ആര്‍എസ്പി അസ്തമിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍

Posted on: May 21, 2016 9:39 am | Last updated: May 21, 2016 at 2:43 pm

കൊല്ലം: ആര്‍എസ്പിയുടെ പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നതാണ് ചവറയില്‍ തോല്‍വിക്ക് കാരണമെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയതുമാണ് സംസ്ഥാനത്തെ വലിയ വീഴ്ച്ചക്ക് കാരണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ചവറയിലുണ്ടായ പരാജയം രാഷ്ട്രീയ വിധിയെഴുത്തല്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി കൊണ്ട് ആര്‍എസ്പി ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്പിയുടെ ശക്തി കേന്ദ്രമായ കൊല്ലം ജില്ലയിലടക്കം ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് സാധിച്ചില്ല. കേരള നിയമസഭയില്‍ 1957 ന് ശേഷം ഇതാദ്യമായാണ് ആര്‍എസ്പി യുടെ സാന്നിദ്ധ്യം ഇല്ലാതാകുന്നത്. കൊല്ലം ജില്ലയില്‍ ആര്‍എസ്പിയെ മാറ്റി നിര്‍ത്തി ഒരു തിരഞ്ഞെടുപ്പ് ചരിത്രമുണ്ടായിട്ടില്ല. എന്നാല്‍ ഈ ചരിത്രം വെറും ചരിത്രമായി മാറുമ്പോള്‍ പാര്‍ട്ടിയുടെ പ്രാധാന്യം ചോദ്യം ചെയ്യപ്പെടുകയാണ്.

സിറ്റിംഗ് സീറ്റുകളായ ചവറ, ഇരവിപുരം, കുന്നത്തൂര്‍ എന്നിവയ്ക്ക് പുറമെ തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് മത്സരിച്ചത്.