യു ഡി എഫും ബി ജെ പിയും

Posted on: May 21, 2016 5:29 am | Last updated: May 21, 2016 at 12:31 am

അപ്രതീക്ഷിത തോല്‍വി, പരാജയത്തിന്റെ കാരണങ്ങള്‍ പാര്‍ട്ടിയും മുന്നണിയും പരിശോധിക്കും, ഇപ്പോഴുണ്ടായ തിരിച്ചടി താത്കാലിക പ്രതിഭാസം മാത്രമാണ്, ഇതിലും വലിയ തിരിച്ചടികളുണ്ടായിട്ടും കോണ്‍ഗ്രസ് തിരിച്ചുവന്നിട്ടുണ്ട് – തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിക്കൊണ്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പല ഘട്ടങ്ങളിലായി പ്രതികരിച്ചതിനെ ഇങ്ങനെ ചുരുക്കിയെഴുതാം. ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെ വിലയിരുത്തുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ആത്മവിശ്വാസത്തിന്റെ പ്രതീകം പോലെ കൊണ്ടുനടന്ന, സ്വയം സൃഷ്ടിക്കുന്ന, വിക്കല്‍ ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടായിരുന്നതേയില്ല.
തോല്‍വി അപ്രതീക്ഷിതമായത് ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ വാക്കില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കും മാത്രമായിരിക്കണം. യു ഡി എഫ് അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ഉറപ്പായിരുന്നു. കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും മുതിര്‍ന്ന നേതാക്കളില്‍ പലരും ഭരണത്തുടര്‍ച്ച അസാധ്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിനിടെ സ്വന്തമാക്കിയ ആരോപണ സമ്പത്തിനെ കവച്ചുവെക്കാന്‍ പാകത്തിലുള്ള കരുതല്‍ വികസനരംഗത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നില്ല. ഉണ്ടാക്കിയെന്ന് അവകാശപ്പെട്ട വികസനങ്ങളൊക്കെ പല സര്‍ക്കാറുകളുടെ കൈമറിഞ്ഞ് എത്തിയതാണെന്ന തിരിച്ചറിവ് വോട്ടര്‍മാര്‍ക്കുണ്ടെന്ന ബോധ്യം ഒരുപക്ഷേ, ഉമ്മന്‍ ചാണ്ടിക്ക് മാത്രമേ ഇല്ലാതിരുന്നുള്ളൂ. അതുകൊണ്ടാണ് അദ്ദേഹം, ജയിക്കുന്ന 77 സീറ്റുകള്‍ പേരെഴുതി പോക്കറ്റിലിട്ട് നടന്നിരുന്നത്.
പാര്‍ട്ടിയും മുന്നണിയും എത്രത്തോളം പ്രതിരോധത്തിലാണ് എന്നതിന്റെ കണക്കെടുക്കുന്നതിന് പകരം എതിര്‍പക്ഷത്തിന് എത്രത്തോളം ദൗര്‍ബല്യമുണ്ടെന്ന് അളക്കാനും അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയാനും ഉമ്മന്‍ ചാണ്ടി ശ്രമിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പതിവുള്ള തര്‍ക്കങ്ങള്‍ ആവര്‍ത്തിക്കാന്‍ പാകത്തിലുള്ള ആത്മവിശ്വാസം അദ്ദേഹത്തിന് ലഭിച്ചതും ഈ തന്ത്രം ഫലിക്കുമെന്ന പ്രതീക്ഷയില്‍ നിന്നാണ്. വെള്ളാപ്പള്ളി നടേശന്‍ രൂപവത്കരിച്ച ബി ഡി ജെ എസ്സിനെയും ഹിന്ദു സമുദായ സംഘടനകളില്‍ പലതിന്റെയും നേതാക്കളെയും ചേര്‍ത്ത് ബി ജെ പി, എന്‍ ഡി എ ശക്തമാക്കുന്നതോടെ ഇടതുപക്ഷം, പ്രത്യേകിച്ച് സി പി എം, കൂടുതല്‍ ദുര്‍ബലമാകുമെന്ന് ഉമ്മന്‍ ചാണ്ടി കണക്ക് കൂട്ടിയിരുന്നു. ഇടതുപക്ഷം അധികാരത്തിന് പുറത്തിരിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയമോഹങ്ങള്‍ക്ക് മുളയേകാന്‍ പറ്റിയ സാഹചര്യമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) കണക്ക് കൂട്ടുന്നതും കോണ്‍ഗ്രസിനെയാണ് തുണക്കുകയെന്നും ഉമ്മന്‍ ചാണ്ടി വിലയിരുത്തിയിട്ടുണ്ടാകണം. ഈ അനുകൂല സാഹചര്യത്തിനൊപ്പം മുസ്‌ലിം ലീഗിന്റെ വീഴാത്ത കോട്ടകള്‍ കൂടിച്ചേര്‍ന്നാല്‍ ഭരണത്തുടര്‍ച്ചയല്ലാതെ മറ്റെന്ത് സംഭവിക്കും കേരളത്തില്‍? സൃഷ്ടിച്ചെടുക്കുന്ന വിക്കലിന്റെ അകമ്പടിയോടെ ആരോപണങ്ങള്‍ക്ക് തെളിവെന്ത് എന്ന് ചോദിക്കാനും അത്തരം ആരോപണങ്ങളെ ജനം തള്ളിക്കളയുമെന്ന് തറപ്പിച്ച് പറയാനും ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിച്ചത് ഈ ആത്മവിശ്വാസമാണ്.
