മുതിര്‍ന്ന സിപിഎം നേതാവ് കെ അനിരുദ്ധന്‍ അന്തരിച്ചു

Posted on: May 23, 2016 9:31 am | Last updated: May 23, 2016 at 9:31 am

k anirudhanതിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും നിയമസഭാ സാമാജികനുമായിരുന്ന കെ അനിരുദ്ധന്‍ (91) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ആറ്റിങ്ങല്‍ എംപി എ സമ്പത്തിന്റെ പിതാവാണ്.

1963ല്‍ തിരുവനന്തപുരത്ത് നിന്നാണ് കെ അനിരുദ്ധന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. മൂന്ന് തവണ എംഎല്‍എയും ഒരു തവണ എംപിയുമായിരുന്നു. ഒരു തവണ മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെതിരെ ജയിലില്‍ കിടന്നു മത്സരിക്കുകയും ചെയ്തു. ഇതോടെ മാധ്യമങ്ങള്‍ കെ അനിരുദ്ധനെ ജയന്റ് കില്ലര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. നവകേരളം, വിശ്വകേരളം,കേരളം എന്നീ പത്രങ്ങളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൊഫ കെ. സുധര്‍മയാണ് ഭാര്യ. എ സമ്പത്ത് എംപി, കസ്തൂരി എന്നിവര്‍ മക്കളാണ്.