Connect with us

Kerala

മണ്ണാര്‍ക്കാട്ടെ കനത്ത പോളിംഗ്: പ്രതിഷേധ വോട്ടുകള്‍ നിര്‍ണായകമാകും

Published

|

Last Updated

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പോളിംഗിലുണ്ടായ വര്‍ധനവ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. പോളിംഗില്‍ പ്രകടമായത് കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിഷേധമാണെന്നാണ് വിലയിരുത്തല്‍. ഒന്നര മാസം മുമ്പ് പ്രാചാരണ ഘട്ടം മുതല്‍ മണ്ഡലത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട കല്ലാംകുഴി കൊലപാതകം വോട്ടിംഗിലും പ്രതിഫലിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പോളിംഗില്‍ ആറു ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ മണ്ഡലത്തിലുണ്ടായത്. കഴിഞ്ഞ തവണ 72.87 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 78.14 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി മേഖലയും വനമേഖലയും ഉള്‍പ്പെടുന്ന പ്രദേശത്ത് സാധാരണ നിലയില്‍ പോളിംഗ് വര്‍ധിപ്പിക്കുക പ്രയാസമാണ്. എന്നാല്‍ ഗ്രാമീണ നഗര മേഖലകളില്‍ പോളിംഗില്‍ പ്രകടമായ വര്‍ധനവ് പ്രതിഷേധ വോട്ടായാണ് വിലയിരുത്തപ്പെടുന്നത്.
പ്രാധാന സ്ഥാനാര്‍ഥികളും മുന്നണികളും ഇത്തരമൊരു വിലയിരുത്തലാണ് പങ്കുവെക്കുന്നത്. തദ്ദേശഭരണ തിരഞ്ഞെടുപ്പിനേക്കാള്‍ ആവേശത്തോടെ പല ബൂത്തുകളിലും വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ പങ്കാളികളായത് വ്യക്തമായ സന്ദേശമായാണ് വിലയിരുത്തുന്നത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ നല്ല ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന യു ഡി എഫ് പ്രചാരണം മുറുകിയതോടെ കല്ലാംകുഴി കൊലപാതകം ചര്‍ച്ചയാവുകയും പിറകോട്ടു പോവുകയും ചെയ്യുന്നതാണ് കണ്ടത്. കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസുവും നൂറുദ്ദീനും ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പിടിയിലായ 27 പ്രതികളും മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. പ്രതികളെ ലീഗ് നേതൃത്വവും എം എല്‍ എയും നിയമപരമായും രാഷ്ട്രീയമായും സഹായിച്ചു എന്ന ആക്ഷേപമാണ് മണ്ണാര്‍ക്കാട്ടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഇത്തവണ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമാക്കിയത്.
കൂടാതെ അട്ടപ്പാടി മേഖലയിലെ മൂന്ന് പഞ്ചായത്തുകളായ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലും യു ഡി എഫിന് തിരിച്ചടി നേരിട്ടതായാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച അട്ടപ്പാടി പാക്കേജ് ഉള്‍പ്പെടെയുള്ള ഒന്നും നടപ്പിലാക്കാന്‍ കഴിയാതെ പോയതാണ് ഭരണമുന്നണിക്ക് ഇവിടെ തിരിച്ചടിയായത്. നവജാത ശിശു മരണവും ആദിവാസി ഊരുകളിലെ ദയനീയാവസ്ഥയും സര്‍ക്കാറിനെതിരെയുള്ള വികാരമായി ഇവിടെ പ്രതിഫലിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ഫണ്ടുകള്‍ ബന്ധപ്പെട്ടവര്‍ തട്ടിയെടുത്തെന്ന ആക്ഷേപം പോലും ഇവിടെ നിന്ന് ഉയര്‍ന്നിരുന്നു. ഇതെല്ലാം വോട്ടെടുപ്പില്‍ പ്രകടമായാല്‍ യു ഡി എഫ് വലിയ തിരിച്ചടി നേരിടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 8270 വോട്ടിന് സി പി ഐയിലെ ചാമുണ്ണിയെ തോല്‍പ്പിച്ചാണ് മുസ്‌ലിം ലീഗിലെ ശംസുദ്ദീന്‍ വിജയിച്ചത്. ഇത്തവണ വ്യക്തമായൊരു ആധിപത്യം പ്രവചിക്കാന്‍ പോലും യു ഡി എഫ് നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല യു ഡി എഫ് ജില്ലാ നേതൃത്വം വിജയിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ മണ്ണാര്‍ക്കാട് ഉള്‍പ്പെടുത്താതിരുന്നതും ശ്രദ്ധേയമാണ്.
അലനല്ലൂര്‍, കോട്ടോപാടം, കുമരംപൂത്തൂര്‍ പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭയിലും മികച്ച ഭൂരിപക്ഷം നേടി എല്‍ ഡി എഫ് നേടുന്ന അഗളി, ഷോളയൂര്‍, പൂതൂര്‍, തെങ്കര പഞ്ചായത്തുകളിലെ ലീഡ് മറികടക്കാനാവുമെന്നാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അഗളി, ഷോളയൂര്‍, പൂതൂര്‍, തെങ്കര, കുമരംപൂത്തൂര്‍ പഞ്ചായത്തുകളില്‍ ആധിപത്യം നേടുകയും അലനല്ലൂര്‍, കോട്ടോപാടം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ യു ഡി എഫിനെ ലീഡ് പരമാവധി കുറച്ച് ഇടതുപക്ഷത്തിന് മികച്ച വിജയം നേടാനാവുമെന്നുമാണ് എല്‍ ഡി എഫിന്റെ കണക്കുകൂട്ടല്‍.

Latest