കനത്ത മഴക്കും കാറ്റിനും സാധ്യത

Posted on: May 19, 2016 6:00 am | Last updated: May 19, 2016 at 12:03 am

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈക്ക് താഴെ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണമാകുക. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കടലാക്രമണം രൂക്ഷമായതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെയും സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിച്ചു.
സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും മണ്ണിടിച്ചിലും മൂലമുള്ള കെടുതികള്‍ നേരിടാന്‍ വിപുലമായ സംവിധാങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നുവരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.