ഡല്‍ഹിയില്‍ ആഫ്രിക്കന്‍ പൗരന്‍ മര്‍ദ്ദനമേറ്റ് മരിച്ചു

Posted on: May 21, 2016 11:59 am | Last updated: May 22, 2016 at 1:12 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസന്ത്കുഞ്ചില്‍ ആഫ്രിക്കന്‍ പൗരന്‍ മര്‍ദ്ദനമേറ്റ് മരിച്ചു. കോംഗോ രാജ്യക്കാരനായ എംടി ഒലീവിയയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം.

കിഷന്‍ഗന്ധ് പ്രദേശത്ത് താമസിക്കുകയായിരുന്ന ഒലീവിയ വീട്ടിലേക്ക് മടങ്ങിപ്പോകും വഴി ചിലയാളുകള്‍ ഒലീവിയയെ മര്‍ദ്ദിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടിയ ഒലീവിയയെ പിന്തുടര്‍ന്ന് എത്തിയ സംഘം കല്ലുകളും വടികളുമായി ഒലീവിയയെ വീണ്ടും തല്ലിച്ചതച്ചു. ഗുരുതരമായി പരുക്കേറ്റ ഒലീവിയയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പൊലീസ് കൊലപാതകത്തിന് കേസെടുത്തു. അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നൂപുര്‍ പ്രസാദ് പറഞ്ഞു. വംശീയാധിക്ഷേപമാണോ, മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണോ എന്ന് അന്വേഷിക്കുന്നുണ്ട്.

വിദേശഭാഷാ പഠനസ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഒലിവിയ. മരണം സംബന്ധിച്ച് കോംഗോ എംബസിക്ക് വിവരം കൈമാറിയിട്ടുണ്ട്.