കോഹ്‌ലിക്ക് സെഞ്ച്വറി: റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച വിജയം

Posted on: May 18, 2016 10:10 pm | Last updated: May 19, 2016 at 12:14 am
ഐ പി എല്ലില്‍ വിരാട് കോഹ്‌ലി തന്റെ നാലാം സെഞ്ച്വറിയിലേക്ക്...
ഐ പി എല്ലില്‍ വിരാട് കോഹ്‌ലി തന്റെ നാലാം സെഞ്ച്വറിയിലേക്ക്…

ബെംഗളുരു: ഒരു ബോളറെയും ഭയമില്ലാതെ, അനായാസം കളിക്കുന്ന വിരാട് കോഹ്‌ലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കുമെന്ന് ഇംഗ്ലണ്ട് മുന്‍ പേസര്‍ ഡൊമിനിക് പറഞ്ഞ് നാവെടുത്തില്ല, അതാ വരുന്നു ഐ പി എല്ലില്‍ വിരാട് കോഹ്‌ലിയുടെ നാലാം സെഞ്ച്വറി.
ഒരു ഐ പി എല്‍ സീസണില്‍ ഏറ്റവുമധികം സെഞ്ച്വറി എന്ന റെക്കോര്‍ഡ് കോഹ്‌ലി സ്വയം തിരുത്തിക്കുറിച്ച് മുന്നേറുന്ന കാഴ്ച. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ നിര്‍ണായക മത്സരത്തിലാണ് കോഹ്‌ലി 50 പന്തില്‍ 113 റണ്‍സുമായി തകര്‍ത്താടിയത്. പന്ത്രണ്ട് ഫോറും എട്ട് സിക്‌സറും ഉള്‍പ്പെടുന്ന കോഹ്‌ലിയുടെ മാസ്മരിക ഇന്നിംഗ്‌സിന്റെ ബലത്തില്‍ ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത പതിനഞ്ചോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സടിച്ചു. മഴ കാരണം തടസപ്പെട്ട മത്സരം പതിനഞ്ചോവറാക്കി ചുരുക്കുകയായിരുന്നു. 32 പന്തില്‍ 73 റണ്‍സടിച്ച വിന്‍ഡീസ് താരം ക്രിസ് ഗെയിലും കൊടുങ്കാറ്റായി. എട്ട് സിക്‌സറും നാല് ഫോറുകളും ഗെയിലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഡിവില്ലേഴ്‌സ് പൂജ്യത്തിന് പുറത്തായി.
ആറ് പന്തില്‍ പതിനാറ് റണ്‍സുമായി ലോകേഷ് രാഹുല്‍ പുറത്താകാതെ നിന്നു. സന്ദീപ് ശര്‍മയുടെ പന്തില്‍ മില്ലര്‍ പിടിച്ചാണ് കോഹ്‌ലി പുറത്തായത്. ഒരു ഐ പി എല്‍ സീസണില്‍ ഏറ്റവുമധികം റണ്‍സെന്ന റെക്കോര്‍ഡും വിരാട് കോഹ്‌ലി തന്റെ പേരിലാക്കി. സ്ഥിരതയാര്‍ന്ന പ്രകടനവുമായി കോഹ്‌ലി തന്റെ ടീമിനെ പ്ലേ ഓഫിലേക്ക് അടുപ്പിക്കുകയാണ്.