സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകും: മുഖ്യമന്ത്രി

Posted on: May 18, 2016 12:45 pm | Last updated: May 18, 2016 at 9:41 pm

OOMMEN CHANDYതിരുവനന്തപുരം: യു.ഡി.എഫിന് സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴുള്ള ആത്മവിശ്വാസം തനിക്ക് ഇപ്പോഴുമുണ്ട്. മുന്നണിക്ക് എത്ര സീറ്റ് ലഭിക്കുമെന്ന് ഇപ്പോള്‍ പറയുന്നില്ല. യു.ഡി.എഫ് മികച്ച വിജയം കൈവരിക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കേരള മനസ് ബിജെപിയുടെ അജണ്ടയോടപ്പം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്‌സിറ്റ് പോളിന്റെ കൗണ്ടിങ് അല്ല വ്യാഴാഴ്ച നടക്കുന്നത്. ജനം വോട്ട് ചെയ്തതാണ് നാളെ എണ്ണുന്നത്. ആ കൗണ്ടിങ്ങില്‍ യു.ഡി.എഫിന്റെ വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തിലേറിയാല്‍ യു.ഡി.എഫിന്റെ മുഖ്യമന്ത്രി ആരാകുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉമ്മന്‍ചാണ്ടി തയാറായില്ല. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പ്രസ്താവന വ്യക്തിപരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ അത്യാവേശപൂര്‍വ്വമാണ് തെരഞ്ഞെടുപ്പ് പക്രിയയില്‍ പങ്കെടുത്തത്. തുടര്‍ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷമാണ് ഉയര്‍ന്ന പോളിംഗ് ശതമാനം പ്രതിഫലിപ്പിക്കുന്നതെന്നാണ് തന്റ വിശ്വാസമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ടു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുടനീളം യുഡിഎഫിനോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുകയും സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ്ങ് ബൂത്തിലേക്കെത്തുകയും ചെയ്ത എല്ലാ മലയാളികള്‍ക്കും നന്ദിയറിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.