രന്‍ മാഷെന്ന സിറ്റിംഗ് എം എല്‍ എയുടെ പെട്ടിയിലേക്ക് പ്രവഹിച്ചത് ഏതു തരത്തിലുള്ള ജനപ്രതിനിധിയെയാണ് ജനം ആഗ്രഹിക്കുന്നത് എന്നതിന് വ്യക്തമായ തെളിവായിരുന്നു. അക്ഷരാര്‍ഥത്തില്‍ നാടിന്റെയും നാട്ടുകാരുടെയും ഉള്ളകം തൊട്ടുകൊണ്ടുള്ള ഇടപെടലുകള്‍ പ്രൊഫ. സി രവീന്ദ്രനാഥെന്ന രാഷ്ട്രീയ നേതാവിനെ കൊണ്ടെത്തിക്കുന്നത് സംസ്ഥാനത്തിന്റെ മന്ത്രി പദവിയിലേക്കാണ്. അര്‍ഹതക്കുള്ള അംഗീകാരമല്ലാതെ മറ്റൊന്നുമല്ലിത്. 2006ല്‍ കൊടകരയില്‍ നിന്ന് 19,883 വോട്ടിന്റെ ഭൂരിപക്ഷത്തിന് എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2011ല്‍ പുതിയ മണ്ഡലമായ പുതുക്കാട് നിന്ന് 26,482ന്റെ ഭൂരിപക്ഷത്തിലേക്കെത്തി. ഇത്തവണ പുതുക്കാട് വീണ്ടും രവീന്ദ്രനാഥിനെ ജനപ്രതിനിധിയാക്കിയത് ജില്ലയിലെ തന്നെ റെക്കോഡ് ഭൂരിപക്ഷമായ 38,478 വോട്ടിന്. സംസ്ഥാനത്തെ തന്നെ മികച്ച ഭൂരിപക്ഷങ്ങളിലൊന്ന്.
പാലിയേക്കര ലക്ഷ്മി ഭവനില്‍ പീതാംബരന്‍ കര്‍ത്താവിന്റെയും ലക്ഷ്മിക്കുട്ടിക്കുഞ്ഞമ്മയുടെയും മൂത്ത മകനായി 1955 നവംബര്‍ 22ന് കൊടകര മണ്ഡലത്തിലെ നെന്മണിക്കര പാലിയേക്കരയിലാണ് രവീന്ദ്രനാഥിന്റെ ജനനം. പിതാവ് പന്തല്ലൂര്‍ ജനത യു പി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററാണ്. നിലവില്‍ സി പി എമ്മിന്റെ കൊടകര ഏരിയാ കമ്മിറ്റിയംഗമാണ്. ജൈവകൃഷി പ്രാവര്‍ത്തികമാക്കിയും കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തിയും ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഈ ജനപ്രതിനിധിക്ക് കഴിഞ്ഞു.
അധ്യാപികയായ നെന്മണിക്കര മാളിയേക്കല്‍ മഠത്തില്‍ പ്രൊഫ. വിജയമാണ് ഭാര്യ. ജയകൃഷ്ണന്‍ (സീനിയര്‍ മാനേജര്‍, സി എം ആര്‍ എല്‍ ആലുവ), ഡോ. ലക്ഷ്മീദേവി (ടെക്‌സാസ്, അമേരിക്ക) എന്നിവരാണ് മക്കള്‍. മരുമകന്‍: നന്ദകുമാര്‍ (ടെക്‌സാസ്, അമേരിക്ക) ഇപ്പോള്‍ കേരളവര്‍മ കോളജിനടുത്ത് കാനാട്ടുകരയില്‍ ലക്ഷ്മി ഭവനിലാണ് താമസം. കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.