അഴിമതിയും സ്വജനപക്ഷപാതവും സാമൂഹിക ഘടനയുടെ ഭാഗമായ ഇടമാണ് കേരളം. ചെറുതും വലുതുമായ അഴിമതികളുടെ ഭാഗമാണ് ഏറെക്കുറെ മലയാളികളെല്ലാം. അതുകൊണ്ടുതന്നെ അധികാരസ്ഥാനത്തുള്ളവര്‍ക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ കഴമ്പുണ്ടാകുമെന്ന വിലയിരുത്തലിലേക്ക് നമ്മള്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരും. ബാര്‍ കോഴയിലും സോളാര്‍ തട്ടിപ്പിലുമൊക്കെ ശബ്ദമായും ദൃശ്യമായുമൊക്കെ പുറത്തുവന്ന പൊട്ടും പൊടിയുമൊക്കെ അവര്‍ തെളിവായി സ്വീകരിക്കുകയും ചെയ്യും. ഇതൊക്കെ ഈ വ്യവസ്ഥയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞുവെന്ന ‘പുരോഗമന നാട്യം’ എടുത്തണിയുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ അവയെയെല്ലാം ഗൗവരത്തോടെ കാണുന്നവരായി തിരിയുകയും ചെയ്യും. 2006ലെയും 2011ലെയും തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് ഉമ്മന്‍ ചാണ്ടി പഠിക്കാതെ പോയ പാഠമാണിത്.
ഇ അഹമ്മദൊഴിച്ചുള്ള യു ഡി എഫ് സ്ഥാനാര്‍ഥികളൊക്കെ പരാജയപ്പെട്ടതാണ് 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. പിന്നീട് നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യു ഡി എഫ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയം ആവര്‍ത്തിച്ചു. അവിടെ നിന്നൊക്കെ തിരിച്ചുവന്നിട്ടുണ്ട് കോണ്‍ഗ്രസും യു ഡി എഫും. 2009ലെ ലോക് സഭാ തിരഞ്ഞെടുപ്പും 2010ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പും തിരിച്ചുവരവുകളുടെ സാക്ഷിയാണ്. തിരിച്ചടി താത്കാലികമെന്ന് ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നത് ഈ ചരിത്രങ്ങളുടെ പിന്‍ബലത്തിലാണ്. എന്നാല്‍ അന്നത്തെ സ്ഥിതിയാണോ ഇപ്പോഴെന്ന് ആലോചിക്കേണ്ടതുണ്ട്.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിന് പുറത്താണ്, കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയും അല്ലാതെയും സംഘ് പരിവാരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്ര ഭരണത്തിന്റെ അനുകൂല്യവും അത് പ്രദാനം ചെയ്യുന്ന സമ്പത്തും ഉപയോഗപ്പെടുത്തി കേരളത്തില്‍ വേരാഴ്ത്താന്‍ ബി ജെ പി ശ്രമിക്കുന്നു. വേരുറപ്പിക്കാന്‍ പാകത്തിലുള്ള വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള മാര്‍ഗങ്ങള്‍ വേറെയും തേടുന്നുണ്ട്. വെള്ളാപ്പള്ളി നടേശന്റെ ബി ഡി ജെ എസ്സും ശ്രീശാന്ത് മുതല്‍ സി കെ ജാനു വരെയുള്ള സ്ഥാനാര്‍ഥിപ്പട്ടികയും ആ മാര്‍ഗങ്ങളില്‍ ചിലതായിരുന്നു. ഹൈന്ദവ സമുദായത്തില്‍ പൊതുസ്വീകാര്യതയുള്ള ഒന്നായി എന്‍ ഡി എ (ബി ജെ പി) മാറിയിരിക്കുന്നുവെന്ന് പറയാതെ പറയുകയാണ് സംഘ് പരിവാരം. ഇതിനോട് വിയോജിക്കാന്‍ രൂപപ്പെടുന്ന ന്യൂനപക്ഷ ധ്രുവീകരണം പോലും തങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുമെന്ന് അവര്‍ കരുതുന്നു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് ശതമാനം വോട്ടാണ് ബി ജെ പിക്ക് കേരളത്തിലുണ്ടായിരുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് പത്ത് ശതമാനമായി ഉയര്‍ന്നു. 2015ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ 13 ശതമാനത്തോളം വോട്ട് നേടിയ ബി ജെ പി, ഈ തിരഞ്ഞെടുപ്പിലത് പതിനഞ്ച് ശതമാനത്തോളമാക്കിയിരിക്കുന്നു. 2015വരെ ബി ജെ പിയുടെ വോട്ടുകള്‍ മഞ്ചേശ്വരത്തും നേമത്തും മാത്രമേ ഇരു മുന്നണികളുടെയും തലവേദനയായി മാറിയിരുന്നുള്ളൂ. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി കൂടുതല്‍ വോട്ടുകള്‍ പിടിച്ചപ്പോള്‍ പരാജയം സി പി എമ്മിനായിരുന്നു. ബി ഡി ജെ എസ്സിന്റെ സാന്നിധ്യം ബി ജെ പിക്ക് സമ്മാനിക്കുന്ന വോട്ടുകള്‍ ഈഴവ സമുദായത്തില്‍ സി പി എമ്മിനുള്ള സ്വാധീനത്തില്‍ നിന്നായിരിക്കുമെന്ന് കൂടി കണക്കുകൂട്ടിയപ്പോള്‍ സംസ്ഥാനത്ത് പലേടത്തും അരുവിക്കര ആവര്‍ത്തിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ സ്വപ്‌നത്തില്‍ അര്‍ഥമുണ്ടായിരുന്നു. ഈ കണക്കുകൂട്ടലാകെ തെറ്റിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
ബി ജെ പി വോട്ട് അധികം പിടിച്ച മണ്ഡലങ്ങളിലൊക്കെ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വന്‍ പരാജയം രുചിച്ചു. ഈ വോട്ടുകള്‍ തിരിച്ചുപിടിക്കുകയും ഇനി സംഭവിക്കാനിരിക്കുന്ന ഒഴുക്കിനെ തടഞ്ഞു നിര്‍ത്തുകയും ചെയ്താലേ തിരിച്ചടി താത്കാലികമാണ് കോണ്‍ഗ്രസ് തിരിച്ചുവരും എന്നതുപോലുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രതീക്ഷകള്‍ സഫലമാകൂ. തിരിച്ചുപിടിക്കലും ഒഴുക്കു തടയലും വേണമെങ്കില്‍ ശക്തമായൊരു സംഘടനാ സംവിധാനവും രാഷ്ട്രീയ വിദ്യാഭ്യാസ പരിപാടിയും കോണ്‍ഗ്രസിനുണ്ടാകണം. എക്കാലത്തെയും പോലെ ഇന്നും കോണ്‍ഗ്രസ് ഒരു ആള്‍ക്കൂട്ടം മാത്രമാണ് ഇപ്പോഴും, നേതൃതലത്തിലും പ്രവര്‍ത്തക തലത്തിലും. വിശാലമായ ജനാധിപത്യം നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെട്ട് ചെറുത് മുതല്‍ വലുത് വരെയുള്ള നേതാക്കള്‍ സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് അഭിപ്രായ പ്രകടനം നടത്തുന്ന ആള്‍ക്കൂട്ടം. അതിലൊരു മാറ്റമുണ്ടാകുകയും ചിട്ടയായി പ്രവര്‍ത്തിക്കുന്ന ഒന്നായി കോണ്‍ഗ്രസ് പാര്‍ട്ടി മാറുകയും ചെയ്താലേ തിരിച്ചുവരവെന്ന സാധ്യതയെക്കുറിച്ച് പോലും അവര്‍ക്ക് ചിന്തിക്കാനാകൂ.
