ടുണീഷ്യന്‍ പ്രസിഡന്റ് ദോഹയില്‍; സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് ഇന്നെത്തും

Posted on: May 18, 2016 6:51 pm | Last updated: May 20, 2016 at 7:46 pm
ടുണീഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ ബാജി ഖാഇദ് അസ്സിബ്‌സിയെ  വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു
ടുണീഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ ബാജി ഖാഇദ് അസ്സിബ്‌സിയെ
വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു

ദോഹ: ടുണീഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ ബാജി ഖാഇദ് അസ്സിബ്‌സി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ദോഹയിലെത്തി. ഹമദ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ഖത്വര്‍ ധനകാര്യമന്ത്രി അലി ശരീഫ് അല്‍ ഇമാദി, ടുണീഷ്യയിലെ ഖത്വര്‍ അംബാസഡര്‍ അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹുമൈദി, ദോഹയിലെ ടുണീഷ്യന്‍ അംബാസഡര്‍ സലാഹ് അല്‍ സാലിഹി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ടുണീഷ്യന്‍ പ്രസിഡന്റുമായി സുപ്രധാന വിഷയങ്ങളിലെ പരസ്പര സഹകരണം സംബന്ധിച്ച ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളുമായി നിരവധി സഹകരണ കരാറുകളില്‍ ഒപ്പിടുമെന്നു കരുതുന്നു.
ഖത്വറുമായുള്ള പരസ്പര സഹകരണത്തിലും ബന്ധത്തിലും ടുണീഷ്യക്ക് അതീവ താല്പര്യമുണ്ടെന്ന് ഖത്വര്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് അല്‍ ബാജി വ്യക്തമാക്കിയിരുന്നു. ഖത്വര്‍ സന്ദര്‍ശനം പരസ്പര സഹകരണം കൂടുതല്‍ വ്യാപകവും ശക്തവുമാക്കാന്‍ ഉപകരിക്കുമെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഖത്വര്‍ അമീറിന്റെ ടുണീഷ്യ സന്ദര്‍ശനം തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമാ ഇന്ന് ദോഹയിലെത്തും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അദ്ദേഹം വരുന്നതെന്ന് ക്യു എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും അദ്ദേഹം നാളെ ഔദ്യോഗിക ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചായിരിക്കും ചര്‍ച്ച.