മുസ്‌ലിം ലീഗ് മാനം കാത്തെങ്കിലും

Posted on: May 22, 2016 11:57 am | Last updated: May 22, 2016 at 11:57 am

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഐക്യ ജനാധിപത്യമുന്നണിയില്‍ മാനംകാത്ത ഏകകക്ഷി മുസ്‌ലിംലീഗാണ്. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് സീറ്റ് മാത്രമാണ് അവര്‍ക്ക് ഇത്തവണ കുറഞ്ഞത്. മത്സരിച്ച 24 സീറ്റില്‍ 18ലും വിജയിച്ചു. എന്നാല്‍, ഓരോ മണ്ഡലത്തിലും പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണവും ഭൂരിപക്ഷവും പഠനവിധേയമാക്കിയാല്‍ വിജയങ്ങളിലേറെയും സാങ്കേതികം മാത്രമാണെന്നും മുന്‍തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാര്‍ട്ടിയുടെ വോട്ടുകള്‍ വന്‍തോതില്‍ ചോര്‍ന്നതായും കാണാവുന്നതാണ്. പരമ്പരാഗത ലീഗ് കോട്ടകള്‍ പലതും ഇടതുമുന്നണി പിടിച്ചടക്കുകയും ശക്തമായ സ്വാധീനമുണ്ടായിരുന്ന ഒട്ടേറെ മണ്ഡലങ്ങളില്‍ വോട്ടുകളില്‍ ഗണ്യമായ ഇടിവുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ലീഗ് മന്ത്രിമാര്‍ മത്സരിച്ച പെരിന്തല്‍മണ്ണയിലും തിരൂരങ്ങാടിയിലും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 9589 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന പെരിന്തല്‍മണ്ണയില്‍ 579 വോട്ടിനും 5828 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മഞ്ചേശ്വരത്ത് 89 വോട്ടിനും ലീഗ് സ്ഥാനാര്‍ഥികള്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. തിരൂരങ്ങാടിയില്‍ 2011ല്‍ 30208 ഭൂരിപക്ഷമായിരുന്ന സ്ഥാനത്ത് അബ്ദുര്‍റബ്ബ് ഇത്തവണ വിജയിച്ചത് 6043ന്റെ ഭൂരിപക്ഷത്തിനാണ്. 24165 വോട്ടുകള്‍ കുറഞ്ഞു. കോട്ടക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങളുടെ ഭൂരിപക്ഷം 15042 ആണ്. കഴിഞ്ഞ തവണ ഇവിടെ 35,902 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. 2011ല്‍ 28149 ഭൂരിപക്ഷമുണ്ടായിരുന്ന കൊണ്ടോട്ടിയില്‍ ടി വി ഇബ്രാഹീമിന്റെ ഭൂരിപക്ഷം 10,654 ആയി ചുരുങ്ങി. 25,593 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മങ്കടയിലേത് 1508 ആയി കുത്തനെ ഇടിഞ്ഞു. മഞ്ചേരിയിലും മലപ്പുറത്തും വള്ളിക്കുന്നിലും യഥാക്രമം 9463ഉം 8836ഉം 5512ഉം വോട്ടുകള്‍ കുറഞ്ഞു. അബദുര്‍റഹ്മാന്‍ രണ്ടത്താണി ഒമ്പതിനായിരത്തോളം വോട്ടിന് വിജയിച്ചതും ഇക്കാലമത്രയും ലീഗിന് മാത്രം അവകാശപ്പെട്ടിരുന്നതുമായ താനൂരില്‍ ഇടത് സ്വതന്ത്രന്‍ വി അബ്ദുര്‍റഹ്മാന്‍ 4918 വോട്ടുകള്‍ക്ക് അട്ടിമറി വിജയം നേടി. ഏറനാട് മണ്ഡലത്തിലെ ഭുരിപക്ഷത്തില്‍ 1647വോട്ടിന്റെ വര്‍ധനവുണ്ടായതാണ് ലീഗിന് ഏക ആശ്വാസം.
കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയമായിരുന്നു 2011ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൈവരിച്ചത്. മത്സരിച്ച 24 സീറ്റില്‍ 20ഉം പിടിച്ചെടുത്തു. ഏഴില്‍ നിന്നായിരുന്നു 20ലേക്കുള്ള കുതിച്ചു ചാട്ടം. മിക്ക സീറ്റിലും മികച്ച ഭൂരിപക്ഷവും നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചവരില്‍ ആദ്യത്തെ മൂന്ന് പേരും ലീഗുകാരായിരുന്നു. മത്സരത്തിനു പോലൂം പ്രസക്തിയില്ലാത്ത വിധം വിജയം നേരത്തെ തീരുമാനിച്ചു കഴിഞ്ഞ ലീഗിന്റെ ഭദ്രമായ കോട്ടകളായിരുന്നു മലപ്പുറത്തെ മണ്ഡലങ്ങളില്‍ ഏറെയും മുന്‍കാലത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മണ്ഡലം കാണാത്ത അന്യസംസ്ഥാനക്കാരനായ സ്ഥാനാര്‍ഥിയെ രാജ്യത്തെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിന് വിജയിപ്പിച്ച പാരമ്പര്യവും ലീഗിനുണ്ട്. ഇന്ന് പക്ഷേ സുരക്ഷിതമെന്ന് പറയാകുന്ന ഒരു സീറ്റ് പോലും പാര്‍ട്ടിക്കില്ല. ഇത്തവണ ചില മണ്ഡലങ്ങളില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറിയത് വിയര്‍പ്പില്‍ കുളിച്ചാണ്. പാര്‍ട്ടി സ്വന്തമായി നടത്തിയ സര്‍വേയില്‍ അപകടം മണത്തറിഞ്ഞ നേതൃത്വം പ്രസ്തുത മണ്ഡലങ്ങളില്‍ അവസാന ഘട്ടത്തില്‍ നടത്തിയ പണം വാരിയെറിഞ്ഞുള്ള അതിശക്തമായ പ്രചാരണത്തിന്റെ ഫലമായാണ് കഷ്ടിച്ചു രക്ഷപ്പെട്ടത്.