സ്വന്തം താത്പര്യ സംരക്ഷണം മുഖ്യലക്ഷ്യമായിട്ടാണെങ്കില്‍ കൂടി സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തെ ചിട്ടയുള്ളതാക്കാന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ചില നടപടികള്‍ ആരംഭിച്ചിരുന്നു. അതിനൊക്കെ തടയിടാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും മുന്നിലുണ്ടായിരുന്നു. താഴേത്തലം മുതല്‍ പുനസ്സംഘടന നടത്താന്‍ തീരുമാനിച്ചതിനെ പാതിവഴിയില്‍ മുടക്കിയത്, ഭരണ സംവിധാനത്തെ കുറേക്കൂടി ഉത്തരവാദിത്വമുള്ളതാക്കാനുള്ള ശ്രമങ്ങളെ അവഗണിച്ചത്, അഴിമതി ആരോപണം നേരിടുന്നവരെ മാറ്റിനിര്‍ത്തി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ ഒരുങ്ങിയപ്പോള്‍ തടഞ്ഞത് എന്നിങ്ങനെ പലതുമുണ്ടായി ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടരുടെയും പക്ഷത്തു നിന്ന്. ഉമ്മന്‍ ചാണ്ടിയെയും ഗ്രൂപ്പിനെയും എതിര്‍ക്കുമ്പോള്‍ തന്നെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ സുധീരന്‍ നടത്തിയ നീക്കങ്ങളെ എതിര്‍ക്കുന്നതില്‍ രമേശ് ചെന്നിത്തലയും സംഘവും കൂടെക്കൂടിയിരുന്നു. ഇനിയങ്ങോട്ട് കോണ്‍ഗ്രസില്‍ ആരംഭിക്കാനിരിക്കുന്ന വിലയിരുത്തല്‍/പ്രശ്‌ന പരിഹാര നടപടികളൊക്കെ മേല്‍ക്കോയ്മ നേടാനുള്ള ഗ്രൂപ്പുകളുടെ ശ്രമങ്ങളെ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കാമോ? ഇതുവരെയുള്ള ചരിത്രം അത്തരമൊരു പ്രതീക്ഷ നല്‍കുന്നില്ല. യു ഡി എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് ഇപ്പോഴുണ്ടായ പരാജയം, ഉമ്മന്‍ ചാണ്ടിയുടെ അവകാശവാദങ്ങളെ കവച്ചുവെക്കുന്ന ആശങ്കകള്‍ സമ്മാനിക്കുകയാണ്.
ഒരിടത്ത് ജയിക്കുകയും ഏഴിടത്ത് രണ്ടാമതെത്തുകയും ചെയ്ത ബി ജെ പിക്ക് (എന്‍ ഡി എ) അടുത്ത തിരഞ്ഞെടുപ്പിനെ കൂടുതല്‍ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ സാധിക്കും. അതിനെ വളര്‍ത്താന്‍ പാകത്തിലുള്ള എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ അവര്‍ ആസൂത്രണം ചെയ്യുമെന്നത് കണ്ടറിയണം. സി പി എമ്മിനോട് നേരിട്ട് ഏറ്റുമുട്ടി, സംസ്ഥാനത്തെ യഥാര്‍ഥ പ്രതിപക്ഷം തങ്ങളാണെന്ന് വരുത്താനായിരിക്കും അവര്‍ ആദ്യം ശ്രമിക്കുക. അഞ്ചാണ്ട് പിന്നിടുമ്പോള്‍ ഭരണം മാറുമെന്ന വിശ്വാസത്തില്‍ യു ഡി എഫ് പ്രതിപക്ഷത്തിരിക്കുക കൂടി ചെയ്താല്‍ (കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍ ഡി എഫ് ചെയ്തത് പോലെ) ബി ജെ പിയുടെ (സംഘ്പരിവാരത്തിന്റെ) സാധ്യത ഏറുകയും ചെയ്യും. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍, ആസൂത്രിതമായി സംഘടിപ്പിക്കാനിടയുള്ള അക്രമങ്ങള്‍ ഒക്കെ, വര്‍ഗീയമായി ചൂഷണം ചെയ്യാനും അവര്‍ ശ്രമിക്കുമെന്ന് ഉറപ്പ്.
അത്തരമൊരു അവസ്ഥയെ മുന്നില്‍ക്കാണുന്ന രാഷ്ട്രീയ ബോധമല്ല ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല പ്രഭൃതികളുടേത്. അതാണ് കേരളം നേരിടുന്ന വലിയ അപകടവും. അതിലേക്ക് കേരളത്തെ നയിച്ച നേതാവായി അറിയപ്പെടാതിരിക്കണമെങ്കില്‍ ഉമ്മന്‍ ചാണ്ടി ഏറെ പണിപ്പെടേണ്ടിവരും. അതിന് തയ്യാറാകുമെങ്കില്‍ മാത്രമേ അദ്ദേഹം ഇപ്പോള്‍ പ്രകടിപ്പിക്കുന്ന ശുഭാപ്തി വിശ്വാസം പൊലിക്കുകയുള്ളൂ. ഈ തിരഞ്ഞെടുപ്പ് നല്‍കുന്ന വലിയ അപകടത്തിന്റെ സൂചനകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വം കാര്‍ക്കശ്യം വിടാത്ത നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. ഒരുപക്ഷേ, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, സുധീരാദികളേക്കാള്‍ വലിയ ഉത്തരവാദിത്വം.