സംസ്ഥാനതല ഹജ്ജ് ക്യാമ്പ് 24ന് സ്വലാത്ത് നഗറില്‍

Posted on: May 19, 2016 5:20 am | Last updated: May 19, 2016 at 12:20 am

മലപ്പുറം: ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കായി ഈ മാസം 24ന് സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ക്യാമ്പ്. ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള ഹജ്ജ് കമ്മിറ്റി അംഗം സി പി സൈതലവി ചെങ്ങര എന്നിവര്‍ ക്ലാസെടുക്കും.
ഹജ്ജ്, ഉംറ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത. കൂടാതെ, ലഗ്വേജ്, കുത്തിവെപ്പ്, യാത്രാ സംബന്ധമായ വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെ കുറിച്ചുള്ള വിവരണം എന്നിവയുമുണ്ടാകും. സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. ഹാജിമാര്‍ക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് ക്യാമ്പിനുള്ള രജിസ്‌ട്രേഷന്‍, ഹജ്ജ് ഗൈഡ്, ഗവണ്‍മെന്റ് അറിയിപ്പുകള്‍, മറ്റു വിവരങ്ങള്‍ www.hajcamp.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ക്യാമ്പിനായി സ്വലാത്ത് നഗറില്‍ ഒരുക്കുന്നത്. വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യമുണ്ടാകും. പരിപാടിയുടെ നടത്തിപ്പിനായി 501 അംഗ സന്നദ്ധസേനയെ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്നിന് അനാഥ, അന്ധ- ബധിര- മൂക വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥനയും നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9562451461, 04832738343.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, കണ്‍വീനര്‍ ബഷീര്‍ സഅദി, ഉമര്‍ മേല്‍മുറി, അബ്ദുല്ലത്വീഫ് പൂവത്തിക്കല്‍ പങ്കെടുത്തു.