Connect with us

Kerala

കെ ടി ജലീലിന് സാധ്യത; മലപ്പുറത്തിന്റെ മന്ത്രിമഹിമ മായും

Published

|

Last Updated

മലപ്പുറം: അഞ്ച് മന്ത്രിമാരുണ്ടായിരുന്ന മലപ്പുറത്ത് ഇനി മന്ത്രിമാരെ കാണാന്‍ മഷിയിട്ട് നോക്കേണ്ടി വരും. പോലീസ് എസ്‌കോര്‍ട്ടോടെ മന്ത്രി വാഹനങ്ങള്‍ മലപ്പുറത്തെ നിരത്തുകളിലൂടെ ചീറിപ്പായുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനങ്ങള്‍ക്ക് കാഴ്ചയല്ലാതായി മാറിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, പി കെ അബ്ദുര്‍റബ്ബ് എന്നീ മുസ്‌ലിംലീഗ് മന്ത്രിമാരും എ പി അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ് എന്നി കോണ്‍ഗ്രസ് മന്ത്രിമാരുമുള്ള വി ഐ പി ജില്ലയായിരുന്നു മലപ്പുറം. ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ള ജില്ലയെന്ന സവിശേഷതയുമുണ്ടായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം മലപ്പുറത്തിന്.
സംസ്ഥാനത്ത് ഭരണ മാറ്റമുണ്ടായതോടെ ജില്ലയിലെ മന്ത്രിമാരുടെ എണ്ണം ഒന്നായി ചുരുങ്ങും. നാല് സീറ്റുകളാണ് ഇത്തവണ മലപ്പുറത്ത് ഇടതുപക്ഷം നേടിയത്. ഇതില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചത് പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണന്‍ മാത്രമാണ്. തവനൂരില്‍ കെ ടി ജലീല്‍ വിജയിച്ചെങ്കിലും സ്വതന്ത്രനായാണ് മത്സരിച്ചത്. നിലമ്പൂരില്‍ നിന്ന് വിജയിച്ച പി വി അന്‍വറും താനൂരില്‍ വി അബ്ദുര്‍റഹ്മാനും സ്വതന്ത്രന്‍മാരാണ്. പി ശ്രീരാമകൃഷ്ണന്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗമാണെങ്കിലും ജലീലിന് നറുക്ക് വീഴാനാണ് സാധ്യത.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയെന്ന നിലയില്‍ കെ ടി ജലീല്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു കൊണ്ടുള്ള ഏക മന്ത്രിയാകുമെന്നാണ് കരുതുന്നത്. ജില്ലയില്‍ നിന്ന് വിജയിച്ച ഇടതുപക്ഷ സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ ഭൂരിപക്ഷം നേടിയതും ജലീലാണ്. 17064 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലീല്‍ തവനൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. അതേസമയം എറണാകുളം ജില്ലയിലെ വൈപ്പിന്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് കൂടിയായ എസ് ശര്‍മ, തൃപ്പൂണിത്തറ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എം സ്വരാജ് എന്നിവരില്‍ ആര്‍ക്കാണ് മന്ത്രിസ്ഥാനം ലഭിക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാകും മലപ്പുറത്തെ മന്ത്രിസ്ഥാനം പരിഗണിക്കുക. നിലമ്പൂര്‍ സ്വദേശിയായ എം സ്വരാജ് മന്ത്രിയായാല്‍ ജില്ലയുടെ പ്രാതിനിധ്യം അദ്ദേഹത്തില്‍ ഒതുങ്ങും. മറിച്ച് ശര്‍മക്ക് മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കില്‍ ജലീലിന് സാധ്യത കൂടുകയും ചെയ്യും. ഇതിനെല്ലാം പുറമെ ബി ജെ പിയും സംഘ്പരിവാര്‍ ശക്തികളും സംസ്ഥാനത്ത് വേരോട്ടമുറപ്പിക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളെ കൂടുതലായി പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ജലീലിനെ മന്ത്രിയാക്കുന്നതിലൂടെ കഴിയുമെന്ന വിലയിരുത്തലിലാകും സി പി എം നേതൃത്വം എത്തുക. ആര്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കണമെന്നതിനെ കുറിച്ച് 23ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടാകും.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ തരംഗമുണ്ടായെങ്കിലും ജില്ലക്ക് ഒരു മന്ത്രിയെ മാത്രമാണ് ലഭിച്ചത്. പൊന്നാനി മണ്ഡലത്തില്‍ നിന്ന് വിജയിച്ച പാലോളി മുഹമ്മദ് കുട്ടിയെ തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയാണ് മന്ത്രിയാക്കിയത്. മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

Latest