മലപ്പുറത്തിനപ്പുറത്ത് ലീഗിന്റെ ശക്തി കൂടുതല്‍ ക്ഷയിച്ചു. കോഴിക്കോട് ജില്ലയില്‍ യു ഡി എഫ് കോട്ടകളെന്ന് കരുതപ്പെട്ടിരുന്ന കൊടുവള്ളിയും തിരുവമ്പാടിയും ഇത്തവണ പാര്‍ട്ടിയെ കൈവിട്ടു. കുറ്റിയാടി ലീഗ് പിടിച്ചെടുത്തത് വലിയ സംഭവമായി അവകാശപ്പെടുന്നുണ്ടെങ്കിലും അവിടുത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളേക്കാളേറെ ചില പ്രാദേശിക പ്രശ്‌നങ്ങളാണെന്നത് അറിയപ്പെട്ടതാണ്. അവരെ മാറ്റി നിര്‍ത്തണമെന്നും ഈ മണ്ഡലത്തില്‍ മത്സരിപ്പിച്ചാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്നും സി പി എം പ്രാദേശിക ഘടകം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതാണ്. അഴീക്കോട് ഷാജി നില അല്‍പ്പം മെച്ചപ്പെടുത്തിയതൊഴിച്ചാല്‍ വടക്കന്‍ ജില്ലകളിലും സ്ഥിതി ആശാവഹമല്ല.
സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിലും പാര്‍ട്ടിയുമായി അവരെ അടുപ്പിക്കുന്നതിലും സംഭവിച്ച പരാജയമാണ് ലീഗിന്റെ ശോഷണത്തിന് മുഖ്യകാരണം. സമുദായത്തിന്റെ പൊതുവേദിയാണ് മുസ്‌ലിംലീഗ്. എല്ലാ വിഭാഗങ്ങളോടും ഒരേ സമീപനമായിരിക്കണം പാര്‍ട്ടിയുടേത്. എന്നാല്‍, ചില മതസംഘടനകളുടെ ഭീഷണിക്ക് വഴങ്ങി മറ്റു ചിലരെ പാര്‍ട്ടി അകറ്റി നിര്‍ത്തുകയാണ്. ഇത് രാഷ്ട്രീയമായി ലീഗിന് ദോഷം ചെയ്യുമെന്ന് ചില പാര്‍ട്ടി പ്രമുഖര്‍ തന്നെ നേതൃത്വത്തെ ഉണര്‍ത്തിയതാണെങ്കിലും ഉപജാപക സംഘത്തിന്റെ വലയങ്ങളെ ഭേദിച്ച് മത, സാമുദായിക സംഘടനകളെ ഒരേ പോലെ കാണാനുള്ള രാഷ്ട്രീയ ബോധവും ആര്‍ജവവും നേതൃത്വത്തിനില്ലാതെ പോയി. ഭരണ രംഗത്ത് സാമുദായത്തിന്റെ പ്രശ്‌നങ്ങള്‍ മുന്നോട്ട് വെക്കുന്നതിലും നേടിയെടുക്കുന്നതിലും പാര്‍ട്ടി കാണിച്ച അലംഭാവവും ഒരു പ്രധാന ഘടകമാണ്. രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ വീറോടെ പൊരുതി നേടുന്ന നേതൃത്വം, അറബിക് സര്‍വകലാശാല പോലെയുള്ള പ്രശ്‌നങ്ങളില്‍ അയഞ്ഞ നിലപാടാണ് സ്വീകരിച്ചത്. ചില ഘടകകക്ഷികളും ഉദ്യോഗസ്ഥ പ്രമുഖരും ഇതിനെതിരെ രംഗത്ത് വന്നപ്പോള്‍ മുസ്‌ലിം താത്പര്യം കണക്കിലെടുത്ത് നേതൃത്വം ഉറച്ച നിലപാട് കൈക്കൊണ്ടിരുന്നുവെങ്കില്‍ അവ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമായിരുന്നു. വോട്ട് ചോര്‍ച്ചയെ സംബന്ധിച്ചു അന്വേഷണം നടത്താന്‍ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. നിഷ്പക്ഷമായ പഠനത്തിലൂടെ അപാകങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കുകയാണെങ്കില്‍ പാര്‍ട്ടിക്കും സമുദായത്തിനും അത് ഗുണം ചെയ്യും.